ജാതിക്കും മതത്തിനും അതീതമായി ചിന്തിക്കുന്നവരാകണം കലാപ്രവര്‍ത്തകര്‍. അവരുടെ ഒരു കലാസൃഷ്ടിയെപ്പോലും ജാതിയുടെയോ മതത്തിന്റെയോ പേരില്‍ ആരും തന്നെ വേര്‍തിരിച്ചു കാണുകയോ വിവേചനം രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ല. അതുകൊണ്ടു തന്നെ കലാപ്രവര്‍ത്തകര്‍ എപ്പോഴും പൊതുസമ്മതരുമാണ്. എന്നാല്‍ ഓരോ കലാകാരനും കലാകാരന് എന്ന നിലയില്‍ നിന്നു മാറി മറ്റൊരു വ്യക്തിപരിവേഷത്തിലേക്ക് മാറുമ്പോഴോ സമൂഹത്തില്‍ ഏതെങ്കിലും ഒരു തരത്തില്‍ വേര്‍തിരിവ് സൃഷ്ടിക്കുന്ന ഒരു വിഭാഗത്തിന്റെ വക്താവായി അവരുടെ വേദിയില്‍ സംസാരിക്കുമ്പോഴോ പാലിക്കേണ്ട മിതത്വം സാമാന്യബോധവും ഉണ്ട്. ഇവിടെ സംവിധായകന് കമലുമായി ബന്ധപ്പെട്ട് തുടരുന്ന വിവാദത്തില്‍ കമല്‍ എന്ന സംവിധായകന് കമല്‍ എന്ന വ്യക്തിയായോ കമല്‍ എന്ന ഇടതുപക്ഷ പ്രവര്‍ത്തകനായോ ഇടതുവേദിയില്‍ എത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നീചനെന്നു വ്യക്തിപരമായി അധിക്ഷേപിക്കുന്ന രീതിയില്‍ സംസാരിച്ചതാണ് പ്രശ്നങ്ങള്‍ക്കു തുടക്കം. അതുകൊണ്ടു തന്നെ അദ്ദേഹം രാഷ്ട്രീയപരമായ വിമര്‍ശനം അര്‍ഹിക്കുന്നുണ്ട്.
കമലിനെതിരെ ബി.ജെ.പി പ്രവര്‍ത്തകര്‍ നടത്തിയ പരാമര്‍ശങ്ങളൊക്കെയും കമല്‍ നടത്തിയ പ്രതികരണങ്ങളുടെ തുടര്‍ച്ചയായാണ്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ നീചനെന്നു ഇടതുപക്ഷത്തിന്റെ വേദിയില്‍ നിന്ന് കമല്‍ ആക്രോശിക്കുമ്പോള്‍ സ്വാഭാവികമായും അതിന് രാഷ്ട്രീയമായി മറുപടി നല്‍കേണ്ടത് നരേന്ദ്രമോദിയാല് നയിക്കപ്പെടുന്ന ബി.ജെ.പിയുടെ നേതാക്കള്‍ തന്നെയാണ്. കമല്‍ എന്ന കലാകാരനെ ഒരിക്കലും ബി.ജെ.പി അധിക്ഷേപിച്ചിട്ടില്ല. എന്നാല്‍ കമല്‍ വിമര്‍ശിക്കുമ്പോള്‍ കൈയ്യടിക്കുകയും കമലിനെ വിമര്‍ശിക്കുമ്പോള്‍ കല്ലെറിയുകയും ചെയ്യുന്ന പ്രവണതയാണ് ഇവിടത്തെ പ്രഖ്യാപിത ഫാസിസ്റ്റ് വിരുദ്ധ പോരാളികളില്‍ കണ്ടു വരുന്നത്. അതിനു തുടര്‍ച്ചയായാണ് ഇന്ന് കമലിന് പിന്തുണയുമായി കൊടുങ്ങല്ലൂരില്‍ നടന്ന ജനകീയ കൂട്ടായ്മയില്‍ പങ്കെടുത്തു സംസാരിച്ച സംവിധായകന് ലാല്‍ ജോസിന്റെ ഭാഗത്തുനിന്നുണ്ടായ പ്രതികരണം. ലാല്‍ജോസ് ക്രിസ്ത്യാനിയായതുകൊണ്ട് ക്രിസ്തുമത വിശ്വാസികള്‍ മാത്രമല്ല നാളിതുവരെ അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ കണ്ടിട്ടുള്ളത്. അദ്ദേഹം ക്രിസ്തുമത വിശ്വാസിയാണ് എന്നുള്ളതുകൊണ്ട് പൊതുസമൂഹം അദ്ദേഹത്തെ കര്‍ത്താവിന്റെ പിന്മുറക്കാരനായി കണ്ടിട്ടുമില്ല. ചലച്ചിത്ര സംവിധായകന് എന്ന നിലയില്‍ തന്നെയാണ് ലാല്‍ജോസ് അറിയപ്പെടുന്നതും. എന്നാല്‍ കമലിന് ഐക്യദാര്‍ഢ്യപ്പെടാനായി സംഘടിപ്പിച്ച വേദിയില്‍ ലാല്‍ജോസ് നടത്തിയ അഭിപ്രായ പ്രകടനം് അദ്ദേഹത്തിന്റെ ഉള്ളിലുള്ള മതവികാരത്തെ തുറന്നുകാട്ടുന്നതായി.
കമലിനോട് പാകിസ്ഥാനിലേക്ക് പോകാന്‍ പറഞ്ഞവര്‍, തന്നെ ഇസ്രായലിലേക്ക് ഓടിക്കുമോ എന്നാണ് ലാല്‍ ജോസിന്റെ പേടി. കര്‍ത്താവ് ജനിച്ചത് ഇസ്രായേലില്‍ ആണല്ലോ എന്ന ന്യായീകരണവും അനുബന്ധമായി ലാല്‍ ജോസ് ചേര്‍ക്കുന്നു. പ്രിയപ്പെട്ട ലാല്‍ജോസ്, താങ്കള്‍ക്ക് ഇസ്രായേലില്‍ പോകണമെന്നുണ്ടെങ്കില്‍ അത് സംഘപരിവാറിന്റെ ചെലവില്‍ വേണോയെന്ന് സ്വയം ആലോചിക്കുക. താങ്കളെ ഇതുവരെ ആരും മതത്തിന്റെ പേരില്‍ വേര്‍തിരിച്ച് കണ്ടിട്ടില്ലെന്നിരിക്കേ, ഒരു പ്രത്യേക മതത്തിന്റെ ആളാണ് താങ്കളെന്ന് ആരും വിമര്ശിക്കാതിരിക്കേ, വിവരക്കേട് വിളിച്ചുപറഞ്ഞതിലൂടെ താങ്കള്‍ സ്വയം അപഹാസ്യനാക്കപ്പെട്ടിരിക്കുന്നു. ചലച്ചിത്രകാരന് എന്നതിനെക്കാള്‍ ക്രിസ്തുമതത്തിന്റെ വക്താവ് ആയി താങ്കള്‍ പൊതുസമൂഹത്തില്‍ അറിയപ്പെടാന്‍ ആഗ്രഹിക്കുന്നുവെന്നും വ്യക്തമാകുന്നു. താങ്കളുടെ ഉള്ളിലുള്ള മതവര്‍ഗീയത കൃത്യമായി വെളിവാക്കപ്പെട്ടിരിക്കുന്നു. അനാവശ്യ വാചക പ്രസ്താവനകളിലൂടെ താങ്കള്‍ക്കൊപ്പം വേദിയില്‍ ഇരുന്നവരുടെയും കൈയ്യടിയാണ് ലക്ഷ്യമിട്ടിരുന്നതെങ്കില്‍, മാധ്യമശ്രദ്ധയാണ് ആഗ്രഹിച്ചിരുന്നെങ്കില്‍, അതൊക്കെ കിട്ടിയെന്ന് സ്വയം മതിപ്പുതോന്നുന്നു എന്നുണ്ടെങ്കില്‍ – ഇന്നുമുതല്‍ പൊതുസമൂഹം വിധിയെഴുതുന്നു, സംവിധായകന്റെ കുപ്പായം അഴിച്ചു വെച്ച് ളോഹയുമിട്ട് താങ്കള്‍ ഇസ്രായലിലേക്കു തന്നെ പോകുക. കാരണം ഇനി താങ്കളെ ഒരു ചലച്ചിത്ര പ്രതിഭയെക്കാള്‍ ഉപരി ഒരു മതവക്താവ് മാത്രമായേ കാണാന്‍ കഴിയുകയുള്ളൂ.
Post Your Comments