ദമ്മാം•നിയമക്കുരുക്കുകളിൽ കുരുങ്ങി മൂന്നു മാസത്തോളം വനിതാ അഭയകേന്ദ്രത്തിൽ കഴിയേണ്ടി വന്ന ഇന്ത്യക്കാരായ രണ്ട് വീട്ടുജോലിക്കാരികൾ, നവയുഗം സാംസ്കാരികവേദി ജീവകാരുണ്യപ്രവർത്തകരുടെയും, ഇന്ത്യൻ എംബസ്സിയുടെയും സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി.
തമിഴ്‌നാട് ചെന്നൈ സ്വദേശിനിയായ കാർലീന ഒന്നരവർഷം മുൻപാണ് ദമ്മാമിലെ ഒരു സൗദി ഭവനത്തിൽ ഹൌസ് മൈഡ് വിസയിൽ ജോലിയ്‌ക്കെത്തിയത്. ആദ്യം മുതലേ തന്നെ സ്പോൺസറുടെ ഭാര്യ വളരെ മോശമായാണ് പെരുമാറിയിരുന്നത് എന്ന് കാർലീന പറയുന്നു. ശമ്പളം കൃത്യമായി കിട്ടിയിരുന്നെങ്കിലും, എന്ത് ജോലിയിലും കുറ്റം കണ്ടു പിടിച്ച് എപ്പോഴും വഴക്കും, കുത്തുവാക്കുകളും പറഞ്ഞിരുന്ന അവരുടെ പെരുമാറ്റം, കാർലീനയെ മാനസികമായി വിഷമിപ്പിച്ചിരുന്നു. നാട്ടിലെ കുടുംബത്തെയോർത്ത് കാർലീന ആ വീട്ടിൽ ഒരു വർഷത്തിലധികം എങ്ങനെയും പിടിച്ചു നിന്നു. എന്നാൽ ക്രമേണ സ്പോൺസറുടെ ഭാര്യ ശകാരത്തിന് പുറമെ ദേഹോപദ്രവം കൂടി ഏൽപ്പിയ്ക്കാൻ തുടങ്ങിയപ്പോൾ, കാർലീനയുടെ ക്ഷമ നശിച്ചു. ആരുമറിയാതെ ആ വീട്ടിൽ നിന്നും പുറത്തുകടന്ന അവർ, അടുത്തുള്ള പോലീസ് സ്റ്റേഷനിൽ പോയി പരാതി പറഞ്ഞു. സൗദി പോലീസ് കാർലീനയെ ദമ്മാമിലെ വനിത അഭയകേന്ദ്രത്തിൽ എത്തിച്ചു.
ആന്ധ്രാപ്രദേശ് വിശാഖപട്ടണം സ്വദേശിനിയായ ഷർമിള എട്ടു മാസങ്ങൾക്കു മുൻപാണ്, നാട്ടിലെ ഒരു വിസ ഏജന്റിന്റെ സഹായത്തോടെ, ദമ്മാമിൽ ഒരു സൗദി പൗരന്റെ വീട്ടിൽ ജോലിക്കാരിയായി എത്തിയത്. അഞ്ചു മാസത്തോളം കഠിനമായി ജോലി ചെയ്യിച്ചെങ്കിലും ആ വീട്ടുകാർ ഒരു റിയാൽ പോലും ശമ്പളമായി നൽകിയില്ല. തുടർന്ന് ആ വീട്ടിൽ നിന്നും പുറത്തുകടന്ന ഷർമിള ദമ്മാമിലെ ഇന്ത്യൻ എംബസ്സി വോളന്റീർ ഹെൽപ്പ്ഡെസ്ക്കിൽ പോയി പരാതി പറഞ്ഞു. അവർ സൗദി പോലീസിന്റെ സഹായത്തോടെ ഷർമിളയെ ദമ്മാമിലെ വനിത അഭയകേന്ദ്രത്തിൽ കൊണ്ടാക്കി.
വനിത അഭയകേന്ദ്രഅധികാരികൾ അറിയിച്ചത് അനുസരിച്ച് അവിടെയെത്തിയ നവയുഗം ജീവകാരുണ്യപ്രവർത്തക മഞ്ജു മണിക്കുട്ടൻ, രണ്ടുപേരുടെയും കേസ് ഏറ്റെടുക്കയും, ഇന്ത്യൻ എംബസ്സിയിൽ റിപ്പോർട്ട് ചെയ്യുകയും ചെയ്തു. മഞ്ജുവും നവയുഗം ജീവകാരുണ്യപ്രവർത്തകരും രണ്ടുപേരുടെയും സ്പോൺസർമാരെ ബന്ധപ്പെട്ട് സംസാരിച്ചെങ്കിലും, യാതൊരു സഹകരണത്തിനും തയ്യാറാകാതെ അവർ കൈയ്യൊഴിഞ്ഞു. തുടർന്ന് മഞ്ജു മണിക്കുട്ടൻ ഇന്ത്യൻ എംബസ്സി വഴി ഇവർക്ക് ഔട്ട്പാസ്സ് എടുത്തു കൊടുക്കുകയും, വനിതാ അഭയകേന്ദ്രം അധികാരികളുടെ സഹായത്തോടെ ഫൈനൽ എക്സിറ്റ് അടിച്ചു വാങ്ങുകയും ചെയ്തു.
കാർലീന സ്വന്തമായി വിമാനടിക്കറ്റ് എടുത്തപ്പോൾ, ഷർമിളയ്ക്ക് അതിനുള്ള സാമ്പത്തികസ്ഥിതി ഇല്ലായിരുന്നു. തുടർന്ന് നവയുഗം ജീവകാരുണ്യപ്രവർത്തകർ ഷർമിളയുടെ നാട്ടിലെ വിസ ഏജന്റിനെ ബന്ധപ്പെട്ട് നടത്തിയ ചർച്ചകൾക്ക് ഒടുവിൽ, ഏജന്റ് അവർക്കുള്ള വിമാനടിക്കറ്റ് അയച്ചു കൊടുത്തു. നിയമനടപടികൾ പൂർത്തിയാക്കി, എല്ലാവർക്കും നന്ദി പറഞ്ഞ് രണ്ടു പേരും നാട്ടിലേയ്ക്ക് മടങ്ങി.
Post Your Comments