തിരുവനന്തപുരം: കഴിഞ്ഞ ദിവസം പതിനാറ് പൊലിസ് ജില്ലകളിലും എസ്.പിമാരെ മാറ്റി നിയമിച്ച നടപടി രാഷ്ട്രീയപ്രേരിതമാണെന്ന ആക്ഷേപം ശക്തമാകുന്നു. സി.പി.എം താല്‍പര്യം സംരക്ഷിക്കുന്നവരെ ഉള്‍പ്പെടുത്തിയാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നതെന്നു ചൂണ്ടിക്കാട്ടി ചിലര്‍ സംസ്ഥാന പൊലിസ് മേധാവിക്കു വാട്‌സ്ആപ്പിലും ഫേസ്ബുക്കിലും പരാതി അയച്ചിട്ടുണ്ട്. കണ്ണൂര്‍ എസ്.പിയായിരുന്ന സഞ്ജയ് കുമാറിനെ മാറ്റിയതാണ് കൂടുതല്‍ ആക്ഷേപങ്ങള്‍ക്ക് വഴിവെച്ചിരിക്കുന്നത്. തങ്ങള്‍ക്കുവേണ്ടപ്പെട്ടവരേ മാത്രമേ കണ്ണൂര്‍ എസ്.പി ആക്കൂ എന്നത് ഇന്ത്യന്‍ ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്നും പാര്‍ട്ടി നോക്കാതെ ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന സത്യസന്ധനായ പൊലിസ് ഉദ്യോഗസ്ഥനാണ് സഞ്ജയ് കുമാറെന്നും ഡി.ജി.പിക്ക് ലഭിച്ച ഒരു പരാതിയില്‍ പറയുന്നു.
കഴിഞ്ഞ കുറേ നാളുകളായി സി.പി.എം ജില്ലാ നേതൃത്വത്തിന്റെ കണ്ണിലെ കരടായ സഞ്ജയ് കുമാറിനെ മാറ്റാന്‍ നേരത്തെ രണ്ടുതവണ നീക്കം നടന്നിരുന്നു. ഇടതുസര്‍ക്കാര്‍ അധികാരത്തിലേറിയതിനു പിന്നാലെ പൊലിസിലെ ഇടത് അനുകൂല സംഘടനാ നേതാക്കള്‍ നല്‍കിയ പട്ടിക അനുസരിച്ച് സ്ഥലം മാറ്റാന്‍ സഞ്ജയ് കുമാര്‍ തയ്യാറാകാതിരുന്നതോടെയാണ് അസ്വാരസ്യങ്ങള്‍ക്ക് തുടക്കമായത്. രാഷ്ട്രീയ വിട്ടുവീഴ്ചകള്‍ക്കു പൊലീസിനെ ഉപയോഗിക്കാനാകില്ലെന്നു പാര്‍ട്ടി ജില്ലാ നേതാക്കളോട് സഞ്ജയ്കുമാര്‍ വ്യക്തമാക്കിയിരുന്നു. പയ്യന്നൂരിലെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെതിരേ കാപ്പ ചുമത്തിയതാണ് മറ്റൊരു സംഭവം. ഇതില്‍ പ്രതിഷേധിച്ച് നടത്തിയ ധര്‍ണ ജില്ലാ സെക്രട്ടറി പി.ജയരാജന്‍ പൊലിസ് സ്റ്റേഷന്റെ വാരാന്തയില്‍കയറി ഉദ്ഘാടനം ചെയ്തതും വിവാദമായിരുന്നു.
സഞ്ജയ് കുമാറിനു പകരമായി കണ്‍ഫേര്‍ഡ് ഐ.പി.എസ് ഉദ്യോഗസ്ഥനായ കെ.പി ഫിലിപ്പിനെയാണ് കണ്ണൂര്‍ എസ്.പിയായി നിയമിച്ചിരിക്കുന്നത്. ശ്രീകണ്ഠപുരം, തലശ്ശേരി, കണ്ണൂര്‍, പയ്യന്നൂര്‍ തുടങ്ങിയ സി.പി.എം ശക്തികേന്ദ്രങ്ങളില്‍ എസ്.ഐ ആയും സി.ഐയും പ്രവര്‍ത്തിച്ചിട്ടുള്ളയാണ് കെ.പി ഫിലിപ്പ്. സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരായ കേസുകള്‍ അട്ടിമറിക്കുന്നതിനാണ് ഐ.പി.എസ് ഉദ്യോഗസ്ഥര്‍ക്കു പകരം എസ്.പിയായി കണ്‍ഫേര്‍ഡ് ഐ.പി.എസുകാരെ നിയമിച്ചതെന്ന ആക്ഷേപവും ശക്തമാണ്. അതേസമയം നേരിട്ട് ഐ.പി.എസ് ലഭിച്ച പല ഉദ്യോഗസ്ഥര്‍ക്കും പൊലിസില്‍ പ്രത്യേക ചുമതലകള്‍ നല്‍കുന്നില്ലതും വിവാദങ്ങള്‍ക്ക് ആക്കം കൂട്ടുന്നുണ്ട്.
Post Your Comments