ന്യൂഡൽഹി: നോട്ട് അസാധുവാക്കലിന് ശേഷം സിറ്റിസൺ ക്രെഡിറ്റ് സഹകരണ ബാങ്കിൽ നടന്നത് വൻ നിക്ഷേപം. മഹാരാഷ്ട്രയിലും ഗോവയിലും ദാമനിലും ഈ ബാങ്കിന് ശാഖകൾ ഉണ്ട്. ഈ ബാങ്കുകളിൽ നിന്ന് നവംബർ എട്ടിനുശേഷം 4500-ഓളം അക്കൗണ്ടുകൾ സജീവമായതായി ആദാായനികുതി വകുപ്പ് കണ്ടെത്തി. ഇതിൽ 3000-ത്തോളം അക്കൗണ്ടുകൾ നവംബർ എട്ടിനുശേഷം തുടങ്ങിയവയാണ്. ഇവയിലേക്ക് 275 കോടിയോളം രൂപയാണ് എത്തിയത്.
ഈ അക്കൗണ്ടുടമകളെക്കുറിച്ചുള്ള വിവരങ്ങൾ ആദായ നികുതി വകുപ്പ് ശേഖരിച്ചുതുടങ്ങി. ഇതിന് പുറമെ, അറുപതോളം അക്കൗണ്ടുകൾ ഈ ഇടയ്ക്ക് ക്ലോസ് ചെയ്തിട്ടുമുണ്ട്. ഇവയിലുണ്ടായിരുന്ന പണം പിൻവലിക്കുകയോ ആർടിജിഎസ് വഴി മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റുകയോ ചെയ്തതായും ആദായ നികുതി വകുപ്പ് കണ്ടെത്തി.
കൂടാതെ ബാങ്കിലെ 250-ഓളം അക്കൗണ്ട് ഉടമകൾ വരുമാനത്തിന്റെ സ്രോതസ് കാണികാണിക്കണമെന്ന് ആദായനികുതി വകുപ്പ് അധികൃതർ ആവശ്യപ്പെട്ടു. മാത്രമല്ല വരവിൽക്കൂടുതൽ തുക കാണിച്ചുകൊണ്ട് ബാങ്ക് റിപ്പോർട്ട് തയ്യാറാക്കിയതായും പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. ബാങ്കിൽ നടന്ന പരിശോധനകളെക്കുറിച്ച് പഠിച്ചുവരികയാണ്. ക്രമക്കേടുകളൊന്നും കണ്ടെത്തിയതായി അറിയില്ലെന്നും സിറ്റിസൺ ക്രെഡിറ്റ് സഹകരണ ബാങ്കിന്റെ സിഇഒ ഗീത ആന്ദ്രാദെ പറഞ്ഞു. ബാന്ദ്ര ആസ്ഥാനമാക്കിയുള്ള സഹകരണ ബാങ്കിന്റ ഉന്നതോദ്യോഗസ്ഥർ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയതായും അവർ സ്ഥിരീകരിച്ചിട്ടുണ്ട്.
Post Your Comments