Devotional

ധനുമാസത്തിലെ തിരുവാതിര : ദീര്‍ഘമംഗല്യത്തിന് സ്ത്രീകളുടെ മാത്രമുള്ള ആഘോഷവും ചടങ്ങുകളും

മലയാളി മങ്കമാരുടെ മാത്രമെന്ന് അവകാശപ്പെടാവുന്ന തിരുവാതിര ആഘോഷം ഇന്ന്. ഭര്‍ത്താവിന്റെ ദീര്‍ഘായുസിന് വേണ്ടിയാണ് ശ്രീപരമേശ്വരന്റെ നാളായ തിരുവാതിര ദിനത്തില്‍ സ്ത്രീകള്‍ വ്രതം നോല്‍ക്കുന്നത്. കന്യകമാര്‍ നല്ല ഭര്‍ത്താവിനെ കിട്ടുന്നതിനായും തിരുവാതിര വ്രതം നോക്കാറുണ്ട്.

ഐതിഹ്യങ്ങളേറെയുണ്ട് തിരുവാതിരക്ക്. ശിവ-പാര്‍വതി വിവാഹദിനമാണ് തിരുവാതിരയെന്നും ഐതിഹ്യമുണ്ട്. ശ്രീപാര്‍വതിയുടെ ദാസിയായ യുവതിയുടെ വിവാഹദിനത്തില്‍ തന്നെ ഭര്‍ത്താവ് മരിച്ചു. യുവതിയുടെ വിലാപം സഹിക്കവയ്യാതെ പാര്‍വതിദേവി യുവതിയുടെ ഭര്‍ത്താവിനു ജീവന്‍ നല്‍കണമെന്ന് പരമശിവനോട് ആവശ്യപ്പെട്ട് കഠിന തപസിലേര്‍പ്പെട്ടു. ശിവന്‍ യുവതിയുടെ ഭര്‍ത്താവിന് ജീവന്‍ തിരിച്ചു നല്‍കിയത് ഈ ദിവസമാണെന്നും ശ്രീപരമേശ്വരന്റെ ജന്മദിനമാണെന്നും ഉള്‍പ്പടെ തിരുവാതിരയുടെ ഐതിഹ്യങ്ങളില്‍പ്പെടുന്നു.

27 നാളുകളില്‍ രണ്ട് നാളുകള്‍ക്ക് മാത്രമാണ് ‘തിരു’ എന്ന ബഹുമാന വിശേഷണമുള്ളൂ. വാമന മൂര്‍ത്തിയുടെ ജന്മദിനമായ തിരുവോണത്തിനും ശ്രീപരമേശ്വരന്റെ നാളായ തിരുവാതിരക്കും ഭര്‍ത്താവിന്റെ ദീര്‍ഘായുസിന് വേണ്ടിയാണ് ധനുമാസത്തിലെ തിരുവാതിര വ്രതം. വ്രതാനുഷ്ഠാനങ്ങളുടെ ഭാഗമായി പുലര്‍ച്ചെ ബ്രഹ്മമുഹൂര്‍ത്തത്തില്‍ തന്നെ ചടങ്ങുകള്‍ ആരംഭിയ്ക്കുന്നു.
വ്രതം നോല്‍ക്കുന്ന സ്ത്രീകള്‍ തിരുവാതിര പാടി വെള്ളത്തില്‍ തുടിച്ചു കുളിക്കും. കുളി കഴിഞ്ഞ് കണ്ണെഴുതി ദശപുഷ്പം ചൂടി തിരുവാതിര പാട്ടും കുരവയുമായി വീട്ടിലെത്തിയാല്‍ പാര്‍വതി- പരമേശ്വരന്‍മാരെ പൂജിക്കും. എരിക്ക്, കൊന്ന, ദശപുഷ്പങ്ങള്‍ എന്നിവ ഭഗവാന് ചാര്‍ത്തും. പ്രഭാത ഭക്ഷണത്തിന് ശേഷം പാട്ടുപാടിയുള്ള ഊഞ്ഞാലാട്ടമാണ് പിന്നെ. സന്ധ്യയ്ക്ക് മുന്‍പ് രാത്രി ഭക്ഷണം കഴിക്കണം. സന്ധ്യക്ക് ശേഷം അഷ്ടമംഗല്യത്തില്‍ വാല്‍കണ്ണാടി വെച്ച് അതിനുചുറ്റുമുള്ള തിരുവാതിരക്കളി പാതിരാവരെ നീളും. പാതിരാ പൂചൂടല്‍ എന്നൊരു ചടങ്ങുണ്ട്. അടക്കാമണിയന്‍, കൊടുവേലി എന്നീ പൂക്കളാണ് അതിന് ഉപയോഗിക്കുന്നത്. പൂവ് നേരത്തെ പടിക്കല്‍ കൊണ്ടു വന്ന് വെയ്ക്കും. അഷ്ടമംഗല്യവും നിലവിളക്കുമായി പടിക്കല്‍ നിന്ന് പൂവ് കൊണ്ടുവരും. ശ്രീ പാര്‍വതിയെ പ്രാര്‍ഥിച്ച് പ്രദക്ഷിണം വെച്ചശേഷമാണ് പൂചൂടുന്നത്. ചന്ദ്രനെ നോക്കി നമസ്‌കരിച്ച ശേഷം വെറ്റില മുറുക്കണമെന്നാണ് ചടങ്ങ്. 108 വെറ്റില നിവേദിച്ച് തിരുവാതിര നാള്‍ തീരും മുന്‍പായി മുറുക്കണമെന്നാണ് വിശ്വാസം. പുണര്‍തം നാളില്‍ പുലരും മുന്‍പ് കുളിച്ച് പുതുവസ്ത്രം ധരിച്ച് ക്ഷേത്ര ദര്‍ശനം നടത്തുന്നതോടെയാണ് വ്രതം അവസാനിക്കുന്നത്. ഒരു പെണ്‍കുട്ടി വിവാഹശേഷം ആദ്യം വരുന്ന ധനുമാസത്തിലെ തിരുവാതിരയെ ‘പൂത്തിരുവാതിര’ എന്നാണ് പറയുക. പൂത്തിരുവാതിര ബന്ധുക്കളെയും സുഹൃത്തുക്കളെയും ക്ഷണിച്ച് ഗംഭീരമാക്കും. തിരുവാതിര വ്രതമനുഷ്ഠിച്ച് ശിവ-പാര്‍വതിമാരെ പ്രാര്‍ഥിച്ചാല്‍ കുടുംബത്തില്‍ ഐശ്വര്യവും സന്തോഷവും നിറഞ്ഞു നില്‍ക്കുമെന്നാണ് വിശ്വാസം. അനൈക്യം വര്‍ധിക്കുകയും കുടുംബ ഭദ്രത ചോര്‍ന്നു കൊണ്ടിരിക്കുകയും ചെയ്യുന്ന ഈ കാലഘട്ടത്തില്‍ തിരുവാതിരപോലുള്ള ആഘോഷങ്ങള്‍ക്ക് പ്രസക്തിയേറെയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button