ഇന്ത്യയിലെ ഏറ്റവും ധനികനായ വ്യക്തിയായ മുകേഷ് അംബാനിയുടെ ഭാര്യയാണ് നിത അംബാനി. തന്റെയും മുകേഷിന്റെയും പ്രണയം സാഹസം നിറഞ്ഞതായിരുന്നുവെന്നും നിത പറയുന്നു. ”പ്രണയത്തിന്റെ ആദ്യ നാളുകളില്‍ മുകേഷ് എന്നെ കാണാന്‍ എത്തിയിരുന്നത് ബെന്‍സ് കാറിലായിരുന്നു. പിന്നെ കറക്കമായിരിക്കും. ഒരു ദിവസം എനിക്കൊരു കുസൃതി തോന്നി. ഇനി എന്റെയൊപ്പം ബസില്‍ വരണമെന്ന് ഞാന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. പ്രണയപരവശനായ അദ്ദേഹത്തിന് സമ്മതിക്കാതെ തരമില്ലായിരുന്നു. അന്നു മുതല്‍ ഞങ്ങളുടെ പ്രണയം പൂത്തത് ഡബിള്‍ ഡെക്കര്‍ ബസിന്റെ മുകള്‍ ഭാഗത്തെ ആദ്യ സീറ്റിലായിരുന്നു. ജുഹു ബീച്ചിലെ മണല്‍ത്തരികള്‍ വരെ തങ്ങളുടെ പ്രണയത്തിന് സാക്ഷ്യം വഹിച്ചു. ജന്മദിനം ആഘോഷിക്കുന്നത് മുകേഷിന് ഇഷ്ടമല്ല എന്നാല്‍ ഞങ്ങളുടെ നിര്‍ബന്ധത്തിനു വഴങ്ങി 59-ാം ജന്മദിനം അദ്ദേഹം ആഘോഷിച്ചു” – നിത അംബാനി പറയുന്നു.
പ്രൈമറി സ്‌കൂള്‍ അധ്യാപികയായാണ് നിതാ അംബാനി ഔദ്യോഗിക ജീവിതത്തിനു തുടക്കമിടുന്നത്. ആറു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ മാസം തികയാതെ ഇഷയും ആകാശും പിറക്കുന്നതു വരെ അതു തുടര്‍ന്നു. മക്കള്‍ സ്‌കൂളില്‍ പോയിത്തുടങ്ങിയതോടെയാണ് ഗുജറാത്തില്‍ ആരംഭിച്ച പ്രൊജക്ടിന്റെ ചുമതല മുകേഷ് തന്നെ ഏല്‍പ്പിക്കുന്നതെന്ന് നിത പറയുന്നു. ആദ്യം പരിഭ്രമിച്ചെങ്കിലും പതിയെ ആ ഭയം മാറി. അധ്യാപികയായ പരിചയം വച്ചാണ് പിന്നീട് ധീരുഭായ് അംബാനി ഫൗണ്ടേഷന്‍ സ്‌കൂളുകള്‍ ആരംഭിക്കുന്നതെന്നും നിത പറയുന്നു. ഇങ്ങനെ തിരക്കുപിടിച്ച ജോലികള്‍ ചെയ്യുന്നതിനിടയിലും ചെറുപ്പക്കാരിയായിരിക്കാന്‍ നിത ശ്രദ്ധിക്കുന്നു. നൃത്തവും നീന്തലുമാണ് തന്റെ ചെറുപ്പത്തിന്റെ രഹസ്യമെന്ന് ഈ 53കാരി പറയുന്നു.
നിതാ അംബാനിയെന്ന കരുത്തുറ്റ വനിതയുടെ തന്റേടം സാക്ഷാല്‍ ധീരൂഭായ് അംബാനി വരെ അനുഭവിച്ചറിഞ്ഞിട്ടുണ്ട്. അംബാനി കുടുംബത്തിലേക്കുള്ള തന്റെ കടന്നുവരവിനിടയാക്കിയ ആ സംഭവത്തെക്കുറിച്ച് നിത പറയുന്നതിങ്ങനെ. ‘ ഒരു ദിവസം വീട്ടിലേക്ക് ഒരു ഫോണ്‍ വന്നു. ഫോണിന്റെ മറുതലയ്ക്കല്‍ നിന്ന് മുഴക്കമുള്ള ശബ്ദത്തില്‍ ഇങ്ങനെ പറഞ്ഞു. ”ഞാന്‍ ധീരുഭായ് അംബാനിയാണ്”. ഏതോ പൂവാലനാണെന്നാണ് ഞാന്‍ കരുതിയത്. ദേഷ്യത്തോടെ ഞാന്‍ ഫോണ്‍വച്ചു. അല്‍പനേരത്തിനു ശേഷം അദ്ദേഹം വീണ്ടും വിളിച്ചു. ഇത്തവണ ക്ഷമ നശിച്ച ഞാന്‍ മറുപടി പറഞ്ഞത് ഇങ്ങനെ ‘ നിങ്ങള്‍ ധീരുഭായ് അംബാനിയെങ്കില്‍ ഞാന്‍ എലിസബത്ത് ടെയ്ലറാണ്’. അദ്ദേഹം മൂന്നാം തവണ ഫോണ്‍വിളിച്ചപ്പോള്‍ അച്ഛനാണ് ഫോണെടുത്തത്. അപ്പോഴാണ് എനിക്ക് അമളി പറ്റിയെന്ന് മനസിലായത്”. അന്നു തന്നെ അദ്ദേഹം വിചാരിച്ചിരുന്നു ഇവളാണ് തന്റെ മരുമകളെന്നും- നിത പറയുന്നു.
Post Your Comments