ന്യൂയോര്‍ക്ക്: വ്യാജ വാര്‍ത്തയോട് പ്രതികരിച്ച പാക് പ്രതിരോധമന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ് ഇസ്രയേലിനെതിരെ ഭീഷണി മുഴക്കിയെന്ന് റിപ്പോര്‍ട്ട്. പാക്കിസ്ഥാനെതിരെ ആണവായുധം പ്രയോഗിക്കുമെന്ന് ഇസ്രയേല്‍ മുന്നറിയിപ്പ് നല്‍കിയെന്ന വ്യാജ വാര്‍ത്തയോടാണ് പാക് മന്ത്രി പ്രതികരിച്ചത്. പാക് പ്രതിരോധമന്ത്രി തെറ്റായ വാര്‍ത്തയോടാണ് പ്രതികരിച്ചതെന്നും വാര്‍ത്തയ്ക്ക് യാതൊരു അടിസ്ഥാനവും ഇല്ലെന്നും ഇസ്രയേല്‍ പ്രതിരോധമന്ത്രി വ്യക്തമാക്കി.
ഇസ്ലാമിക തീവ്രവാദത്തിനെതിരേയും നിലപാട് കര്‍ശനമാക്കുന്ന രാജ്യമാണ് ഇസ്രയേല്‍. ഈ സാഹചര്യത്തിലാണ് വ്യാജ വാര്‍ത്തയോട് അതിരൂക്ഷമായി പാക്കിസ്ഥാന്‍ പ്രതികരിച്ചത്. സിറിയയിലേക്ക് പാക്കിസ്ഥാന്‍ സൈന്യത്തെ അയച്ചാല്‍ ആണവായുധം ഉപയോഗിച്ച് ആ രാജ്യത്തെ തകര്‍ക്കുമെന്ന് ഇസ്രയേല്‍ പ്രതിരോധമന്ത്രി മുന്നറിയിപ്പ് നല്‍കി എന്നായിരുന്നു വ്യാജ വാര്‍ത്ത. ഇതിനെതിരെ രൂക്ഷമായ പ്രതികരണമാണ് പാക് മന്ത്രി നടത്തിയത്. പാക്കിസ്ഥാന്‍ ആണവ രാഷ്ട്രമാണെന്നകാര്യം ഇസ്രയേല്‍ മറക്കരുതെന്ന് പാക് പ്രതിരോധമന്ത്രി ഔദ്യോഗിക ട്വിറ്ററിലൂടെ മുന്നറിയിപ്പ് നല്‍കി.
സിറിയയില്‍ ഐഎസിനെതിരായ നടപടിയില്‍ പാക്കിസ്ഥാന് പങ്കുണ്ടെന്ന് കണ്ടെത്തിയാല്‍ പാക്കിസ്ഥാനെതിരെ ആണവായുധം ഉപയോഗിക്കുമെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി പറഞ്ഞുവെന്ന വ്യാജ വാര്‍ത്തയായിരുന്നു ഈ പ്രകോപനത്തിന് കാരണം. പാക്കിസ്ഥാന്‍ ആരോപിക്കുന്നത് പോലെ ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇത്തരത്തില്‍ പറഞ്ഞിട്ടില്ല എന്നതാണ് വാസ്തവമെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത്തരത്തില്‍ തെറ്റായ ഒരു വാര്‍ത്ത വന്നപ്പോള്‍ തന്നെ ഇസ്രയേല്‍ സര്‍ക്കാര്‍ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ നിഷേധിച്ചിരുന്നു. ഇതു തിരിച്ചറിയാതെയായിരുന്നു പാക്ക് പ്രതിരോധ മന്ത്രിയുടെ പ്രതികരണം.
Post Your Comments