Kerala

കല്യാണ വീടുകളില്‍ ബോധവത്കരിക്കാന്‍ എക്‌സൈസ്; വിവാദ സര്‍ക്കുലര്‍ പുറപ്പെടുവിച്ച ഉദ്യോഗസ്ഥനെതിരേ അന്വേഷണം

തിരുവനന്തപുരം: കേരളത്തില്‍ വിവാഹം നടക്കുന്ന വീടുകളില്‍ നാലുദിവസം മുമ്പ് എക്‌സൈസ് ഉദ്യോഗസ്ഥരെത്തി മദ്യപാനത്തിനെതിരേ ബോധവത്കരണം നടത്തണമെന്നു എക്‌സൈസ് കമ്മീഷണര്‍ക്കുവേണ്ടി പുറത്തിറക്കിയ സര്‍ക്കുലര്‍ വ്യാപക വിമര്‍ശനത്തെ തുടര്‍ന്ന് പിന്‍വലിച്ചു. ജനുവരി മൂന്നാംതീയതി എക്‌സൈസ് കമ്മീഷണറുടെ ഓഫീസില്‍നിന്നും ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍മാര്‍ക്ക് അയച്ച സര്‍ക്കുലറിലാണ് വിചിത്രമായ ഈ നിര്‍ദേശം നല്‍കിയിരുന്നത്. എക്‌സൈസ് മന്ത്രിയുടെ കുറിപ്പോടുകൂടിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് അടിയന്തിര സര്‍ക്കുലര്‍ പുറപ്പെടുവിക്കുന്നതെന്നു വ്യക്തമാക്കിയിരുന്നു.

ലഹരി വിരുദ്ധ ബോധവത്കരണത്തിന്റെ ഭാഗമായി വിവാഹ വീടുകളില്‍ നാലുദിവസം മുന്‍പ് പോയി മദ്യസത്കാരത്തിന്റെ ദൂഷ്യഫലങ്ങളും നിയമപരമായ മുന്നറിയിപ്പും നല്‍കിയാല്‍ മദ്യാസക്തിയിലേക്കുള്ള യുവാക്കളുടെ ഒരു കവാടം ഇല്ലാതാക്കാന്‍ കഴിയുമെന്നു എക്‌സൈസ് മന്ത്രിയുടെ നിവേദനത്തില്‍ ഉണ്ടായിരുന്നതായും സര്‍ക്കുലറില്‍ സൂചിപ്പിരുന്നു. ഈ സാഹചര്യത്തില്‍ ഓരോ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍മാരുടെയും അധികാര പരിധിയില്‍ വിവാഹം നടക്കുന്നതായി അറിവ് ലഭിക്കുന്ന ഓരോ ഭവനങ്ങളിലും വിവാഹ ദിവസത്തിനു നാലുദിവസം മുമ്പെത്തി മദ്യത്തിനെതിരേ ബോധവത്കരണം നടത്തേണ്ടതും നിയമം ലംഘിച്ചാല്‍ ഉണ്ടാകുന്ന ദുരന്തത്തെപ്പറ്റി മുന്നറിയിപ്പ് നല്‍കേണ്ടതുമാണെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. തുടര്‍ന്നു നിര്‍ദേശങ്ങള്‍ പ്രകാരമുള്ള നടപടി സ്വീകരിക്കുകയും റിപ്പോര്‍ട്ട് ചെയ്യുകയും വേണമെന്നു ചൂണ്ടിക്കാട്ടി തിരുവനന്തപുരം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ കീഴുദ്യോഗസ്ഥര്‍ക്കു ഈ സര്‍ക്കുലര്‍ കൈമാറി. ഈ ഉത്തരവിന്റെ പകര്‍പ്പ് സോഷ്യല്‍ മീഡിയയിലും മാധ്യമങ്ങളിലും വാര്‍ത്തയായതോടെ എക്‌സൈസ് കമ്മീഷണറുടെ ഔദ്യോഗിക മൊബൈല്‍ ഫോണിലും എക്‌സൈസ് ആസ്ഥാനത്തും നിരവധിപേര്‍ വിളിച്ചിരുന്നു. ഈ സാഹചര്യത്തിലാണു എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ്‌സിംഗ് ഇടപെട്ട് സര്‍ക്കുലര്‍ പിന്‍വലിക്കാന്‍ നിര്‍ദേശം നല്‍കിയത്. അതേസമയം സര്‍ക്കുലര്‍ പുറത്തിറക്കിയ ഉദ്യോഗസ്ഥനെതിരേ വകുപ്പുതല അന്വേഷണം നടത്താനും എക്‌സൈസ് കമ്മീഷണര്‍ ഉത്തരവിട്ടിട്ടുണ്ട്.

shortlink

Post Your Comments


Back to top button