ഇന്ത്യയിലെ ജനങ്ങൾ ‘ഉന’ എന്നും ‘മോട്ടാ സമാധിലായ’ എന്നും കേട്ടിട്ടുണ്ടാവണമല്ലോ. അതെ, ഗുജറാത്തിലെ ഉനയിലെ മോട്ടാ സമാധിലായ ഗ്രാമം. ഗോരക്ഷകർ പട്ടികജാതിക്കാരെ ആക്രമിച്ചുവെന്ന് പറഞ്ഞുകൊണ്ട് ലോകമെമ്പാടും നരേന്ദ്ര മോദിക്കെതിരെയും ബിജെപിക്കെതിരെയും പ്രചാരണമഴിച്ചുവിട്ടത് ഓർക്കാതിരിക്കാൻ സാധ്യതയില്ലല്ലോ. ആ സംഭവത്തിന് സാക്ഷ്യം വഹിച്ചത് ആ ഒരു ഗ്രാമമാണ്. ഡൽഹിയിൽ നിന്നും രാഹുൽ ഗാന്ധി പറന്നെത്തി പട്ടികജാതിക്കാരെ രക്ഷിച്ച ഗ്രാമമല്ലേ. കഴിഞ്ഞ ജൂലൈ മാസത്തിലാണ് അതൊക്കെ അരങ്ങേറിയത്. അവിടെയും കഴിഞ്ഞദിവസം പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടന്നു. സാധാരണ നിലക്ക് ബിജെപി അവിടെ നാലുനിലയിൽ പൊട്ടണമല്ലോ.
പക്ഷെ കാര്യങ്ങൾ മറിച്ചാണ് സംഭവിച്ചത്. ആ പഞ്ചായത്തിൽ എട്ടു വാർഡുകൾ. നിലവിലെ അവിടത്തെ സർപഞ്ച് , ഗ്രാമത്തലവൻ, പ്രഭുൽ കോറാട്ട് ആണ്. കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ച അയാൾക്കെതിരെ ബിജെപി അണിനിരത്തിയത് ധൻജിഭായ് കൊറാട്ടിനെ. അവസാനം വിജയം, അല്ല ഉജ്വല വിജയം ധൻജിഭായിക്കായി. കോൺഗ്രസ് ദയനീയമായ തോൽവി ഏറ്റുവാങ്ങി. പഞ്ചായത്തിലെ എട്ട് വാർഡുകളിൽ ആറും ബിജെപി നേടി. പട്ടികജാതിക്കാർക്കായി സംവരണം ചെയ്ത ഒരു വാർഡുണ്ട് ആ പഞ്ചായത്തിൽ. അവിടെ ജയിച്ചതും ബിജെപിക്കാരൻ തന്നെ.
ഗ്രാമ പഞ്ചായത്ത് അധ്യക്ഷസ്ഥാനത്തിന് ത്രികോണ മത്സരമായിരുന്നു. ധൻജിഭായ്, പ്രഭുൽ, മൂന്നാമനായി സ്വതന്ത്ര സ്ഥാനാർഥി ഭവേഷ് കോരട്ടും. ബിജെപിയുടെ ധൻജിഭായ് വിജയം കണ്ടപ്പോൾ കോൺഗ്രസുകാരന് ലഭിച്ചത് മൂനാം സ്ഥാനം. സ്വതത്ര സ്ഥാനാർഥിക്കു കോൺഗ്രസ് സ്ഥാനാർഥിയെക്കാൾ 22 വോട്ട് കൂടുതൽ. രാഹുൽ ഇമ്പാക്ട് എങ്ങിനെയുണ്ട് എന്നത് വിശേഷിപ്പിക്കണ്ടല്ലോ.മറ്റൊന്നുകൂടി ഓർക്കണം. ജൂലൈയിൽ അവിടെ പ്രശ്നമുണ്ടായപ്പോൾ ആ ഗ്രാമത്തിലെ പ്രതിനിധാനം ചെയ്യുന്ന ഒരു കോൺഗ്രസ് നേതാവുമായി അഹമ്മദ് പട്ടേൽ എന്ന ദേശീയ കോൺഗ്രസ് നേതാവ് സംസാരിച്ചത് ഏതാണ്ട് മുന്നൂറിലേറെ തവണയായിരുന്നു എന്നത് പോലീസ് കണ്ടെത്തിയിരുന്നു.
അതുമാത്രമല്ല ശ്രദ്ധിക്കാനുള്ളത്. ഗുജറാത്തിൽ മാർക്സിസ്റ്റ് പാർട്ടിയുണ്ടെന്ന് കേട്ടറിഞ്ഞത് അപ്പോഴാണ്. ഒരു കേന്ദ്ര കമ്മിറ്റി അംഗത്തിന്റെ സാന്നിധ്യം അവിടെ നമ്മളൊക്കെ കണ്ടു. ടിവിചാനൽ ചർച്ചകളിൽ അദ്ദേഹം ‘ലൈവ്’ ആയി പങ്കെടുത്തുകൊണ്ട് ഉനയിലെയും ‘മൊട്ട സമാധിലായ’യിലെയും പീഡനകഥകൾ വിവരിച്ചുതന്നത് മറക്കാവതല്ല. പിന്നീട് സിപിഎം മുൻകൈയെടുത്ത് അഹമ്മദാബാദിൽ നിന്നും ഉനയിലേക്ക് ഒരു പട്ടികജാതിക്കാരുടെ ദിവസങ്ങൾ നീണ്ട മാർച്ചും സംഘടിപ്പിച്ചതാണ്. എന്തായിരുന്നു ഒരുകോലാഹലം. നരേന്ദ്ര മോഡി രാജിവെക്കുകമാത്രമാണ് ഏക പോംവഴി എന്ന് അന്ന് അവരെല്ലാം പലരെയും ബോധ്യപ്പെടുത്താൻ ശ്രമിച്ചു. മാത്രമല്ല, അടുത്ത ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎം നേതൃത്വത്തിലുള്ള ഒരു മുന്നണി വിജയിക്കുമെന്ന് പറഞ്ഞവരെയും അന്ന് കണ്ടിരുന്നു. ഇന്നിപ്പോൾ അതൊക്കെ ബോധ്യപ്പെടുത്തിയ സിപിഎമ്മിന്റെ ആ സഖാക്കളെയും കാണാനില്ല. ആ പഞ്ചായത്തിൽ ഏതെങ്കിലും സിപിഎം സ്ഥാനാർഥി മത്സരിച്ചോ എന്ന് തിരക്കി. അത്തരമൊരു അബദ്ധമൊന്നും അവർ കാട്ടിയില്ല. ഒരു പക്ഷെ നിർത്താൻ ഒരുസ്ഥാനാർഥി ലഭ്യമാവാത്തതാവാം കാരണം. അതെന്തായാലും ഉനയുടെ കാര്യത്തിൽ സീതാറാം യെച്ചൂരിയെങ്കിലും ഒരു വിശദീകരണം നൽകണം. എന്താണ് സത്യത്തിൽ അവിടെ സംഭവിച്ചത് എന്നത് സിപിഎമ്മുകാരെങ്കിലും അറിയണ്ടേ?.
ഇതൊന്നും നമ്മുടെ രാഹുൽ ഗാന്ധിജിയും അറിഞ്ഞതായി കണ്ടില്ല. അതുമാത്രമല്ല അടുത്തിടെ മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ചണ്ഡിഗറിലും ഗോവയിലും ഒക്കെ നടന്ന തിരഞ്ഞെടുപ്പിന്റെ കഥകളും അദ്ദേഹം മനസിലാക്കിയതായി തോന്നിയിരുന്നില്ല. അതാണല്ലോ ജനങ്ങൾ കൂടെയുണ്ടെന്ന് അദ്ദേഹം എന്നും ഇപ്പോഴും ധരിച്ചിരുന്നത്. ഏറ്റവുമൊടുവിൽ നരേന്ദ്ര മോഡി ഇന്നലെ രാഷ്ട്രത്തെ അഭിസംബോധന ചെയ്തപ്പോഴും രാഹുലിന്റെ ‘വിലയേറിയ’ വാക്കുകൾക്കായി, അഭിപ്രായത്തിനായി, കാതോർത്തു. ഒന്നും കണ്ടില്ല, കേട്ടില്ല. എന്തുസംഭവിച്ചു എന്നതന്വേഷിച്ചപ്പോഴാണ് അദ്ദേഹം നാട്ടിലില്ല എന്നും എവിടെയോ പോയിരിക്കുന്നു എന്നും കേട്ടത്.
സത്യം പറയണമല്ലോ, അതിനിടയിലാണ് രാഹുൽ ഗാന്ധിയുടെ ട്വീറ്റ് ശ്രദ്ധയിൽ പെട്ടത്. അദ്ദേഹം വീണ്ടും അന്താരാഷ്ട്ര പര്യടനത്തിന് പോകുകയാണ്. നോട്ട് റദ്ദാക്കൽ, അതിന്റെ പേരിലുള്ള കള്ളപ്പണവേട്ട, തീവ്രവാദ സംഘങ്ങളെ തളർത്തൽ, ഹവാല ബന്ധങ്ങൾ തകർത്തത് …….. അങ്ങിനെ സംഭവബഹുലമായിരുന്നല്ലോ കുറെയേറെ നാളുകൾ. അക്കാലത്തു് പാർലമെന്റ് സ്തംഭിപ്പിക്കാനും ജനങ്ങൾ കൂടി നിൽക്കുന്നിടത്തെല്ലാം ചെന്ന് സെൽഫി എടുത്തുകൊണ്ട് നരേന്ദ്ര മോദിയെ വിമർശിക്കാനും തയ്യാറായ രാഹുൽ പക്ഷെ അതൊക്കെ അവസാനിപ്പിച്ചു. ഇക്കാര്യത്തിലും താൻ പരാജയമാണ് എന്നും തനിക്ക് കൂടുതലായി ഇനി യാതൊന്നും ചെയ്യാനില്ല എന്നും ബോധ്യപ്പെട്ടതുകൊണ്ടാവണം ഈ ‘മുങ്ങൽ’ എന്നുവേണം കരുതാൻ. ” I will be travelling for a few days. Happy new year to every one; wishing you and your loved ones success and happiness in this coming year ” എന്നതാണ് ട്വീറ്റ്. ഈ യാത്ര എവിടേക്കു എന്ന് അദ്ദേഹം പറഞ്ഞിട്ടില്ല, പതിവുപോലെ. പറഞ്ഞിട്ടുപോകാൻ പറ്റാത്തിടത്തേക്ക് പറഞ്ഞിട്ടുപോകാൻ കഴിയില്ല എന്നത് ഇന്ത്യക്കാർ, പ്രത്യേകിച്ചും കോൺഗ്രസുകാർ മനസിലാക്കണം. യുപിയിലും പഞ്ചാബിലും ഗോവയിലും ഉത്തരാഖണ്ഡിലും മണിപ്പൂരിലുമൊക്കെ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നു . അതിനിടയിലെ ഈ യാത്ര വെറും പതിവ് [പര്യടനം മാത്രമാണോ ആവൊ.
Post Your Comments