Uncategorized

പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി : യുവമോർച്ചാ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ ആർ എസ് രാജീവ് അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു

തിരുവനന്തപുരം•പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടുക, നിലവിലെ റാങ്ക് ലിസ്റ്റുകളിൽ നിന്ന് ഉടൻ നിയമനം നടത്തുക, പിൻവാതിൽ നിയമനം ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് യുവമോർച്ചാ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ ആർ എസ് രാജീവ് സെക്രട്ടറിയേറ്റ് നടയിൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു. സുരേഷ് ഗോപി എംപി സമരം ഉദ്ഘാടനം ചെയ്തു. യുവജനങ്ങളെ തെരുവിൽ കുരുതി കൊടുക്കാനുളള നീക്കത്തിൽ നിന്ന് സംസ്ഥാന സർക്കാർ പിൻമാറണമെന്ന് സുരേഷ് ഗോപി ആവശ്യപ്പെട്ടു.162 പിഎസ്‌സി ലിസ്റ്റുകളുടെ കാലാവധി ഡിസംബറില്‍ അവസാനിക്കും. അമ്പതിനായിരം ഉദ്യോഗാര്‍ത്ഥികളുടെ തൊഴില്‍ മോഹങ്ങളാണ് പൊലിയുന്നത്. ഓരോ കുടുംബങ്ങളുടെയും ഭഷണമാണ് ഇതോടെ അടയുന്നത്. അതിനാല്‍ ഉദ്യോഗാര്‍ത്ഥികളോട് ചര്‍ച്ചക്ക് മുഖ്യമന്ത്രി തയ്യാറാകണം. നിലവിലെ റാങ്ക് ലിസ്റ്റുകളുടെ കാലാവധി ഒന്നര വർഷമെങ്കിലും നീട്ടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വർഷം 5 ലക്ഷം തൊഴിലവസരം സൃഷ്ടിക്കുമെന്ന് വാഗ്ദാനം ചെയ്ത പിണറായി വിജയൻ പുതിയ അവസരങ്ങൾ സൃഷ്ടിച്ചില്ലെങ്കിലും ഉള്ളത് ഇല്ലാതാക്കരുതെന്ന് ആർഎസ് രാജീവ് ആവശ്യപ്പെട്ടു. ചെറുപ്പക്കാരുടെ ക്ഷമ പരീക്ഷിച്ച് അവരെ തെരുവിലിറക്കാനുള്ള നീക്കത്തിൽ നിന്ന് സർക്കാർ പിൻമാറണമെന്നും രാജീവ് പറഞ്ഞു.

സമാന ആവശ്യവുമായി സെക്രട്ടറിയേറ്റ് നടയിൽ സമരം ചെയ്യുന്ന കെഎസ്ഇബി മസ്ദൂർ റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ യുവമോർച്ചാ സമരത്തിന് പിന്തുണയുമായി സമരപ്പന്തലിലെത്തി. ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷൻ ഡോ പി പി വാവ, സംസ്ഥാന സെക്രട്ടറി ശിവന്‍കുട്ടി, സംസ്ഥാന വക്താവ് അഡ്വ ജെആർ പത്മകുമാർ, ജില്ലാ പ്രസിഡന്റ് അഡ്വ. എസ്. സുരേഷ്, യുവമോർച്ചാ സംസ്ഥാന ജനറൽ സെക്രട്ടറി പ്രഫുൽ കൃഷ്ണൻ, ജില്ലാ അദ്ധ്യക്ഷൻ ജെ ആർ അനുരാജ് എന്നിവർ പ്രസംഗിച്ചു. സംസ്ഥാന അദ്ധ്യക്ഷൻ അഡ്വ കെ പി പ്രകാശ് ബാബു നിരാഹാര സമരം നടത്തുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും പിതൃസഹോദരൻ മരിച്ചതിനാൽ പ്രകാശ് ബാബു കോഴിക്കോട്ടേക്ക് മടങ്ങുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button