പ്ലസ് ടു പരീക്ഷ കഴിഞ്ഞു എൽ.എൽ.എൽബിക്ക് ചേരും വരെ വെറുതെ വീട്ടിലിരുന്ന അഞ്ച് മാസങ്ങളായിരുന്നു ജീവിതത്തിലെ ഏറ്റവും നല്ല വായനക്കാലം. എം.ടിയേയും മുകുന്ദനേയും വിജയനേയും വി.കെ.എന്നിനേയുമൊക്കെ വായിക്കുന്നത് അക്കാലത്താണ്. ഒരെഴുത്തുകാരനെ തിരഞ്ഞെടുത്ത് അയാളുടെ പരമാവധി പുസ്തകങ്ങൾ വായിക്കുക, ശേഷം അടുത്ത എഴുത്തുകാരനിലേക്ക് പോവുക എന്നതായിരുന്നു വായനയുടെ രീതി. പത്തിനും പ്ലസ് വണ്ണിനും ഇടയിൽ കിട്ടിയ നാല് മാസത്തോളം സമയം ഇംഗ്ലീഷ് സാഹിത്യം വായിക്കാൻ ശ്രമിച്ച് ദയനീയമായി പരാജയപ്പെട്ടതിന്റെ കയ്പുള്ള ഓർമകൾ മാഞ്ഞു പോയിട്ടില്ലാത്തതിനാൽ ഇത്തവണ തനി മലയാളമോ മലയാള തർജ്ജമകളോ മതി വായന എന്നാദ്യമേ മനസ്സിൽ ഉറപ്പിച്ചിരുന്നു.
ആ തീരുമാനം എന്തായാലും തെറ്റായില്ല. രണ്ടാമൂഴവും നാലുകെട്ടും വാരാണസിയും ഒക്കെ അക്കാലത്ത് വായിച്ചതാണ്. മഞ്ഞ് പ്ലസ് ടുവിന് പഠിക്കാനുണ്ടായിരുന്നു.
പക്ഷെ പിന്നെയും മൂന്ന് കൊല്ലം കഴിഞ്ഞാണ് എന്നെ ഏറ്റവുമധികം സ്വാധീനിച്ച എം.ടിയുടെ രചന “എന്ന് ഞാൻ തന്നെ വിലയിരുത്തുന്ന(!)” എഴുത്ത് എന്റെ കയ്യിൽ വരുന്നത്.തേർഡ് ഇയറിന്റെ അവസാനത്തിൽ വന്ന ഇരുപതാം പിറന്നാളിന് ഏറ്റവും പ്രിയപ്പെട്ടൊരാൾ സമ്മാനമായി തന്നത് ‘സാൻ മിഷേലിന്റെ കഥ’ എന്ന പുസ്തകമായിരുന്നു.
ഒരു സ്വീഡിഷ് ഡോക്ടറുടെ അത്ഭുതകരമായ ജീവിതാനുഭവങ്ങൾ പറഞ്ഞ ‘ദി സ്റ്റോറി ഓഫ് സാൻ മിഷേൽ’ ലോകത്തിലെ ഒട്ടു മിക്ക ഭാഷകളിലേക്കും തർജ്ജമ ചെയ്യപെട്ടതും, എല്ലാ ഭാഷകളിലേയും ബെസ്റ്റ് സെല്ലർ ചാർട്ടിൽ ഇടം പിടിച്ചതും, പുറത്തിറങ്ങി എട്ടു പതിറ്റാണ്ട് കഴിഞ്ഞിട്ടും ഇപ്പോഴും വലിയ തോതിൽ വായിക്കപ്പെടുന്നതുമായ കൃതിയാണ്. അതിന്റെ മലയാള തർജ്ജമക്ക് അവതാരിക എഴുതിയിരിക്കുന്നത് എം.ടിയാണ്.
“ആത്മാവിൽ ഒരു ഗോപുരം” എന്ന തലക്കെട്ടിൽ എം.ടി എഴുതിയ ആ അവതാരികയാണ് എഴുത്തിനോടും വായനയോടുമുള്ള എന്റെ സമീപനത്തെ തന്നെ മാറ്റിമറിച്ചത്.എന്താണ് എഴുത്തിന്റെ ധർമ്മം എന്നതായിരുന്നു എം.ടി ആ അവതാരികയിലൂടെ പറഞ്ഞു തന്നത്.യെവ്തുഷെങ്കോവ് എന്ന റഷ്യൻ എഴുത്തുകാരന്റെ കഥ പറഞ്ഞു കൊണ്ടായിരുന്നു ആത്മാവിലെ ആ ഗോപുരം അദ്ദേഹം തുറന്നത്.
അമ്പതുകളുടെ തുടക്കം മുതൽ അറുപതുകളുടെ അവസാനം വരെ റഷ്യയിലെ ഏറ്റവും പ്രിയങ്കരനായ കവിയായിരുന്നു യെവ്ഗെനി യെവ്തുഷെങ്കോവ്. തന്റെ പത്തൊമ്പതാമത്തെ വയസ്സിൽ തന്നെ ആദ്യ കവിതാസമാഹാരം പുറത്തിറക്കുകയും അക്കൊല്ലം തന്നെ സോവിയറ്റ് റൈറ്റേഴ്സ് യൂണിയനിൽ അംഗമാവുകയും ചെയ്ത അയാൾ വളരെ ചെറുപ്പത്തിൽ തന്നെ വളരെയധികം വായിക്കപ്പെടുകയും വളരെയേറെ സമ്പാദിക്കുകയും ചെയ്യുന്ന എഴുത്തുകാരനായി മാറി. വേഷപ്രച്ഛന്നനായി രാത്രി തെരുവുകളിലെ സാധാരണക്കാർക്കിടയിൽ അലഞ്ഞു നടക്കുകയായിരുന്നത്രേ കവിയുടെ വിനോദം. അങ്ങനെയൊരു രാത്രി തന്റെ പതിവ് സഞ്ചാരത്തിനിറങ്ങിയ യെവ്തുഷെങ്കോവ് ഒരു പുസ്തകശാലയുടെ സമീപത്തെത്തി. അവിടെ വെച്ച് പുസ്തകങ്ങൾ വാങ്ങാനെത്തിയ ചെറുപ്പക്കാരായ ഒരു ഭാര്യയേയും ഭർത്താവിനേയും അയാൾ കണ്ടു.
ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന തങ്ങളുടെ സുഹൃത്തിന് സമ്മാനിക്കാനൊരു പുസ്തകം വാങ്ങാനാണ് അവർ എത്തിയിരിക്കുന്നത് എന്ന് അവരുടെ സംഭാഷണത്തിൽ നിന്ന് അയാൾക്ക് മനസ്സിലായി.
അവർ ആരുടെ പുസ്തകമാവും വാങ്ങുക എന്നറിയാനുള്ള കൗതുകത്തിൽ അയാൾ അവിടെ തന്നെ ചുറ്റിപ്പറ്റി നിന്നു. പുതുതായി പുറത്തിറങ്ങിയ യെവ്തുഷെങ്കോയുടെ ഒരു പുസ്തകം തന്നെയാണ് ഷെൽഫിൽ നിന്ന് ഭാര്യ തിരഞ്ഞെടുത്തത്.എന്നാൽ അടുത്ത നിമിഷം ഭർത്താവ് അവളെ വിലക്കുകയും മറ്റെതെങ്കിലുമൊരു പുസ്തകമെടുക്കാൻ അവളോട് ആവശ്യപ്പെടുകയും ചെയ്തു.
യെവ്തുഷെങ്കോയുടെ ഉള്ളിൽ വിടർന്ന അതേ ചോദ്യം തന്നെയാണ് ഭാര്യയും ചോദിച്ചത്.
“പക്ഷെ ഈ പുസ്തകത്തിനെന്താണ് കുഴപ്പം? യേവ്തുഷെങ്കോവ് നല്ല എഴുത്തുകാരനല്ലേ? അദ്ദേഹത്തേക്കാൾ സുന്ദരമായി കവിതയെഴുതുന്ന ആരാണിന്ന് റഷ്യയിൽ ഉള്ളത്??”
ഭർത്താവിന്റെ ഉത്തരം വളരെ ലളിതമായിരുന്നു.
“നമ്മൾ ആശുപത്രിയിൽ കിടക്കുന്ന ഒരാൾക്ക് കൊടുക്കാനാണ് പുസ്തകം വാങ്ങുന്നത്. ഈ സമാഹാരത്തിലെ എല്ലാ കവിതകളും ഞാൻ മുമ്പേ വായിച്ചതാണ്. വായനക്കാരന് പ്രത്യാശ നൽകുന്നതോ, ജീവിതത്തിൽ വിശ്വാസം വളർത്തുന്നതോ ആയ ഒന്നും ഞാനതിൽ കണ്ടില്ല.”യെവ്തുഷെങ്കോവ് കണ്ടു കൊണ്ട് നിൽക്കെയാണ് അവർ മറ്റൊരു പുസ്തകം തിരഞ്ഞെടുത്ത് കടയിൽ നിന്നിറങ്ങി പോയത്.
അന്ന് രാത്രി മോസ്‌കോ നദിയിലെ പാലത്തിന് മറവിൽ നിന്നയാൾ അക്കാലമത്രയും റോയൽറ്റിയായി സമ്പാദിച്ച റൂബിൾ നോട്ടുകൾ മുഴുവൻ നദിയിലേക്ക് എറിഞ്ഞു കളഞ്ഞുവത്രേ.ജീവിതത്തിൽ വിശ്വാസം വളർത്തുന്ന രചനകളാണ് ഏറ്റവും മഹത്തരമെന്നും, എന്നാൽ അത്തരം രചനകളുടെ എണ്ണം തീരെ കുറവാണെന്നും, ആ ചെറിയ പട്ടികയിൽ ഉൾപ്പെടുന്നതാണ് ആക്സൽ മുന്തേയുടെ ഈ പുസ്തകം എന്നും പറഞ്ഞു കൊണ്ടാണ് എം.ടി സാൻ മിഷേലിന്റെ കഥയെ പരിചയപ്പെടുത്തിയത്.എം.ടിയുടെ ആ അവതാരിക ഇല്ലായിരുന്നെങ്കിൽ ആ പുസ്തകത്തിന്റെ മഹത്വം ഒരു പക്ഷെ എനിക്ക് മനസിലാവുകയേ ഇല്ലായിരുന്നു.
‘എഴുതാതെയും നിങ്ങൾക്ക് ജീവിക്കാൻ സാധിക്കുമെന്ന് തോന്നുന്നുവെങ്കിൽ, ദയവായി എഴുതാതിരിക്കുക’ എന്ന ഗബ്രിയേൽ ഗാർസിയാ മാർക്വേസിന്റെ വാചകത്തിന് മേൽ പടുത്തുയർത്തിയ എന്റെ എഴുത്ത് ധാരണകളെയാണ് ഒന്നര പേജിലെ ഒറ്റ കുറിപ്പ് കൊണ്ട് എം.ടി തകർത്ത് തരിപ്പണമാക്കിയത്.
എഴുതാതെ നിവൃത്തിയില്ലെന്ന് തോന്നുമ്പോൾ അല്ല, വായിക്കുന്നവന് എന്തെങ്കിലും കൊടുക്കാനുണ്ട് എന്നുറപ്പോൾ ആണ് എഴുതേണ്ടത് എന്ന് തിരിച്ചറിവുണ്ടായത് അന്നാണ്.ആത്മാവിൽ ഒരു ഗോപുരം എന്നെ ഏറ്റവുമധികം സ്വാധീനിച്ച എഴുത്തായി മാറുന്നത് അങ്ങനെയാണ്.അന്ന് തോന്നിയ ആരാധന ഇന്നും എം.ടിയോട് മനസ്സിൽ സൂക്ഷിക്കുന്നുമുണ്ട്.ഒരു പക്ഷെ, അത്രമേൽ എം.ടിയെ ആരാധിക്കുന്നത് കൊണ്ട് തന്നെയാവണം, തോമസ് ഐസക്കിന്റെ പുസ്തക പ്രകാശന വേദിയിൽ വെച്ച് അദ്ദേഹം നടത്തിയ പ്രസംഗത്തിൽ എനിക്കിത്രയും നിരാശയും തോന്നുന്നത്.എം.ടി നോട്ട് നിരോധനത്തെയോ മോഡിയേയോ വിമർശിച്ചതൊന്നുമല്ല എന്നെ സംബന്ധിച്ചിടത്തോളം അതിലെ പ്രധാന പ്രശ്നം.
മോഹൻലാലിനെ പോലെ തന്നെ എം.ടിക്കും തന്റെ അഭിപ്രായം തുറന്നു പറയാനുള്ള സ്വാതന്ത്ര്യമുണ്ട്.
അതിന്റെ പേരിൽ അദ്ദേഹത്തെ ആക്രമിക്കുന്നത് മോഹൻലാലിനെ വേട്ടയാടിയ ഇടതുപക്ഷം ചെയ്ത അതേ അളവിലുള്ള ഫാസിസവുമാണ്.പക്ഷെ എം.ടിയുടെ പ്രതികരണത്തിൽ എനിക്കു തോന്നിയ പ്രശ്നം, അത് പറയാനായി അദ്ദേഹം തിരഞ്ഞെടുത്ത വേദി തന്നെയാണ്.
തന്റെ സ്വകാര്യ ബ്ലോഗിൽ മോഹൻലാൽ എഴുതുന്നൊരു കുറിപ്പിനുള്ള സ്വതന്ത്ര സ്വഭാവം എന്തായാലും തോമസ് ഐസക്കിന്റെ ഡീമോണടൈസേഷൻ വിരുദ്ധ കൃതിയുടെ പ്രകാശന വേദിയിൽ വെച്ച് എം.ടി നടത്തുന്ന മോദി വിരുദ്ധ പ്രസംഗത്തിനുണ്ടാവില്ല.
അവിടെ വെച്ചദ്ദേഹം ഒരു പ്രസംഗവും നടത്തിയിരുന്നില്ലെങ്കിൽ പോലും അദ്ദേഹത്തിന്റെ ആ വേദിയിലെ സാന്നിധ്യത്തിന് തന്നെ ഒരു പ്രസ്താവനയുടെ അർത്ഥം വരുമായിരുന്നു.സ്വാഭാവികമായും അതിനോടനുബന്ധിച്ച് രാഷ്ട്രീയവും ധാർമികവുമായ ചില ചോദ്യങ്ങൾ ഉയരുക തന്നെ ചെയ്യും.
എന്നാൽ അതിനെല്ലാമുപരിയായി അതുയർത്തിയ ഒരു വിഷയം എഴുത്തുകാരൻ തന്റെ തന്നെ രചനകളോട് പുലർത്തേണ്ടതായ സത്യസന്ധതയുടേതാണ് എന്ന് തോന്നുന്നു.കാരണം ആ വേദിയിൽ എം.ടി നിർവഹിച്ച ഏറ്റവും പ്രധാനമായ കർമം ഒരു കൃതിയെ വായനക്കാർക്ക് സമർപ്പിക്കുക എന്നതായിരുന്നല്ലോ.
ആത്മാവിൽ ഒരു ഗോപുരം എഴുതിയ എം.ടിക്ക് എങ്ങനെയാണ് തോമസ് ഐസക്കിന്റെ ആ പുസ്തകം പ്രകാശനം ചെയ്യാൻ സാധിച്ചത്??
ആ പുസ്തകം നൽകുന്ന സന്ദേശമെന്ത് എന്നതിനെ പറ്റി ഒരു നിമിഷം ആലോച്ചിരുന്നെങ്കിൽ, ജീവിതത്തിൽ പ്രത്യാശ വളർത്തുന്ന രചനകളാണ് ഏറ്റവും മഹത്തരം എന്നെഴുതിയ എം.ടിയുടെ ഉള്ളിൽ, പുസ്തകശാലയിൽ വെച്ച് യെവ്തുഷെങ്കോയുടെ പുസ്തകം തിരഞ്ഞെടുത്ത ഭാര്യയെ വിലക്കിയ ചെറുപ്പക്കാരന്റെ രൂപം തെളിയേണ്ടതായിരുന്നു.
നല്ലൊരു നാളെയിൽ പ്രതീക്ഷയർപ്പിച്ച് അമ്പതു ദിവസത്തെ കഷ്ടപ്പാടുകളെ ധീരമായി അതിജീവിച്ച, സമൂഹത്തിന്റെ പൊതുവായ ഗുണത്തിന് വേണ്ടി വ്യക്തിപരമായ ത്യാഗങ്ങൾ സഹിക്കുന്നതിൽ സന്തോഷം കണ്ടെത്തിയ, പുതിയൊരു പുലരി പിറക്കുന്നത് കാണാൻ നിറഞ്ഞ പ്രത്യാശയോടെ കാത്തിരിക്കുന്ന ഒരു സമൂഹത്തിലേക്കാണ് ആ പുസ്തകം ചെല്ലുന്നത് എന്നോർക്കണം.
എന്നിട്ടാ കൃതിക്ക് അവരോട് എന്താണ് പറയാനുള്ളത്?
നിങ്ങളുടെ പ്രതീക്ഷകൾ എല്ലാം തെറ്റായിരുന്നെന്ന്!
നിങ്ങൾ കാത്തിരിക്കുന്ന ആ നല്ല നാളെ ഒരിക്കലും വരാൻ പോകുന്നില്ലെന്ന്!
നോട്ട് നിരോധനം പരാജയപ്പെട്ടിരിക്കുന്നുവെന്നും,
നിങ്ങളെല്ലാം വഞ്ചിക്കപെട്ടിരിക്കുന്നുവെന്നും,
രാജ്യം വലിയ തകർച്ചയിലേക്കാണ് നീങ്ങുന്നതെന്നും!!
ഡീമോണടൈസേഷൻ പ്രഖ്യാപിച്ച ദിവസം മുതൽ അതിനെ പറ്റിയുള്ള തോമസ് ഐസക്കിന്റെ അഭിപ്രായങ്ങൾ നമ്മൾ വായിച്ചു കൊണ്ടിരിക്കുന്നതാണ്.ജനങ്ങൾക്ക് വിശ്വാസം നൽകുന്ന ഒരു വരി പോലും അതിലുണ്ടായിരുന്നില്ലല്ലോ.
ജനങ്ങളിൽ ഭീതിയും, പരിഭ്രാന്തിയും, നിരാശയും വളർത്താനുള്ള ബോധപൂർവ്വമായ ശ്രമങ്ങൾ മാത്രമായിരുന്നു നവംബർ എട്ടിന് ശേഷമുള്ള തോമസ് ഐസക്കിന്റെ ഓരോ ഫേസ്ബുക്ക് പോസ്റ്റും വാർത്താ സമ്മേളനവും.
തന്റെ ഔദ്യോഗിക കടമകൾ മുഴുവൻ വിസ്മരിച്ച സംസ്ഥാന ധനകാര്യ മന്ത്രി ഒരു മുഴുവൻ സമയ കേന്ദ്ര സർക്കാർ വിമർശകൻ ആവുന്ന കാഴ്ച്ചയാണ് അദ്ദേഹത്തിന്റെ പ്രതികാരണങ്ങളിൽ നമ്മൾ കണ്ടത്.മഹാരാഷ്ട്രയിൽ ദേവേന്ദ്ര ഫഡ്‌നാവിസ് സഞ്ചരിക്കുന്ന ഏ.ടി.എമ്മുകളും വീടുകളിലേക്ക് എത്തുന്ന ബാങ്കുകളും സ്ഥാപിച്ചപ്പോൾ തോമസ് ഐസക് ഇവിടെയിരുന്ന് മോഡിയെ പഴിക്കുക മാത്രമായിരുന്നു.തമിഴ്നാട്ടിലെ ഓരോ ജോലിക്കാരനും കൃത്യസമയത്ത് തന്റെ ശമ്പള തുക അക്കൗണ്ടിൽ എത്തുന്നുവെന്ന് പനീർശെൽവം ഉറപ്പു വരുത്തിയപ്പോൾ തോമസ് ഐസക് ഇവിടെ ട്രഷറി തകരാൻ പോകുന്നുവെന്ന് വിലപിക്കുകയായിരുന്നു.
ആന്ധ്രയിൽ ചന്ദ്രബാബു നായിഡു റിസർവ് ബാങ്കുമായി ബന്ധപ്പെട്ട് ആവശ്യത്തിനുള്ള നോട്ടുകൾ രണ്ടു പ്രത്യേക വിമാനങ്ങളിൽ വരുത്തി സംസ്ഥാനത്തെ എല്ലാ ജില്ലകളിലും എത്തിച്ചപ്പോൾ തോമസ് ഐസക് ഇവിടെ റിസർവ് ബാങ്കിനെ മുഷ്ടി ചുരുട്ടി പേടിപ്പിക്കുന്ന തിരക്കിലായിരുന്നു. ഏറ്റവുമൊടുവിൽ ജി.എസ്.ടി വ്യവസ്ഥകൾ ചർച്ച ചെയ്യാൻ വിളിച്ചു ചേർത്ത ധനമന്ത്രിമാരുടെ യോഗത്തിലിരുന്ന് കൊണ്ട് തന്നെ യോഗത്തിലെ നിർദ്ദേശങ്ങളെ പറ്റി തെറ്റായ ട്വീറ്റുകൾ ചെയ്ത് ദേശീയ മാധ്യമങ്ങൾക്ക് മുന്നിൽ മാനം കെട്ടിടത്ത് വരെ എത്തി നിൽക്കുന്നതാണ് കറൻസി വിഷയത്തിലെ ഐസക്കിന്റെ പാനിക് മോംഗറിങ്.
എം.ടിയാൽ പ്രകാശിതമായ കള്ളപ്പണ വേട്ട; മിഥ്യയും യാഥാർഥ്യവും എന്ന പുസ്തകത്തെ പറ്റി തോമസ് ഐസക് തന്നെ പറഞ്ഞത് സിപിഎം സംഘടിപ്പിച്ച മനുഷ്യച്ചങ്ങലയുടെ പ്രചാരണത്തിന് ഉപയോഗിക്കാവുന്ന ഒരു ലഘു ഗ്രന്ഥം എന്നാണ്. അത്ര മാത്രമാണ് ആ പുസ്തകത്തിന്റെ ധർമം. അത് താൻ പ്രകാശനം ചെയ്യേണ്ടിയിരുന്ന പുസ്തകമാണോ എന്നത് എം.ടി സ്വയം ചോദിക്കേണ്ട ചോദ്യമാണ്. പ്രത്യാശയുടെ പുസ്തകമായ സാൻ മിഷേലിന്റെ കഥയെ പരിചയപ്പെടുത്തി തന്ന എം.ടി തന്നെ നിരാശയുടെ പുസ്തകമായ തോമസ് ഐസക്കിന്റെ കൃതി പ്രകാശനം ചെയ്തതിനെ വിരോധാഭാസം എന്നല്ലാതെ എന്താണ് വിളിക്കാനാവുക? ആ വേദിയിൽ ചെല്ലാനുള്ള അദ്ദേഹത്തിന്റെ തീരുമാനത്തിൽ തന്നെയുള്ള തെറ്റിനോട് താരതമ്യം ചെയ്യുമ്പോൾ അവിടെ വെച്ചദ്ദേഹം നടത്തിയ പ്രസംഗത്തിലെ തെറ്റുകൾ നിസാരമായിരുന്നു എന്ന് വേണം പറയാൻ. അങ്ങനെയൊരു താരതമ്യത്തിൽ നോക്കി കാണാൻ ശ്രമിച്ചത് കൊണ്ടാവണം, കറൻസി പിൻവലിച്ച രാജ്യങ്ങളെല്ലാം തകർന്നു പോയിട്ടുണ്ട് എന്ന് വരെ അദ്ദേഹം പ്രസംഗിച്ചപ്പോഴും, എനിക്കത്ര ഞെട്ടൽ ഒന്നും തോന്നാത്തത്.
കറൻസി പിൻവലിച്ചിട്ടും പുതുക്കിയിട്ടുമൊന്നും തകരാത്ത രാജ്യങ്ങളായി യു.കെയും ഓസ്‌ട്രേലിയയും ഒക്കെ ഇപ്പോഴും അവശേഷിക്കുന്നുണ്ട് എന്നദ്ദേഹം ഓർക്കാത്തത്, കറൻസി പിൻവലിച്ചതിന്റെ അമ്പതാം ദിവസവും പ്രതിപക്ഷവും സാംസ്കാരിക നായകരും മാധ്യമങ്ങളും ഒക്കെ നിരന്തരമായി പരിശ്രമിച്ചിട്ടും ഒരു ചെറു കലാപം പോലുമില്ലാതെ അഭിമാനകരമായ നിശ്ചയദാർഢ്യത്തോടെ മുന്നേറുന്ന സ്വന്തം രാജ്യത്തെ പറ്റി അദ്ദേഹം ഓർക്കാത്തതിനേക്കാൾ വലിയ കുറ്റമൊന്നുമല്ല.
സോവിയറ്റ് യൂണിയനും ആഫ്രിക്കൻ രാജ്യങ്ങളും തകർന്നതിന് കറൻസി പിൻവലിക്കൽ ആണ് കാരണം എന്ന് വിലയിരുത്തുന്നത് കാൻസർ രോഗി മരിക്കാൻ കാരണം അവസാനം കൊടുത്ത ഇഞ്ചക്ഷനാണ് എന്ന് പറയുമ്പോലെയാണ്.
ഇഞ്ചക്ഷൻ രോഗിയെ രക്ഷിക്കാനുള്ള അവസാന ശ്രമമായിരുന്നു. അത് കൊണ്ട് രോഗി രക്ഷപ്പെട്ടില്ല എന്നത് ഇഞ്ചക്ഷനെ മരണ കാരണം ആക്കുകയില്ല. ആഫ്രിക്കൻ രാജ്യങ്ങൾ തകർന്നത് ഗോത്ര വൈരത്തിന്റെ ഉൽപ്പന്നമായ ആഭ്യന്തര കലാപങ്ങൾ മൂലമാണ്.സോവിയറ്റ് യൂണിയൻ തകർന്നത് കമ്മ്യൂണിസം കാരണവും. അനിവാര്യമായ തകർച്ചയെ പ്രതിരോധിക്കാനുള്ള അവസാന ശ്രമങ്ങളായി അവിടെയെല്ലാം ഒരു പക്ഷെ പല നടപടികളുടെ കൂട്ടത്തിൽ നോട്ട് പിൻവലിക്കലും ഉണ്ടായിട്ടുണ്ടാവാം. പക്ഷെ നോട്ട് പിൻവലിക്കലാണ് അവരെ തകർത്തത് എന്നൊക്കെ പറയുന്നത് അപാരമായ ചരിത്ര നിഷേധമാണ്.
പക്ഷെ അപ്പോഴും പ്രസംഗത്തിലെ ഈ പിഴവുകളെയെല്ലാം തീരെ ചെറുതാക്കുന്ന വലിയൊരു പിഴവ് ആ പ്രസംഗം വേദിയിലെ സാന്നിധ്യത്തിൽ തന്നെയുണ്ടായിരുന്നു എന്നതാണ് വാസ്തവം. ആ വേദിയിൽ വെച്ചദ്ദേഹം മറ്റെന്തെങ്കിലുമാണ് പ്രസംഗിച്ചിരുന്നതെങ്കിൽ പോലും ഫലത്തിൽ അതിന് വലിയ മാറ്റമൊന്നും ഉണ്ടാവുമായിരുന്നില്ല.
ഒരു കാലത്ത് താൻ തന്നെ പ്രചരിപ്പിച്ച രചനയുടെ ധർമ്മത്തെ പറ്റിയുള്ള കാഴ്ചപ്പാടിനെ എം.ടി തന്നെ അവിടെ നിഷേധിക്കുകയായിരുന്നു എന്നിടത്താണ് ആ ചടങ്ങിലെ അദ്ദേഹത്തിന്റെ സാന്നിധ്യം തന്നെ അനൈതികമായി തീരുന്നത്.
അതിലും വലിയ ഒരു തെറ്റും അന്നവിടെ പ്രസംഗിക്കപ്പെട്ടിട്ടില്ല.
എം.ടിയെ വിമർശിക്കാനുള്ള പ്രായമോ അറിവോ അനുഭവമോ എനിക്കില്ല എന്നതിൽ ഒട്ടും സംശയമില്ലാതിരിക്കുമ്പോഴും,തുഞ്ചൻ പറമ്പിലെ പുസ്തക പ്രകാശനം കഴിഞ്ഞ ദിവസമെങ്കിലും അദ്ദേഹം താൻ തന്നെ ഒരിക്കൽ യെവ്തുഷെങ്കോവിനെ കുറിച്ചെഴുതിയതൊക്കെ ഓർമിച്ചിരുന്നുവെങ്കിൽ എന്ന് ആഗ്രഹിച്ചു പോവുകയാണ്. അദ്ദേഹം അത് ഓർമിച്ചിരുന്നുവെങ്കിൽ, അന്ന് രാത്രി കുറ്റിപ്പുറം പാലത്തിന്റെ മറവിൽ നിന്ന്, അന്നത്തെ ചടങ്ങിൽ അണിയിക്കപ്പെട്ട പൊന്നാടയെങ്കിലും താഴെ ഭാരത പുഴയിലേക്ക് അദ്ദേഹം എറിഞ്ഞു കളയുമായിരുന്നു എന്നെനിക്ക് ഉറപ്പാണ്.
Post Your Comments