തിരുവനന്തപുരം: നാഗർകോവിലിൽ ജനിച്ചുവളർന്ന ഗിരിജാ വൈദ്യനാഥൻ തമിഴ്നാട് ചീഫ്സെക്രട്ടറിയായി ചുമതലയേറ്റു. ആഭ്യന്തരവകുപ്പ് അഡി.ചീഫ് സെക്രട്ടറി നളിനിനെറ്റോയുടെ അമ്മാവന്റെ മകളാണ് ഗിരിജ. 1981ലാണ് ഗിരിജ ചീഫ് സെക്രട്ടറി എസ്.എം.വിജയാനന്ദിനൊപ്പം ഐ.എ.എസ് നേടിയത്. 1990മുതൽ 1992വരെ റിസർവ് ബാങ്ക് ഗവർണറായിരുന്ന എസ്.വെങ്കിട്ടരമണന്റെ മകളാണ് ഗിരിജ. നളിനിയുടെ പിതൃസഹോദരിയാണ് ഗിരിജയുടെ അമ്മ.
എം.എസ്.സി ഫിസിക്സ് വിജയിച്ചശേഷം ഹെൽത്ത് ഇക്കണോമിക്സിൽ മദ്രാസ് ഐ.ഐ.ടിയിൽ നിന്ന് ഗിരിജ പി.എച്ച്.ഡിയും നേടിയിട്ടുണ്ട്. തമിഴ്നാടിന്റെ നാല്‌പത്തിയഞ്ചാം ചീഫ് സെക്രട്ടറിയാണ് ഗിരിജ. വിജിലൻസ് കമ്മിഷണറായും ഭരണപരിഷ്കാര കമ്മിഷണറായും പ്രവർത്തിച്ചിട്ടുണ്ട്.
അടുത്ത മാർച്ചിൽ എസ്.എം.വിജയാനന്ദ് വിരമിക്കുമ്പോൾ ചീഫ്‌സെക്രട്ടറി പദവിയിലേക്ക് എത്തേണ്ടത് നിലവിൽ ആഭ്യന്തരസെക്രട്ടറിയും മുഖ്യമന്ത്രിയുടെ സെക്രട്ടറിയുമായ നളിനിനെറ്റോയാണ്. സഹോദരിമാർ അയൽപക്ക സംസ്ഥാനങ്ങളിൽ ചീഫ്‌സെക്രട്ടറിമാറാവുന്ന അപൂർവതയും അന്നുണ്ടാവും.
Post Your Comments