ഡൽഹി: ഗ്രൂപ്പ് പോര് രൂക്ഷമായ കോണ്‍ഗ്രസില്‍ പ്രശ്‌നപരിഹാരത്തിനായി ഹൈക്കമാന്‍ഡ് ഇടപെടുന്നു. നേതാക്കളുടെ പരസ്യ പ്രസ്താവനകള്‍ക്ക് ഹൈക്കമാന്‍ഡ് വിലക്കേര്‍പ്പെടുത്തി. നേതാക്കള്‍ തമ്മില്‍ ഇനി പ്രസ്താവനകളിലൂടെ പരസ്പരം വിഴുപ്പലക്കരുതെന്നും പറയാനുള്ള കാര്യങ്ങള്‍ അതാത് വേദികളില്‍ പറയണമെന്നും കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക് പറഞ്ഞു
കോണ്‍ഗ്രസില്‍ പ്രതിപക്ഷമില്ലെന്ന് പറഞ്ഞ് കെ.മുരളീധരന്‍ നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയതാണ് ചേരിതിരിഞ്ഞുള്ള കോണ്‍ഗ്രസിലെ പോരിന് തുടക്കമായത്. ഇതിന് മറുപടിയുമായി കോണ്‍ഗ്രസ് വക്താവായ രാജ്‌മോഹന്‍ ഉണ്ണിത്താനും രംഗത്തെത്തിയതോടെ പ്രശ്‌നം രണ്ട് നേതാക്കള്‍ തമ്മിലുള്ള വ്യക്തിപരമായ അധിക്ഷേപത്തിലേക്ക് വരെ എത്തി.
അതേ സമയം രാജ്‌മോഹന്‍ ഉണ്ണിത്താന്‍ കോണ്‍ഗ്രസ് വക്താവ് സ്ഥാനം രാജിവെച്ചിരുന്നു. ഇന്ന് കൊല്ലത്ത് പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കാനെത്തിയ രാജ്‌മോഹന്‍ ഉണ്ണിത്താന്റെ വണ്ടി മുരളീധരന്‍ അനുകൂലികള്‍ അടിച്ചുതകര്‍ത്തു. സംഭവം ഗ്രൂപ്പ് തിരിഞ്ഞുള്ള തെരുവ് യുദ്ധത്തിലേക്ക് വരെ എത്തിയതോടെയാണ് പ്രശ്‌നത്തില്‍ ഹൈക്കമാന്‍ഡ് ഇടപെട്ടത്.
Post Your Comments