ന്യൂഡല്‍ഹി: ചോര്‍ച്ചയുള്ള കപ്പലില്‍നിന്ന് രക്ഷിക്കണമെന്ന് അഭ്യര്‍ത്ഥിച്ചുള്ള കടലില്‍ കുടുങ്ങിയവരുടെ സന്ദേശം ഫലം കാണുന്നു. വിഷയത്തില്‍ അടിയന്തര ഇടപെടലിന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് നീക്കം തുടങ്ങി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനും 41 ഇന്ത്യക്കാരുടെ ട്വിറ്റര്‍ സന്ദേശമെത്തിയതോടെയാണ് ഈ പ്രശ്‌നം പുറംലോകം അറിയുന്നത്. യു.എ.ഇയിലെ അജ്മാനില്‍ നങ്കൂരമിട്ടിരിക്കുന്ന നാലു കപ്പലുകളിലെ ജീവനക്കാരാണ് ദുരിതമനുഭവിക്കുന്നത്.
ഉടമസ്ഥര്‍ ഉപേക്ഷിച്ചുപോയ കപ്പലുകളില്‍ ചോര്‍ച്ചയുണ്ടായതോടെ മരണത്തെ മുഖാമുഖം കാണുകയാണെന്നു ട്വിറ്റര്‍ സന്ദേശത്തില്‍ പറയുന്നു. പാസ്‌പോര്‍ട്ടുകള്‍ ഉടമസ്ഥരുടെ പക്കലായതിനാല്‍ കരയിലിറങ്ങാനും കഴിയുന്നില്ല. പലര്‍ക്കും 15 മാസത്തിലേറെയായി ശമ്പളം ലഭിച്ചിട്ട്. ഈ സാഹചര്യത്തില്‍ ജീവന്‍ രക്ഷിക്കാന്‍ ഇടപെടണമെന്നാണ് അപേക്ഷ. വൃക്ക മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ശേഷം വിശ്രമത്തിലാണെങ്കിലും വിദേശ കാര്യമന്ത്രി ഇപ്പോഴും പ്രവര്‍ത്തനനിരതയാണ്. അതുകൊണ്ട് തന്നെ പതിവ് പോലെ രോഗക്കിടക്കിയില്‍ കിടന്നും പ്രവാസികളുടെ പരാതിയില്‍ അടിയന്തര ഇപടെലുകള്‍ക്ക് സുഷമാ നിര്‍ദ്ദേശം നല്‍കി.
ജീവനക്കാരുടെ ബന്ധുക്കളും മന്ത്രിമാര്‍ക്കു ട്വിറ്ററില്‍ സന്ദേശമയച്ചിരുന്നു. സഹായാഭ്യര്‍ഥന ശ്രദ്ധയില്‍പ്പെട്ടെന്നും അടിയന്തര നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും സുഷമാ സ്വരാജ് ട്വീറ്റ് ചെയ്തു. ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറലിനെ സമീപിക്കാന്‍ കപ്പല്‍ ജീവനക്കാര്‍ക്ക് റിയാദ് ഇന്ത്യന്‍ എംബസി വഴി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും സുഷമാ സ്വരാജ് അറിയിച്ചു. കപ്പലില്‍ കുടുങ്ങിയവരെ രക്ഷിക്കാന്‍ വേണ്ടത് ചെയ്യാന്‍ കോണ്‍സുലേറ്റിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. യുഎഇ സര്‍ക്കാരുമായി ആശയ വിനിമയം നടത്തി ഇവരെ കരയ്ക്ക് എത്തിക്കാനാണ് നീക്കം. ശമ്പള കുടിശിക വാങ്ങി കൊടുക്കാനും വേണ്ട ഇടപെടല്‍ നടത്തും.
ആശുപത്രിയില്‍ ചികിത്സയിലാണ്, എന്നാല്‍ ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കുന്നതാണ് തനിക്ക് അസുഖമെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് നേരത്തെ വ്യക്തമാക്കിയിരുന്നു. വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്കു ശേഷം ആശുപത്രിയില്‍ വിശ്രമത്തില്‍ കഴിയുന്ന സുഷമാ സ്വരാജ്, ട്വിറ്ററിലൂടെ സുഖാന്വേഷണം നടത്തിയ ആള്‍ക്കാണ് ഇങ്ങനെ മറുപടി നല്‍കിയത്. ഇത് ശരി വയ്ക്കുന്ന തരത്തിലാണ് വിദേശകാര്യമന്ത്രാലയത്തിന്റെ ഓരോ നടപടിയും.
കഴിഞ്ഞ മാസമാണ് സുഷമാ ശസ്ത്രക്രിയയ്ക്ക് വിധേയായത്. എന്നാല്‍ ശസ്ത്രക്രിയയ്ക്കു മുന്‍പും ശേഷവും വിദേശകാര്യ മന്ത്രി എന്ന നിലയില്‍ ആവശ്യമുള്ളവര്‍ക്ക് സഹായങ്ങള്‍ നല്‍കുന്നതില്‍ അവര്‍ വ്യാപൃതയായിരുന്നു. ട്വിറ്ററിലൂടെയും അല്ലാതെയും തനിക്കു ലഭിക്കുന്ന പരാതികളില്‍, സ്വദേശത്തും വിദേശത്തുമുള്ള ഇന്ത്യക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സുഷമാ സ്വരാജ് കാട്ടുന്ന ശുഷ്‌കാന്തി ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.
അങ്ങനെ തനിക്ക് കിട്ടുന്ന ട്വീറ്റുകളിലെല്ലാം അടിയന്തര നടപടിയെടുക്കുകയാണ് സുഷമാ സ്വരാജ്. ഇതു തന്നെയാണ് കപ്പലില്‍ കുടുങ്ങിയ ഇന്ത്യാക്കാര്‍ക്കും സന്ദേശമയക്കാന്‍ പ്രതീക്ഷ നല്‍കിയത്. അത് ഉടന്‍ ഫലം കാണുമെന്നാണ് വിദേശകാര്യമന്ത്രാലയം പറയുന്നത്. സുഷമയോട് കപ്പലിലുള്ളവര്‍ സഹായം അഭ്യര്‍ത്ഥിക്കുന്ന പോസ്റ്ററുമായുള്ള ചിത്രവും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്.
Post Your Comments