കോട്ടയം : നാഡീസംബന്ധമായ രോഗത്തിനുള്ള മരുന്നുമായി സൗദി അറേബ്യയിലുള്ള ഭര്‍ത്താവിന്റെ അടുത്തേക്കു പോയ മലയാളി യുവതിയെയും മൂന്നു വയസുള്ള മകനെയും ദമാം ജയിലില്‍ നിന്നു വിട്ടയച്ചു. വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയില്‍ മരുന്നു കണ്ടു മയക്കുമരുന്നെന്നു തെറ്റിദ്ധരിച്ചതിനെ തുടര്‍ന്നാണ് ഡ്രഗ്‌സ് ആന്‍ഡ് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ വിഭാഗം അമ്മയെയും കുഞ്ഞിനെയും പിടികൂടി ജയിലില്‍ അടച്ചത്. കുഞ്ഞിനെ അല്‍പസമയത്തിനകം വിട്ടയച്ചെങ്കിലും അമ്മയെ ഇന്ത്യന്‍ സമയം 10.30ഓടെയാണ് വിട്ടയച്ചത്.
ഇവരുടെ കൈവശമുണ്ടായിരുന്നത് മരുന്നാണെന്നും ഇതു തെളിയിക്കുന്നതിനുള്ള ആശുപത്രി രേഖകളും മറ്റും സൗദിയിലെ ഇന്ത്യന്‍ എംബസിക്കു കൈമാറി.
പാസ്‌പോര്‍ട്ടിന്റെ കോപ്പിയും സമര്‍പ്പിച്ചു. തുടര്‍ന്ന് പ്രാദേശിക സമയം അഞ്ചരയ്ക്കാണ് യുവതിയെ വിട്ടയ്ക്കാനുള്ള ഉത്തരവ് നല്‍കിയത്. ദമാം വിമാനത്താവളത്തിന് സമീപത്തെ ജയിലിലേക്കായിരുന്നു ഇവരെ കൊണ്ടുപോയത്.
കോട്ടയം ചങ്ങനാശേരിയിലുള്ള ഹിസാനാ ഹുസൈനും (26) അവരുടെ മൂന്നു വയസുകാരന്‍ മകനുമാണു സൗദിയില്‍ കുടുങ്ങിയത്. ചൊവ്വാഴ്ച പകലാണു ഹിസാന കുഞ്ഞിനൊപ്പം കൊച്ചിയില്‍നിന്ന് സൗദി അറേബ്യയിലുള്ള ഭര്‍ത്താവിന്റെ അടുത്തേക്കു പറന്നത്. നാഡീസംബന്ധമായ ഗുരുതര രോഗത്തിനു കഴിഞ്ഞ മൂന്നു വര്‍ഷമായി കേരളത്തിലെ പ്രമുഖ ന്യൂറോളജിസ്റ്റിന്റെ ചികിത്സയിലാണ് അവര്‍. ഡോക്ടറുടെ നിര്‍ദേശപ്രകാരം ആറു മാസത്തേക്കുള്ള മരുന്നുമായാണ് അവര്‍ സൗദിയിലേക്കു വിമാനം കയറിയത്. അവിടെയെത്തിയപ്പോള്‍ വിമാനത്താവളത്തില്‍ ഡ്രഗ്‌സ് ആന്‍ഡ് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ വിഭാഗം പിടികൂടുകയായിരുന്നു.
വിവരമറിഞ്ഞു നാട്ടിലുള്ള മാതാപിതാക്കള്‍ പരിഭ്രാന്തരായി. തുടര്‍ന്ന് ഇവര്‍ക്കു പരിചയമുള്ള ലോക് ജനശക്തി പാര്‍ട്ടി നേതാവ് രമാ ജോര്‍ജും മാധ്യമപ്രവര്‍ത്തകനായ അഭിലാഷ് ജി നായരും ഇവരെ സഹായിക്കാന്‍ രംഗത്തെത്തുകയായിരുന്നു. സൗദിയിലെ ഇന്ത്യന്‍ എംബസിയുമായി ഇവര്‍ ട്വിറ്ററിലും ഫോണിലും ബന്ധപ്പെട്ടു. നാട്ടില്‍നിന്നു ഹിസാനയുടെ ചികിത്സാ റിപ്പോര്‍ട്ട് എംബസിക്ക് അയച്ചുകൊടുത്തു. ഹിസാനയുടെ ഭര്‍ത്താവ് എംബസി ആവശ്യപ്പെട്ട എല്ലാ രേഖകളും കൈമാറി. ചികിത്സാ റിപ്പോര്‍ട്ട് അറ്റസ്റ്റ് ചെയ്ത് സൗദിയില്‍ പ്രാക്ടീസ് ചെയ്യുന്ന ഇന്ത്യന്‍ ന്യൂറോസര്‍ജന്റെ സത്യവാങ്മൂലവും വാങ്ങി സൗദി അധികൃതര്‍ക്ക് കൈമാറുകയായിരുന്നു
.
ശസ്ത്രക്രിയ കഴിഞ്ഞു വിശ്രമത്തില്‍ കഴിയുന്ന വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനെയും വിവരമറിയിച്ചു. മന്ത്രാലയത്തില്‍നിന്നും ഇടപെടലുണ്ടായതോടെയാണു ജയിലില്‍നിന്നു കുഞ്ഞിനെ വിട്ടയയ്ക്കാന്‍ അധികൃതര്‍ തയാറായത്. ഡോക്ടറുടെ കുറിപ്പ് ഉണ്ടെങ്കില്‍ പോലും മരുന്നുകളുമായി സൗദിയിലേക്ക് എത്തരുതെന്ന് മുന്നറിയിപ്പു നല്‍കാറുണ്ടെന്ന് സൗദിയിലെ ഇന്ത്യന്‍ എംബസി വ്യക്തമാക്കി.
Post Your Comments