കൊച്ചി : തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങളുടെ പേരിലുള്ള സൈറ്റുകള്‍ ഹാക്ക് ചെയ്ത് പാക് ഹാക്കര്‍മാര്‍ക്കുള്ള മറുപണി മലയാളി ഹാക്കർമാർ തുടരുന്നു. പാക് സര്‍ക്കാരിന്റെ സൈറ്റുകള്‍ ഹാക്ക് ചെയ്തതിന് പിന്നാലെ പാക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ സൈറ്റ് ഹാക്ക് ചെയ്തിരിക്കുകയാണ് ഇപ്പോള്‍ മലയാളി ഹാക്കര്‍മാർ.
പാക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റില്‍ ഇപ്പോള്‍ മിഥുനത്തിലെ ഇന്നസെന്റും, ബെസ്റ്റ് ആക്ടറിലെ മമ്മൂട്ടിയെല്ലാമുണ്ട്. ഒപ്പം ഇന്ത്യന്‍ ദേശീയ പതാകയും പാറുന്നുണ്ട്. ‘പിക്ച്ചര്‍ അഭീ ബാക്കി ഹേ ഭായി’ എന്നും ‘ഇങ്ങോട്ട് കയറി ചൊറിയാതിരിക്കുക, പറ്റുമെങ്കില്‍ ആരും കാണാതെ കരയുക’ എന്നുമെല്ലാം മലയാളത്തിലും സൈറ്റില്‍ എഴുതിയിരിക്കുന്നു. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട സൈറ്റിന്റെ തകർച്ച കണ്ട് കമ്മീഷൻ ഞെട്ടിയിരിക്കുകയാണെന്നും,എങ്ങനെ ഇത് സാധിച്ചുവെന്ന് അടിയന്തിര പരിശോധനയിലാണ് കമ്മീഷനെന്നും മധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇതോടൊപ്പം പാക് മാധ്യമങ്ങളെയും മലയാളി ഹാക്കര്‍മാര്‍ ആക്രമിച്ചിരിക്കുകയാണ്. പാക് മാധ്യമങ്ങളുടെ സൈറ്റിൽ വാര്‍ത്തയെഴുതാനും ചിത്രങ്ങളിടാനും എല്ലാവര്‍ക്കും അവസരമൊരുക്കിയാണ് ഹാക്കര്‍മാര്‍ പണി കൊടുത്തിരിക്കുന്നത്. കേരള സൈബര്‍ വാരിയേഴ്‌സാണ് ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലായ കാശ്മീര്‍ ന്യൂസ് നെറ്റ് വര്‍ക്കിന്റെയും മിര്‍പൂര്‍ ന്യൂസിന്റേയും യൂസര്‍നെയ്മും പാസ്‌വേര്‍ഡും ഹാക്ക് ചെയ്തത് .
കേരള സൈറ്റ് ഹാക്ക് ചെയ്തത് ന്യൂസായി, നമ്മള്‍ തിരിച്ച് ഹാക്കിയതും ട്രോളിയതും പാകിസ്താന്‍ മീഡിയ ന്യൂസ് ആക്കിയില്ല. സങ്കടപ്പെടണ്ട, സ്വന്തമായി പാകിസ്താന്‍ മീഡിയയില്‍ ന്യൂസ് എഴുതാന്‍ അവസരം. എന്നു പറഞ്ഞാണ് ഇവർ പാക് ന്യൂസ് സൈറ്റായ മിര്‍പൂര്‍ ന്യൂസിന്റെ യൂസര്‍നെയിമും പാസ് വേര്‍ഡും,ലിങ്കുമെല്ലാം ഫേസ്ബുക്കിൽ പരസ്യപ്പെടുത്തിയിട്ടുണ്ട്. ഈ ലിങ്കുപയോഗിച്ച് കയറുന്നവര്‍ക്ക് യഥേഷ്ടം സൈറ്റില്‍ വാര്‍ത്തകളും ചിത്രങ്ങളും പോസ്റ്റ് ചെയ്യാം.
മല്ലു സൈബര്‍ സോള്‍ജിയേഴ്‌സാണ് ഇന്നലെ ഹാക്കിങ്ങ് നടത്തിയിരുന്നതെങ്കില്‍ ഇന്ന് ഹാക്കിങ്ങിന് നേതൃത്വം നല്‍കിയിരിക്കുന്നത് കേരളാ സൈബര്‍ വാരിയേഴ്‌സാണ്. ഇന്ത്യന്‍ സൈറ്റുകള്‍ ഹാക്ക് ചെയ്യപ്പെട്ടതിന് പകരമായി കൂടുതല്‍ പാക് സൈറ്റുകള്‍ ഹാക്ക് ചെയ്യുമെന്ന മുന്നറിയിപ്പും മലയാളി ഹാക്കര്‍മാര്‍ നല്‍കുന്നുണ്ട്.
Post Your Comments