KeralaNews

ജിഷ്‌ണുവിന്റെ ആത്മഹത്യ; കോളജില്‍ വന്‍ സംഘര്‍ഷം

തൃശൂർ: പാമ്പാടി നെഹ്‌റു എന്‍ജിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥി സംഘടനകള്‍ കോളേജിലേയ്ക്ക് നടത്തിയ മാര്‍ച്ചില്‍ സംഘർഷം. കോളേജ് വളപ്പിനുള്ളിൽ കടന്ന എസ്എഫ്ഐ പ്രവർത്തകർ കോളേജ് തല്ലിത്തകർത്തു. പൊലീസ് വലയം ഭേദിച്ച് ഉള്ളിൽ കടന്ന പ്രവർ‌ത്തകരാണ് കോളേജ് അടിച്ചു തകർത്തത്. ഓഫിസ് കെട്ടിടത്തിലെ മുഴുവൻ മുറികളും ക്ലാസ് മുറികളും കന്റീനുമടക്കം തല്ലിത്തകർത്തു.

കോളേജിനകത്തു കടന്ന ഒരു വിദ്യാർഥിയെ അകത്തിട്ടു മർദ്ദിച്ചതോടെയാണ് വിവിധ ഭാഗങ്ങളിൽനിന്നു കൂടുതൽ വിദ്യാർഥികൾ അകത്തേയ്ക്ക് കടന്നത്. സംഭവ സ്ഥലത്തേക്ക് കൂടുതൽ പൊലീസുകാരെ അയച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥിയുടെ മരണത്തെ തുടര്‍ന്ന് അനിശ്ചിതകാലത്തേയ്ക്ക് അടച്ചിട്ടിരുന്ന കോളേജിലേയ്ക്ക് ആദ്യം എബിവിപി പ്രവര്‍ത്തകരും പിന്നീട് കെഎസ്.യുവും തുടര്‍ന്ന് എസ്എഫ്‌ഐ പ്രവര്‍ത്തകരും പ്രകടനമായെത്തി. ശക്തമായ പോലീസ് സന്നാഹവും കോളേജിനു മുന്നിലുണ്ടായിരുന്നു. എബിവിപി മാര്‍ച്ച് സമാധാനപരമായി അവസാനിച്ചെങ്കിലും കെഎസ്.യു, എസ്എഫ്‌ഐ പ്രകടനങ്ങള്‍ അക്രമാസക്തമാവുകയായിരുന്നു. മാനേജുമെന്റിന്റെ പീഡനത്തെത്തുടർന്നു വിദ്യാർഥി ആത്മഹത്യ ചെയ്തതെന്ന് വിദ്യാർഥി നേതാക്കൾ ആരോപിച്ചു. പ്രദേശത്തു വൻ പൊലീസ് സന്നാഹം ക്യാംപ് ചെയ്തിട്ടുണ്ട്. വിദ്യാർഥികൾ കോളേജ് പരിസരത്ത് കുത്തിയിരുന്നു പ്രതിഷേധിക്കുകയാണ്.

കോളേജ് അധികൃതരുടെ പീഡനത്തിൽ മനംനൊന്താണ് വിദ്യാർഥി ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കളും സഹപാഠികളും ആരോപിക്കുന്നു. കോപ്പിയടി കണ്ടെത്തിയതാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് കോളജിന്റെ വിശദീകരണം. എന്നാൽ കോപ്പിയടി സംബന്ധിച്ച് കോളേജ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും സാങ്കേതിക സര്‍വ്വകലാശാല അധികൃതര്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button