NewsInternational

എല്ലാം മോദി സ്റ്റയിലില്‍ തന്നെ : പ്രവാസി മലയാളികളെ അമ്പരപ്പിച്ച് ലേബര്‍ ക്യാമ്പില്‍ മുഖ്യമന്ത്രിയുടെ മിന്നല്‍ സന്ദര്‍ശനം

ദുബായ്: മുഖ്യമന്ത്രിയായി ചുമതല ഏറ്റെടുത്ത ശേഷം ആദ്യമായി യു.എ.ഇ സന്ദര്‍ശിക്കാന്‍ എത്തിയ പിണറായി വിജയന് ആവേശോജ്ജ്വല സ്വീകരണമാണ് പ്രവാസികള്‍ ഒരുക്കിയത്. . ഇതിനിടെ മുഖ്യമന്ത്രി അപ്രതീക്ഷിതമായിട്ടായിരുന്നു ലേബര്‍ ക്യാമ്പ് സന്ദര്‍ശിച്ചത്. ക്യാമ്പിലെത്തിയ മുഖ്യമന്ത്രിയെ കണ്ടപ്പോള്‍   അത്ഭുതവും അമ്പരപ്പുമായിരുന്നു പലരുടേയും മുഖത്ത്. നിറഞ്ഞ ചിരിയോടെ അല്‍ഖൂസിലെ ലേബര്‍ ക്യാംപിലാണ് പിണറായി എത്തിയത്. നാടിനെ അനുസ്മരിപ്പിക്കും വിധത്തില്‍ മുദ്രാവാക്യം വിളികളോടെ ആവേശകരമായ വരവേല്‍പ്പാണ് തൊഴിലാളികള്‍ നല്‍കിയത്.
ചുറ്റും നോക്കി ഏവരെയും കൈവീശി അഭിവാദ്യം ചെയ്ത് തിരക്കുകൂട്ടാതെയാണ് അദ്ദേഹം ക്യാമ്പിലെത്തിയത്.

തൊഴിലാളികളുടെ താമസയിടവും ഭക്ഷണശാലയുമെല്ലാം ചുറ്റിനടന്നു കണ്ടു. പിന്നെ, തൊഴിലാളികളുമായി സംസാരിക്കാന്‍ ക്യാംപിലെ ഓഡിറ്റോറിയത്തിലേക്കു നീങ്ങി. മോദി സ്‌റ്റൈലില്‍ തന്നെയായിരുന്നു മുഖ്യമന്ത്രിയുടെ ലേബര്‍ ക്യാമ്പ്് സന്ദര്‍ശനവും. പ്രവാസികളോടുള്ള കരുതല്‍ വ്യക്തമാക്കുന്നതും ആത്മവിശ്വാസം നല്‍കുന്നതുമായിരുന്നു മുഖ്യമന്ത്രിയുടെ ഓരോ വാക്കും. തിരഞ്ഞെടുപ്പിനു മുന്‍പ് ഡിസംബറില്‍ ദുബായില്‍ സന്ദര്‍ശിച്ചപ്പോഴും തൊഴിലാളികളുടെ കാര്യങ്ങള്‍ പ്രത്യേകം അന്വേഷിച്ചിരുന്നു. വാക്കു പാലിച്ച അദ്ദേഹം, പ്രത്യേക താല്‍പര്യമെടുത്താണ് ക്യാംപില്‍ എത്തിയത്.
നാടുവിട്ടു ജോലി ചെയ്യുന്ന ഓരോരുത്തരുടെയും പ്രയാസങ്ങള്‍ മനസിലാക്കുന്നതായും ഈ ത്യാഗമനോഭാവവും പിന്തുണയുമാണ് കേരളത്തിന്റെ പച്ചപ്പിന്റെ കാരണമെന്നും അദ്ദേഹം പറഞ്ഞു.

പ്രവാസികളുടെ കാര്യത്തില്‍ കരുതലുള്ളതും അവരോടൊപ്പം ചിന്തിക്കുന്നതുമായ സര്‍ക്കാരാണ് കേരളത്തിലുള്ളതെന്നു വിശ്വസിക്കാമെന്നും ഉറപ്പുപറഞ്ഞാണ് മുഖ്യമന്ത്രി മടങ്ങിയത്.
മുഖ്യമന്ത്രി എത്തുന്നതറിഞ്ഞ് തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ളവര്‍ എത്തിയിരുന്നു. കര്‍ശന നിയന്ത്രണം ഉണ്ടായിരുന്നതിനാല്‍ മറ്റു ക്യാംപുകളില്‍ നിന്നുള്ളവര്‍ക്ക് അകത്തേക്കു വരാനായില്ല. കെട്ടിടങ്ങള്‍ക്കും വാഹനങ്ങള്‍ക്കും മുകളില്‍ നിന്ന് അവര്‍ മുഖ്യമന്ത്രിയെ അഭിവാദ്യം ചെയ്തു. ഇന്നലെ രാവിലെ ദുബായില്‍ എത്തിയ മുഖ്യമന്ത്രി കൊച്ചി സ്മാര്‍ട്ട് സിറ്റിയുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ പങ്കെടുത്തു. കൊച്ചി സ്മാര്‍ട്ട്‌സിറ്റിയുടെ പ്രായോജകരായ ദുബായ് ഹോള്‍ഡിങ്‌സ് മേധാവികളുമായുള്ള കൂടിക്കാഴ്ചയായിരുന്നു പ്രധാനപരിപാടി. ഏതാനും പൗരപ്രമുഖരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button