NewsIndia

ബെംഗളൂരു പീഡനം കാമുകനുമായി ചേര്‍ന്നുതയ്യാറാക്കിയ നാടകം : കഥയിലെ നായകന്‍ സഹോദരി ഭര്‍ത്താവ്

ബെംഗളൂരു: ബംഗളൂരു നഗരത്തിലെ കെ.ജി. ഹള്ളിയില്‍ നടന്ന ലൈംഗികാതിക്രമം യുവതിയും കാമുകനും ചേര്‍ന്നൊരുക്കിയ നാടകമെന്ന് പോലീസ്. യുവതിയുടെ കാമുകന്‍ ഇര്‍ഷാദ് ഖാനെ (34) ഇതുമായി ബന്ധപ്പെട്ടു പോലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ സഹോദരീഭര്‍ത്താവാണ് ഇര്‍ഷാദ് ഖാന്‍. മൂന്നുവര്‍ഷമായി ഇരുവരും പ്രണയത്തിലായിരുന്നു. യുവതിക്കു വിവാഹാലോചനകള്‍ വന്നതോടെ ഇരുവരും ചേര്‍ന്നൊരുക്കിയ പദ്ധതിയാണ് ലൈംഗിക അതിക്രമം.
കമ്മനഹള്ളിയില്‍ അതിക്രൂരലൈംഗികാതിക്രമത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിനുപിന്നാലെ നടന്ന സംഭവം ബെംഗളൂരു പോലീസിനെ ഏറെ വിമര്‍ശന വിധേയമാക്കിയിരുന്നു. കമ്മനഹള്ളി സംഭവത്തെ മാതൃകയാക്കിയാണ് യുവതിയും കാമുകനും പദ്ധതി തയ്യാറാക്കിയത്.
വെള്ളിയാഴ്ച രാവിലെ ബസ് സ്റ്റോപ്പിലേക്കു നടന്നുപോയ യുവതിയെ യുവാവ് കടന്നുപിടിച്ച് നാവും ചുണ്ടും കടിച്ചുമുറിച്ചതായാണ് പരാതി. യുവാവിന്റെ ദൃശ്യങ്ങള്‍ അടുത്തുള്ള വീട്ടിലെ സി.സി.ടി.വി. ദൃശ്യങ്ങളില്‍ പതിഞ്ഞിരുന്നു. ഇത് ഇര്‍ഷാദാണെന്നു പോലീസ് കണ്ടെത്തി. യുവതി സ്വയം നാവിലും ചുണ്ടിലും മുറിവേല്‍പ്പിക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.
ലൈംഗികാതിക്രമത്തിന് ഇരയായ യുവതിയെ വിവാഹം കഴിക്കുവാന്‍ ആരും തയ്യാറാകില്ലെന്ന് ഇരുവരും കരുതി. അങ്ങനെവരുമ്പോള്‍ സഹോദരിയുടെ ഭര്‍ത്താവ് ഇര്‍ഷാദ് യുവതിയെ വിവാഹം കഴിക്കാന്‍ സന്നദ്ധനായിവരും. തുടര്‍ന്ന് വീട്ടുകാരുടെ സമ്മതത്തോടെ ഇരുവരുടെയും വിവാഹം നടത്താമെന്നായിരുന്നു പദ്ധതി. ഇരുവരുടെയും മൊബൈല്‍ ഫോണ്‍ സംഭാഷണം പോലീസ് പരിശോധിച്ച് കൂടുതല്‍ തെളിവുകള്‍ കണ്ടെത്തി.

യുവതിയെ ഉടന്‍ കസ്റ്റഡിയിലെടുക്കുമെന്ന് സിറ്റി പോലീസ് അഡീഷണല്‍ കമ്മിഷണര്‍ ഹേമന്ത് നിംബാല്‍ക്കര്‍ പറഞ്ഞു. സ്ത്രീകള്‍ ഇവിടെ സുരക്ഷിതരല്ലെന്ന് ആരോപിച്ച് പോലീസിനോട് തട്ടിക്കയറുവാനും മറ്റും ഇര്‍ഷാദും മുന്‍പിലുണ്ടായിരുന്നു. ഇര്‍ഷാദിന്റെ നടപ്പുശൈലിയും സി.സി.ടി.വി. ദൃശ്യത്തിലെ യുവാവിന്റെ നടപ്പും ഒരേപോലെയാണെന്ന് പോലീസ് കണ്ടെത്തി. ഇതാണ് കേസിനു തുമ്പുണ്ടാക്കിയതെന്ന് പോലീസ് വ്യക്തമാക്കി.

shortlink

Post Your Comments


Back to top button