തിരുവനന്തപുരം: കെ.എസ്.ആര്.ടി.സിയില്‍ തുടര്‍ച്ചയായി ശമ്പളവും പെന്‍ഷനും മുടങ്ങുന്ന സാഹചര്യത്തില്‍ ഗതാഗതവകുപ്പ് ഏറ്റെടുക്കണമെന്ന ആവശ്യം സി.പി.എമ്മില്‍ ശക്തമാക്കുന്നു. ഇടതുസര്‍ക്കാര്‍ അധികാരമേറ്റതിനു പിന്നാലെ ഏറ്റവും കൂടുതല്‍ പഴികേട്ടത് കെ.എസ്.ആര്.ടി.സിയുമായി ബന്ധപ്പെട്ടാണ്. സി.പി.എം അനുകൂല തൊഴിലാളികളും പെന്‍ഷന്‍കാരും സര്‍ക്കാരിനെതിരേ തിരിയുന്ന സാഹചര്യമാണ് നിലവിലുള്ളത്. പാര്‍ട്ടി കേന്ദ്രങ്ങളില്‍നിന്നുപോലും കെ.എസ്.ആര്.ടി.സിയുമായും ഗതാഗതവകുപ്പുമായും ബന്ധപ്പെട്ട് നിരവധി പരാതികള്‍ സി.പി.എം സംസ്ഥാന നേതൃത്വത്തിന് മുന്നിലെത്തുന്നുണ്ട്.
അതേസമയം ഇടതുമുന്നണി കണ്‍വീനര്‍കൂടിയായ വൈക്കം വിശ്വന് പ്രസിഡന്റായ കെ.എസ്.ആര്.ടി.സിയിലെ സി.ഐ.ടി.യു സംഘടനയായ കെ.എസ്.ആര്.ടി.ഇ ഗതാഗത വകുപ്പ് സി.പി.എം ഏറ്റെടുക്കണമെന്നു ആവശ്യപ്പെട്ടുകഴിഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടി യൂണിയന് നേതാക്കള്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി ചര്‍ച്ച നടത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ കോടിയേരി ബാലകൃഷ്ണന് ഗതാഗതവകുപ്പ് കൈകാര്യം ചെയ്യുന്ന എന്‍.സി.പിയുടെ സംസ്ഥാന അധ്യക്ഷന്‍ ഉഴവൂര്‍ വിജയനുമായി കൂടിക്കാഴ്ച നടത്തി വകുപ്പിന്റെ പ്രവര്‍ത്തനത്തില്‍ പാര്‍ട്ടിക്കുള്ള അതൃപ്തി അറിയിച്ചതായാണ് വിവരം. എന്നാല്‍ ഗതാഗത വകുപ്പ് വിട്ടുനല്‍കാനാകില്ലെന്നു എന്‍.സി.പി നേതൃത്വം അറിയിച്ചിട്ടുണ്ട്.
അതിനിടേ ഗതാഗതവകുപ്പുമായി ബന്ധപ്പെട്ട് സി.ഐ.ടി.യു നേതൃത്വം മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രനെ വിളിച്ചുവരുത്തി അതൃപ്തി അറിയിച്ചിട്ടുണ്ട്. തെറ്റുകള്‍ തിരുത്താന്‍ കര്‍ശന നിര്‍ദേശം നല്കിയ മുഖ്യമന്ത്രി പൊതുജനങ്ങളുമായി കൂടുതല്‍ ബന്ധപ്പെടുന്ന സര്‍വീസ് എന്ന നിലയില്‍ കെ.എസ്.ആര്.ടി.സിയുടെ കാര്യത്തില്‍ ജാഗ്രത വേണമെന്നും സര്‍ക്കാരിന്റെ പ്രതിച്ഛായക്ക് കോട്ടമുണ്ടാകുന്ന വിധത്തില്‍ കെ.എസ്.ആര്.ടി.സിയുമായി ബന്ധപ്പെട്ട് പ്രശ്നങ്ങള്‍ ഉണ്ടാകരുതെന്നും ഗതാഗതമന്ത്രിയെ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് പെന്ഷന് മുടങ്ങുന്നതിനേതിരെ ശക്തമായ പ്രതിഷേധമാണ് സി.ഐ.ടി.യു സംഘടിപ്പിച്ചിരുന്നത്. ഇടതു സര്‍ക്കാര്‍ അധികാരത്തിലേറിയശേഷവും പെന്‍ഷനും ശമ്പളവും വിതരണം ചെയ്യുന്നത് മുടങ്ങിയ സാഹചര്യത്തില്‍ സര്‍ക്കാരിനെതിരേ സമരം ചെയ്യാന്‍ സി.ഐ.ടി.യു നിര്‍ബന്ധിതമായിരുന്നു. കെ.എസ്.ആര്.ടി.സിക്കു പുറമേ ഗതാഗതവകുപ്പുമായി ബന്ധപ്പെട്ടു നിരവധി ആക്ഷേപങ്ങളും മുഖ്യമന്ത്രിയുടെ മുന്നില്‍ എത്തിയിട്ടുണ്ടെന്നും സൂചനയുണ്ട്.
Post Your Comments