ശ്രീനഗര്‍: ബിഎസ്എഫ് ജവാന്റെ വീഡിയോ വൈറലായതോടെ ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള വിമര്‍ശനങ്ങള്‍ ഉയരുകയാണ്. ഇതിനിടയില്‍ ന്യായീകരണവുമായി ബിഎസ്എഫ് രംഗത്തെത്തിയിരുന്നു. ജവാന്‍ മദ്യപാനിയും അച്ചടക്കമില്ലാത്തവനുമാണെന്ന് പറഞ്ഞ് മുഖം രക്ഷിക്കാനാണ് ബിഎസ്എഫ് ശ്രമിച്ചത്. എന്നാല്‍, ബിഎസ്എഫ് ഉദ്യോഗസ്ഥരുടെ ന്യായീകരണത്തെ പൊളിച്ചടുക്കുന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
സൈനികര്‍ക്കുള്ള ഭക്ഷണസാധനങ്ങള്‍ തലപ്പത്തു ഇരിക്കുന്നവര്‍ മറിച്ചു വില്‍ക്കുന്നുവെന്ന ജവാന്റെ വെളിപ്പെടുത്തല്‍ ശരിവെക്കുന്ന വിവരങ്ങളാണ് ഗ്രാമവാസികള്‍ നല്‍കിയത്. ജവാന്‍മാര്‍ക്കുള്ള ഭക്ഷ്യവസ്തുക്കള്‍ പൊതുവിപണിയില്‍ മറിച്ചു വില്‍ക്കുന്നതായി പ്രദേശവാസികളാണ് വെളിപ്പെടുത്തിയിരിക്കുന്നത്. പൊതുവിപണിയില്‍ ഇന്ധനവും,അരിയും ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ വിലകുറച്ച് വിറ്റ് ലാഭം നേടുകയാണെന്നാണ് പ്രദേശവാസികള്‍ ആരോപിക്കുന്നത്. ജമ്മു കാശ്മീരിലെ സൈനിക ക്യാമ്പിനടുത്ത് താമസിക്കുന്ന ജനങ്ങളാണ് ഇതു സംബന്ധിച്ച വെളിപ്പെടുത്തല്‍ നടത്തിയത്.
ഹംഹമയിലെ ബിഎസ്എഫ് ആസ്ഥാനത്തിന് സമീപമുള്ള ചെറുകിട വാണിജ്യക്കാര്‍ക്കും, ശ്രീനഗര്‍ വിമാനത്താവളത്തിനടുത്തുള്ള പ്രദേശവാസികള്‍ക്കുമാണ് ഇന്ധനം കുറഞ്ഞ വിലയില്‍ ലഭിക്കുന്നത്. ജവാന്‍മാര്‍ക്ക് ലഭിക്കേണ്ട പരിപ്പും, ഭക്ഷ്യവസ്തുക്കളും മറ്റ് ആളുകള്‍ക്ക് മറിച്ച് വില്‍ക്കുന്നത് വഴി ജവാന്‍മാരുടെ അവകാശങ്ങള്‍ നിഷേധിക്കുകയാണെന്നും പറയുന്നു. പല മൊത്ത കച്ചവടക്കാരും ഭക്ഷ്യവസ്തുക്കള്‍ ഇവരില്‍ നിന്ന് നേരിട്ട് വാങ്ങുന്നുണ്ടെന്നും പേരു വെളിപ്പെടുത്താതെ ഒരു ജവാന്‍ പറഞ്ഞു. ഓഫീസിലേക്ക് ഗൃഹോപകരണങ്ങള്‍ വാങ്ങുമ്പോള്‍ കമ്മീഷന്‍ ഉള്‍ക്കൊള്ളിച്ചാണ് ഇവര്‍ ബില്ല് തയ്യാറാക്കുന്നതെന്ന് കരാറുകാരും സമ്മതിക്കുന്നു.
ഈ വെളിപ്പെടുത്തലില്‍നിന്ന് ബിഎസ്എഫ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് രക്ഷപ്പെടാനാവില്ല. ജനങ്ങളില്‍ നിന്ന് അറിഞ്ഞ കാര്യങ്ങള്‍ വളരെ ഗൗരവമുള്ളതാണ്.
Post Your Comments