തിരുവനന്തപുരം: എംടി വാസുദേവൻ നായർ വിമർശനത്തിന് അതീതനൊന്നുമല്ലെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ എൻ രാധാകൃഷ്ണൻ. സാഹിത്യകാരൻ എന്ന നിലയിൽ എംടിയെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുണ്ട് . അതേസമയം എംടിയുടെ രാഷ്ട്രീയ നിലപാടിനെതിരായ ആരോപണങ്ങളിൽ ഉറച്ച് നിൽക്കുകയും ചെയ്യുന്നു. എംടിയെ വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ല. കേരളീയ സമൂഹത്തെ ഗുരുതരമായി ബാധിക്കുന്ന നിരവധി സംഭവങ്ങൾ ഉണ്ടായിട്ടും അതേപ്പറ്റി വാതുറക്കാത്ത എംടിയുടെ ഇരട്ടത്താപ്പാണ് ചൂണ്ടിക്കാണിച്ചത്. അത് ഇനിയും തുടരും. തിരൂരിലെ തുഞ്ചൻ പറമ്പിൽ ഭാഷാ പിതാവിന്റെ പ്രതിമ ലീഗിന്റെ എതിർപ്പ് മൂലം സ്ഥാപിക്കാനായിട്ടില്ല. പ്രതിമ പണിയുന്ന സമയത്ത് ട്രസ്റ്റ് ചെയർമാനായിരുന്ന എംടി അതേപ്പറ്റി മിണ്ടിയിട്ടില്ല. ഒടുവിൽ പ്രതിമക്ക് പകരം എഴുത്താണിയും പുസ്തകവുമാണ് സ്ഥാപിച്ചത്. ലീഗിനെ പേടിച്ചാണ് എംടി ഇക്കാര്യത്തിൽ അഭിപ്രായം പറയാത്തത്. എംടിയുടെ വീടിന് തൊട്ടടുത്ത് ടിപി ചന്ദ്രശേഖരനെ മൃഗീയമായി കൊലപ്പെടുത്തിയപ്പോഴോ സഹോദരൻമാരായ സാഹിത്യ-സാംസ്കാരക നായകൻമാർ ആക്രമിക്കപ്പെട്ടപ്പോഴോ പ്രതികരിക്കാത്ത എംടിയുടെ ഇപ്പോഴത്തെ പ്രതികരണം രാഷ്ട്രീയ പ്രേരിതമാണ്. അതിന് മറുപടി പറയേണ്ട ബാധ്യത ബിജെപിക്ക് ഉണ്ട്. സാഹിത്യകാരൻമാർ നിഷ്പക്ഷത പാലിക്കണം. രാഷ്ട്രീയം കളിക്കാൻ തുടങ്ങിയാൽ അതിനുള്ള മറുപടി കേൾക്കാനും തയ്യാറാകണം.
ഇടത് നിലപാടുകളെ വിമർശിച്ച സാഹിത്യകാരൻ സക്കറിയയെ സ്റ്റേജിൽ കയറി കഴുത്തിന് പിടിച്ച് മർദ്ദിച്ച ഇടത് പക്ഷം തന്നെ സഹിഷ്ണുത പഠിപ്പിക്കാൻ വരേണ്ടതില്ല. ഉമേഷ്ബാബു, ടി പി ശ്രീനിവാസൻ, പൊഫ്ര സരസു, സി ആർ നീലകണ്ഠൻ എന്നിവരെയൊക്കെ ശാരീരികമായി മർദ്ദിച്ച് ഒതുക്കാൻ നോക്കിയ ഇടത് നേതാക്കളുടെ വക്കാലത്ത് ഇക്കാര്യത്തിൽ ആവശ്യമില്ല. എംടിയെ വിമർശിച്ചതിന്, അസഹിഷ്ണുതയുടെ തമ്പുരാക്കൻമാരായ ഇടത് നേതാക്കള് തനിക്കെതിരെ വാളെടുക്കുന്നത് ജനങ്ങൾ പുച്ഛത്തോടെയേ കാണുകയുള്ളൂ എന്നും എ എൻ രാധാകൃഷ്ണൻ തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
Post Your Comments