തിരുവനന്തപുരം: ശബരിമലയില്‍ ഉദ്യോഗസ്ഥരുടെ കൈയിട്ട് വാരലിന് അറുതിയില്ല. ഏറ്റവും ഒടുവിലായി റിപ്പോര്‍ട്ട് വന്നിരിയ്ക്കുന്നത് ദിവസ വേതനാടിസ്ഥാനത്തില്‍ തൊഴിലാളികളെ നിയമിച്ചെന്ന വ്യാജരേഖയുണ്ടാക്കി ഉന്നതോദ്യോഗസ്ഥര്‍ 54 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസാണ്. കഴിഞ്ഞ മണ്ഡല-മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ചാണ് പല വിഭാഗത്തില്‍പ്പെട്ട തൊഴിലാളികളുടെ പേരില്‍ പണം തട്ടിയത്. ഇതേക്കുറിച്ച് അന്വേഷണം നടത്താന്‍ തീരുമാനിച്ചതോടെ, അത് അട്ടിമറിക്കാനായി ഒരു പ്രമുഖന്റെ നേതൃത്വത്തില്‍ നീക്കവും തുടങ്ങി.
ശബരിമലയില്‍ ഉത്സവത്തോടനുബന്ധിച്ച് ദിവസക്കൂലിക്ക് ജീവനക്കാരെ നിയമിക്കാറുണ്ട്. മാധ്യമങ്ങളില്‍ പരസ്യം നല്‍കി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാണു നിയമനം നടത്തേണ്ടത്. അപേക്ഷകര്‍ പോലീസ് സ്റ്റേഷനില്‍ നിന്നുള്ള സ്വഭാവ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. അതിനുശേഷം ബോര്‍ഡ് നേരിട്ടാണ് താല്‍ക്കാലിക നിയമനം നടത്തുന്നത്. ശബരിമലയിലെ അപ്പം, അരവണ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലും അന്നദാനം ഉള്‍പ്പെടെയുള്ളവയ്ക്കുമായാണ് ഇങ്ങനെ നിയമനം നടത്തുന്നത്. ഇതിനു പുറമേ ശബരിമലയിലെ അഡ്മിനിസ്ട്രേറ്റിവ് ഓഫീസര്‍ക്ക് പലവേല എന്ന വിഭാഗത്തില്‍ ദിവസക്കൂലി ഇനത്തില്‍ താല്‍ക്കാലിക നിയമനം നടത്താം. ശബരിമലയില്‍ വിവിധതരം ജോലികളാണ് ഇവര്‍ ചെയ്യേണ്ടത്. ഒരു സീസണില്‍ പരമാവധി 25 ജീവനക്കാരെയാണ് ഈ വിഭാഗത്തില്‍ നിയമിക്കുന്നത്. ഇവര്‍ക്കു പോലീസ് സ്റ്റേഷനില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല.
2015-ലെ ഉത്സവകാലത്ത് പലവേല വിഭാഗം നിയമനത്തില്‍ ക്രമക്കേട് നടത്തി ലക്ഷക്കണക്കിനു രൂപയാണ് ഉന്നത ഉദ്യോഗസ്ഥന്‍ തട്ടിയെടുത്തത്. 250 പേരെ പലവേല വിഭാഗത്തില്‍ നിയമിച്ചതായി വ്യാജരേഖകളുണ്ടാക്കുകയും ഇവരുടെ 60 ദിവസത്തെ ശമ്പളം എഴുതിയെടുക്കുകയുമായിരുന്നു. 2014-ലെ ഉത്സവകാലത്തും ഈ വര്‍ഷവും 25 പേരെയാണു നിയമിച്ചതെന്ന് രേഖകളില്‍ വ്യക്തമാക്കുന്നു. 225 പേര്‍ക്ക് 60 ദിവസം പ്രതിദിനം 400 രൂപ വീതം നല്‍കിയെന്നാണു വ്യാജരേഖകളുണ്ടാക്കിയത്. അഴിമതി നടന്നെന്നു പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗം കെ. രാഘവന്‍ ദേവസ്വം വിജിലന്‍സിനോട് അന്വേഷണം നടത്താന്‍ നിര്‍ദേശിച്ചു. ഇതോടെ പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെയാണ് അന്വേഷണം അട്ടിമറിക്കാന്‍ ഒരു പ്രമുഖന്റെ നേതൃത്വത്തില്‍ നീക്കം തുടങ്ങിയത്.
Post Your Comments