സന്നിധാനം: ശബരിമലയിലെ അപകടത്തിനു കാരണം പോലീസിന്റെ വീഴ്ചയെന്ന് റിപ്പോർട്ട്. പൊലീസിന്റെ കയ്യിലുണ്ടായിരുന്ന വടം വഴുതി വീണതാണ് അപകടകാരണമെന്ന് സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട്. അപകടസ്ഥലത്ത് ഒൻപതു പൊലീസുകാർ മാത്രമാണ് ഡ്യൂട്ടിക്കുണ്ടായിരുന്നത്. വലിയ തിക്കും തിരക്കും വന്നപ്പോൾ ഇവർക്ക് നിയന്ത്രിക്കാൻ സാധിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
ഇന്നലെ തങ്ക അങ്കി ചാർത്തിയുള്ള ദീപാരാധനയ്ക്കിടെയാണ് അപകടമുണ്ടായത്. തിക്കിലും തിരക്കിലുംപെട്ട് 23 പേർക്ക് പരുക്കേറ്റു. ഇതിൽ സാരമായി പരുക്കേറ്റ ആറു പേരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. മറ്റുള്ളവരെ സന്നിധാനം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്കേറ്റവർ ആന്ധ്ര സ്വദേശികളാണെന്ന് പൊലീസ് പറഞ്ഞു.
അപകടത്തിൽ പരുക്കേറ്റവർക്ക് സൗജന്യ ചികില്‍സ നല്‍കുമെന്നും അപകടത്തെക്കുറിച്ച് അന്വേഷിക്കുമെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. മന്ത്രിയും ദേവസ്വം പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണനും ആശുപത്രിയിലെത്തി പരുക്കേറ്റവരെ സന്ദർശിച്ചു. പൊലീസിന് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ടെന്നും നിലവിൽ സാഹചര്യം സാധാരണ നിലയിലാണെന്നും മന്ത്രി പറഞ്ഞു.
Post Your Comments