ശ്രുതി പ്രകാശ്
ടോംസ് എഞ്ചിനീയറിംഗ് കോളേജിനെതിരെ വ്യാപക ആരോപണങ്ങളാണ് ഉയരുന്നത്. കോളേജ് ചെയര്‍മാന്‍ ടോം ടി ജോസഫിന്റെ ചരിത്രം കേട്ടാല്‍ അറയ്ക്കും.. പൂര്‍വ്വ വിദ്യാര്‍ത്ഥികളില്‍ പലരും ചെയര്‍മാനെതിരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളാണ് നടത്തുന്നത്. പഠിക്കുന്ന സമയത്ത് പലരും ചെയര്‍മാനെ പേടിച്ച് പലതും മറച്ചുവെയ്ക്കുകയായിരുന്നു.
ചിലര്‍ പ്രതിഷേധിച്ച് പാതിയില്‍ പഠിപ്പ് നിര്‍ത്തി ഇറങ്ങിപ്പോയിട്ടുണ്ട്. പ്രതികരിച്ചാല്‍ പുറത്താക്കുമെന്ന് പേടിച്ച് പല വിദ്യാര്‍ത്ഥികളും ചെയര്‍മാന്റെ പീഡനം ഏറ്റുവാങ്ങി. ഇനിയെങ്കിലും പ്രതികരിച്ചില്ലെങ്കില്‍ മനുഷ്യനായി ജീവിക്കാന്‍ കഴിയില്ലെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ ഫേസ്ബുക്ക് പോസ്റ്റ് വായിച്ചാല്‍ ഞെട്ടും. ഒരു കോളേജില്‍ ഇത്തരത്തിലുള്ള നിയമങ്ങള്‍ എങ്ങനെ അനുവദിക്കും. ഇതൊക്കെ നടക്കുന്നതാണോ എന്നു പോലും തോന്നിപോകും.
സീനിയര്‍ വിദ്യാര്‍ത്ഥികളില്‍ പലരും പ്രതികരിച്ചപ്പോള്‍ അവരുടെ അനുഭവങ്ങള്‍ ഭീകരമായിരുന്നു. അതുകൊണ്ടാണ് പലരും പ്രതികരിക്കാന്‍ മടിച്ചത്. ലക്ഷങ്ങള്‍ മുടക്കി പഠിച്ച് സെക്ഷന്‍-ബി ക്ക് മറ്റൊരു കോളേജ് തേടി പോകുമ്പോള്‍ ഒരു സര്‍ട്ടിഫിക്കറ്റ് പോലും ഇല്ലാത്ത അവസ്ഥ. ഇന്ന് താന്‍ എന്തേലും ആയെങ്കില്‍ അന്നു ഞാന്‍ അവിടെ നിന്നു പോരാന്‍ കാണിച്ച ആര്‍ജവം കൊണ്ട് തന്നെ ആണെന്ന് ഒരു വിദ്യാര്‍ത്ഥി ഫേസ്ബുക്കില്‍ കുറിക്കുന്നു. ഇപ്പോള്‍ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍ എല്ലാം100% ശതമാനം ശരിയാണെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. അവിടെ ആയിരുന്നപ്പോള്‍ പ്രതികരിച്ചില്ല. കാരണം പുറത്താക്കിയാല്‍ എവിടേക്ക് എന്നുള്ളത് ഒരു ചോദ്യ ചിഹ്നം ആയിരിന്നു. പഠിച്ച കോഴ്‌സ് (AMAeSI) എവിടെയാണ് വേറെ ഉള്ളത് എന്നു പോലും അറിയില്ലാരുന്നു. അങ്ങനെ എല്ലാം കണ്ടില്ലെന്നുവെച്ചു.
വിശ്വേശരയ്യ എഞ്ചിനീയറിംഗ് കോളേജ് ആണ് പിന്നീട് ടോംസ് ഓഫ് എഞ്ചിനീയറിംഗ് കോളേജ് ആയത്. ഒരു റെഗുലര്‍ കോഴ്‌സ് അല്ലാത്തതിനാല്‍ ടോം സ്വയം സ്താപിതമായ നിയമങ്ങളില്‍ കോളേജ് നടത്തിയിരുന്നതെന്ന് മറ്റൊരു വിദ്യാര്‍ത്ഥി പറയുന്നു. കോളേജിലെ അസഹനീയമായ നിയമങ്ങളും ചട്ടങ്ങളും കാരണം വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായി. കോളേജ് നഷ്ടത്തില്‍ ആയപ്പോള്‍ ഹോസ്റ്റല്‍ ഫീസും മറ്റും കുത്തനെ വര്‍ധിപ്പിച്ചു. ഇതിനെതിരെ പ്രതികരിച്ചപ്പോള്‍ നിര്‍ത്തിപ്പൊക്കോളാന്‍ പറഞ്ഞു. വീട്ടില്‍ പോലും പോകാന്‍ സമ്മതിക്കില്ല. വീട്ടില്‍ വിളിച്ച് പരാതി പറഞ്ഞെന്ന് അറിഞ്ഞാല്‍ രൂക്ഷ വിമര്‍ശനവും കടുത്ത ശിക്ഷയും.
രാവിലെ 5.30ക്ക് എഴുന്നേല്‍ക്കണം. വാര്‍ഡന്‍ റൂമില്‍ വരും. എണീറ്റില്ലേല്‍ വെള്ളമൊഴിക്കും, കടുത്ത ശകാരം ഇല്ലേല്‍ ബലം പിടിച്ച് എണീപ്പിക്കും. ഇത് കഴിഞ്ഞാല്‍ പ്രാര്‍ത്ഥന, അതിന് രണ്ടാം നിലയില്‍ പോണം. ആറ് നിലയുള്ള ഹോസ്റ്റലില്‍ ലിഫ്റ്റുണ്ടെങ്കിലും വാര്‍ഡന്‍ അല്ലെങ്കില്‍ ടോം അല്ലാതെ വിദ്യാര്‍ത്ഥികള്‍ക്ക് ഉപയോഗിച്ചുകൂടാ. ഹോസ്റ്റലിലെ ഭക്ഷണത്തില്‍ പുഴു, എട്ടുകാലി, പഴുതാര എന്നിവ പലപ്പോഴായി കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇത് റിപ്പോര്‍ട്ട് ചെയ്യുന്നവര്‍ക്കെതിരെ നടപടികളും ശകാരവും ഉണ്ടാവും.
ഹോസ്റ്റലിലെ സ്റ്റടി ടൈമില്‍ റൂമില്‍ ഇരിക്കാന്‍ പാടില്ല. സ്റ്റടി ഹാളില്‍ ഉറക്കം തൂങ്ങിയാല്‍ എണീറ്റ് നിര്‍ത്തിക്കും. വേനല്‍ കാലത്ത് രാവിലെ കുളിക്കാന്‍ പാടില്ല. കുടിവെള്ളത്തില്‍ അഴുക്കിന്റെ അംശം ഉള്ളത് പരാതിപ്പെട്ടാല്‍ അതിനും ശകാരം. വൈകുന്നേരം 6 മണി കഴിഞ്ഞാല്‍ കുളിക്കാന്‍ പാടില്ല. ആറ് കഴിഞ്ഞ് കുളിച്ചതിന് പലരേയും ബാത്‌റൂമില്‍ വാര്‍ഡന്‍ പൂട്ടിയിട്ടിട്ടുണ്ട്.
കോളേജിലേ നിയമങ്ങള്‍ ഇങ്ങനെയും..
1. ആണ്‍കുട്ടികള്‍, പെണ്‍കുട്ടികള്‍ തമ്മില്‍ നോക്കാന്‍ പോലും പാടില്ല. രാവിലെ ക്ലാസ് തുടങ്ങുമ്പേള്‍ ആദ്യം പെണ്‍കുട്ടികള്‍ കയറും. ടീച്ചര്‍ വന്നതിനു ശേഷം ആണ്‍കുട്ടികളും. ആണ്‍കുട്ടികള്‍ പെണ്‍കുട്ടികളുടെ ഭാഗത്തേക്കോ, പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളുടെ ഭാഗത്തേക്കോ നോക്കാന്‍ പാടില്ല.
2. പേനയേ പേപ്പറോ താഴെ വീണാല്‍ പോലും നടപടികള്‍
3.ഷര്‍ട്ടിന്റെ കൈ ഹോസ്റ്റല്‍ മുറിയില്‍ എത്തുന്ന വരെ മടക്കിക്കൂട.
4. പച്ച നിറത്തിലള്ള വസ്ത്രം ഇടാന്‍ പാടില്ല. ഇട്ടാല്‍ നല്ല പച്ചത്തെറി കേള്‍ക്കും
അങ്ങനെ നീണ്ടു കിടക്കുന്നു നിയമങ്ങള്‍.
Post Your Comments