കോതമംഗലം: മോഷണക്കുറ്റം ആരോപിച്ച് ലാബ് ജീവനക്കാരിയെ ക്രൂരമായി മർദ്ദിച്ച കേസിലെ പ്രതി കോതമംഗലം തങ്കളം പൂവത്തുംചുവട്ടിൽ അബ്ദുൾ നാസർ (38) അറസ്റ്റിലായി. നീതി മെഡിക്കൽ ലാബ് ശൃംഖലയുടെ ഉടമയാണ് ഇയാൾ. ലാബിലെ പണം മോഷ്ടിച്ചെന്ന് ആരോപിച്ച് ഇയാൾ ലാബ് ജീവനക്കാരിയും വിദ്യാർത്ഥിനിയുമായ 18കാരിയെ ഏഴ് മണിക്കൂർ തടഞ്ഞുവച്ച് തുടയിൽ സൂചി കുത്തിയിറക്കിയും ശാരീരികമായി ബന്ധപ്പെടാൻ നിർബന്ധിച്ചും ക്രൂരമായി പീഡിപ്പിച്ചു.
നവംബർ 16നാണ് കോതമംഗലം ആശുപത്രിപ്പടി നീതി ലാബിലെ പാർട്ട് ടൈം ജീവനക്കാരിയും ലാബ് ടെക്നിഷ്യൻ വിദ്യാർത്ഥിനിയുമായ പെൺകുട്ടിയെ സംഘം ചേർന്ന് ഉപദ്രവിച്ചത്. പെൺകുട്ടിയുടെ തുടയിൽ കുത്തിക്കയറ്റിയ സൂചി ഒടിഞ്ഞതിനെ തുടർന്ന് കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തേണ്ടി വന്നിരുന്നു.
പ്രതിയെ കുറുപ്പംപടി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. തടങ്കലിൽ വയ്ക്കുക, ആയുധം ഉപയോഗിച്ച് മുറിവേല്പിക്കുക, ലൈംഗികമായി വഴങ്ങാൻ പ്രേരിപ്പിക്കുക, സംഘം ചേർന്ന് ആക്രമിക്കുക തുടങ്ങിയ കുറ്റങ്ങളാണ് നാസറിനെതിരെ ചുമത്തിയിട്ടുള്ളത്. ഇയാൾ കോതമംഗലത്തും സമീപ പട്ടണങ്ങളിലുമായി ഏഴ് ലാബുകൾ നടത്തുന്നുണ്ട്. സർക്കാർ സ്ഥാപനത്തിന്റെ നീതി എന്ന പേര് ദുരുപയോഗിച്ചതും പൊലീസ് അന്വേഷിക്കും. താലൂക്ക് ആശുപത്രികളോട് ചേർന്ന് തന്നെയാണ് നീതി ലാബുകൾ പ്രവർത്തിച്ചിരുന്നത്.
അച്ഛനില്ലാത്ത പെൺകുട്ടി ഫീസടയ്ക്കാൻ പണം കണ്ടെത്താനാണ് ലാബിൽ പാർട്ട് ടൈം ജോലിക്ക് ചെന്നത്. ലാബിൽ നിന്ന് പല ദിവസങ്ങളിലായി പണം നഷ്ടമായെന്ന് പറഞ്ഞായിരുന്നു പീഡനം. അമ്മ കൂലിവേല ചെയ്താണ് കുടുംബം പോറ്റുന്നത്. പെൺകുട്ടി പ്ളസ് ടുവിന് മികച്ച വിജയം നേടിയിരുന്നു.
Post Your Comments