ന്യൂഡല്‍ഹി: ശസ്ത്രക്രിയ കഴിഞ്ഞുള്ള വിശ്രമത്തിനിടയിലും സുഷമ സ്വരാജ് കര്‍മ്മനിരതയാകുകയാണ്. ഇത്തവണ സഹായം തേടി എത്തിയത് നോര്‍വെയില്‍ നിന്നുള്ള ഇന്ത്യന്‍ ദമ്പതിമാരാണ്. നോര്‍വേയില്‍ താമസിക്കുന്ന ഇന്ത്യന്‍ ദമ്പതികളില്‍നിന്ന് അഞ്ച് വയസ്സുകാരനായ കുട്ടിയെ ഏറ്റെടുത്ത സംഭവത്തിലാണ് മന്ത്രി ഇടപ്പെട്ടത്. കേന്ദ്ര വിദേശ കാര്യമന്ത്രി സുഷമാ സ്വരാജ് നോര്‍വേയിലെ ഇന്ത്യന്‍ സ്ഥാനപതിയോട് വിശദീകരണം തേടി.
മാതാപിതാക്കള്‍ പീഡിപ്പിച്ചുവെന്ന് ആരോപിച്ച് കഴിഞ്ഞയാഴ്ച്ചയാണ് നോര്‍വേ ചൈല്‍ഡ് വെല്‍ഫയര്‍ അധികൃതര്‍ കുട്ടിയെ ഏറ്റെടുത്തത്. തങ്ങളെ വിവരമറിയിക്കാതെ അധികൃതര്‍ കുട്ടിയെ കിന്റര്‍ ഗാര്‍ഡനില്‍ നിന്ന് നേരിട്ട് ഏറ്റെടുക്കയായിരുന്നെന്ന് പിതാവ് അനില്‍ കുമാര്‍ ശര്‍മ ആരോപിച്ചു. പിന്നീട് കുട്ടിയെ തല്ലിയെന്നാരോപിച്ച് നാല് പൊലീസുകാര്‍ വീട്ടില്‍ കയറി ഭാര്യയെ ചോദ്യം ചെയ്തു. അധികൃതര്‍ക്ക് ഇത് വരെ തങ്ങള്‍ക്കെതിരെയുള്ള ആരോപണം തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ല. വളരെ മോശമായ രീതിയിലാണ് കുട്ടി വെല്‍ഫെയര്‍ ഹോമില്‍ കഴിയുന്നതെന്നും അനില്‍ കുമാര്‍ പറഞ്ഞു. കുട്ടിയെ അധികൃതര്‍ ഏറ്റെടുത്തതിനേ തുടര്‍ന്ന് മാതാപിതാക്കള്‍ ബിജെപി നേതാവ് വിജയ് ജോളി മുഖേന വിദേശ കാര്യമന്ത്രിയുടെ സഹായം തേടുകയായിരുന്നു. രക്ഷിതാക്കള്‍ കുട്ടികളെ പീഡിപ്പിച്ചുവെന്നാരോപിച്ച് മൂന്ന് വര്‍ഷത്തിനിടെ നോര്‍വേയില്‍ ഇന്ത്യക്കാര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്യുന്ന മുന്നാമത്തെ കേസാണിത്. മുമ്പത്തെ കേസുകളില്‍ കുട്ടികളുടെ ദേഹത്ത് പരുക്കുകളും മുറിവുകളും കണ്ടെത്തിയിരുന്നെങ്കിലും ഈ സംഭവത്തില്‍ ഇത്തരത്തിലുള്ള തെളിവുകള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല
Post Your Comments