അശോക് കര്‍ത്ത
1960’കളിലാണ് ബുദ്ധിജീവികൾ ഈ പുത്തൻ ജീവിവർഗ്ഗത്തെ ഇവിടെ കേരളത്തിൽ ആദ്യമായി കണ്ടുതുടങ്ങുന്നത്. പഠിപ്പും വായനയുമുള്ള അദ്ധ്യാപകർ, ബാങ്കുദ്യോഗസ്ഥർ, എഞ്ചിനീയർമാർ, എംബസികളിലോ, മാദ്ധ്യമരംഗത്തോ പ്രവർത്തിക്കുന്നവർ തുടങ്ങിയ എലീറ്റുകൾ അസ്തിത്വവാദത്തിനു (Existentialism) മീതേ അടയിരുന്നു വിരിച്ചതാണു സംഭവം. കവിതയിലാണു തുടക്കം. പിന്നെയതു നോവലിലേക്കും ചെറുകഥയിലേക്കും പടർന്നു. 70’കളിൽ എത്തിയപ്പോൾ സിനിമയൂം, അതിനു പാങ്ങില്ലാത്തവർ നാടകത്തിലൂടെയും ബുദ്ധിജീവികളായി മാറി. ഇതിനിടയിൽ ചിത്രകാരന്മാരുടെ ഒരു സംഘവുമുണ്ട്. പക്ഷെ എല്ലാവരും തമ്മിൽ പാരസ്പര്യവും, സവിശേഷമായ താളവുമുണ്ടായിരുന്നു.
ബുദ്ധിജീവികളെ പെട്ടെന്നു തിരിച്ചറിയാം. ജൂബയും, സഞ്ചിയും കാണും(ബുജി ഹാങ്ങോവർ ഉള്ള ചിലർ ഇപ്പോഴും ആ വേഷത്തിൽ കാണപ്പെടുന്നുണ്ട്). വെള്ളമടി ആവശ്യം വേണ്ട ഒന്നാണ്. വേണമെങ്കിൽ കഞ്ചാവും വലിക്കാം. ചിലർ കുളിക്കില്ല. ചിലർ കുളിക്കുകയും രഹസ്യമായി ലളിതസഹസ്രനാമം ജപിക്കുകയും ചെയ്യും. പക്ഷെ പൊതുവേദിയിലൊക്കെ എത്തുമ്പോൾ ഒരു നാറിയ ലുക്ക് സൂക്ഷിക്കും. അക്കാലത്തെ ബുജികൾ പൊതുവേ നിരുപദ്രവകാരികളായിരുന്നു. നല്ല വായനയും അറിവും മിക്കവർക്കുമുണ്ടായിരുന്നു. ബഹളമൊക്കെ വക്കുമെങ്കിലും കാര്യവിവരമുള്ളവരായിരുന്നു ഭൂരിപക്ഷവും. പൊതുരംഗത്തു അവർ ഒരു പുത്തനുണർവ്വ് ഉണ്ടാക്കിയിട്ടുണ്ടെന്നു സമ്മതിക്കണം. മലയാളിയെ ആധുനിക സാഹിത്യം, കല എന്നിവയുമായി ബന്ധിപ്പിച്ചത് അവരായിരുന്നു. അല്പം നക്സൽ ചായ്‌വുണ്ടായിരുന്നെങ്കിലും ഏറിയപങ്കും നിഷ്കാമകർമ്മികളും മതനിരപേക്ഷരും, സഹിഷ്ണുതയുള്ളവരുമായിരുന്നു.
1980’കളിൽ ബുദ്ധിജീവി വർഗ്ഗത്തിനു മണ്ഡരി ബാധിച്ചു. എൽ.ഡി.ക്ലാർക്ക് പരീക്ഷയും ഗൾഫിലെ ജോലിസാധ്യതയുമായിരുന്നു അതിന്റെ പ്രധാന കാരണം. പലരും സർക്കാർ ലാവണത്തിൽ എത്തി. ഗൾഫിൽ പോയി ജീവിതം പച്ചപിടിപ്പിച്ചവർ വേറെ. നാട്ടിലുള്ളവർ ചിട്ടി, ബ്ലേഡ്, തേക്ക് മാഞ്ചിയം തുടങ്ങിയവയും, ഗൾഫുകാർ സ്ഥലം മേടിച്ച് ഷോപ്പിങ്ങ് കോംപ്ലക്സ് പണിതും പതുക്കെ ബ്യൂറോക്രാറ്റും, ബൂർഷ്വയുമൊക്കെയായി. ഗൾഫിൽ നിന്നും മടങ്ങിയ ഭൂരിപക്ഷത്തിനും മതബോധത്തിന്റെ വൈറസ് ബാധിക്കുകയും ചെയ്തു. അങ്ങനെ ആ കാലഘട്ടം അവസാനിച്ചു. ശേഷം
1990’കളോടെയാണ് പുതിയ വേർഷൻ ബുജികൾ ഇറങ്ങിത്തുടങ്ങിയത്. ഇത്തവണ ആഗോളീകരണത്തിന്റെ മുട്ടയാണു വിരിഞ്ഞത്. അതിൽ മതത്തിന്റെയും, കോമേഴ്സിന്റേയും രണ്ടുതരം മുട്ടകൾ ഉണ്ടായിരുന്നു. രണ്ടായാലും ‘സാമ്പത്തികം’ ഉണ്ട് എന്നതാണ് സവിശേഷത. പഴയ കാലത്തെപ്പോലെ ദാരിദ്ര്യവാസി ബുദ്ധിജീവികളല്ല. ബ്രാൻഡഡ് വേഷങ്ങളും, യാത്രകളും, പുരസ്കാരങ്ങളുമൊക്കെ കിട്ടുന്ന ആധുനിക ബുദ്ധിജീവികളായിരുന്നു അവർ. ന്യൂജെൻ. മത-തീവ്രവാദ സംഘടനകളുടെ ക്വട്ടേഷനാണ് മുഖ്യമായും എടുക്കുക. അതിനാണ് വരായ്ക കൂടുതൽ. അതുകൊണ്ടു തന്നെ അത്തരം ബുദ്ധിജീവി പ്രവർത്തനങ്ങളിൽ പറ്റിക്കൂടുന്നവരുടെ എണ്ണം കൂടുതലായിരുന്നു. പലപ്പോഴും ജോലിക്കു പോകുന്നതിനേക്കാൾ ലാഭകരവുമായിരുന്നു അത്. അങ്ങനെ ഈച്ചക്കൂട്ടം പോലെയാണു മതത്തിനു ചുറ്റും ബുജികൾ പറ്റിക്കൂടിയത്. തീവ്രവാദം ഇത്തിരി റിസ്കുള്ള പണിയാണെങ്കിലും വരായ്ക മോശമല്ല.
വ്യവസായികൾ മയക്കുമരുന്നു മാഫിയകളുടെ മുട്ട അടവക്കുമ്പോഴാണു പാരിസ്ഥിതിക, സ്ത്രീപക്ഷപാത ബുദ്ധിജീവി ജനുസുകൾ വിരിയുക. വാർത്താപ്രാധാന്യം നേടിക്കൊടുക്കുക, പൊതുജന ശ്രദ്ധ തിരിക്കുക എന്നതൊക്കെയാണു അവരുടെ ക്വട്ടേഷൻ. അല്ലാതെ അവർ ഏറ്റെടുക്കുന്നതൊന്നും വിജയിക്കണമെന്നു നിർബ്ബന്ധമില്ല. അതിൽ താൽപര്യവുമില്ല. സ്ത്രീസ്വാതന്ത്ര്യം, പരിസ്ഥിതി, ചുംബനം, അഭിപ്രായ സ്വാതന്ത്ര്യം തുടങ്ങിയ അനേകം ടൂളുകൾ അതിനുണ്ട്. അതിലേതെങ്കിലും ഒന്നുപയോഗിച്ച് വിവാദമുണ്ടാക്കിക്കൊടുക്കുകയേ വേണ്ടു. മാദ്ധ്യമ ശ്രദ്ധയുടെ കാര്യം തൽപ്പര കക്ഷികൾ നോക്കിക്കൊള്ളും. പുരസ്കാരം, വിദേശയാത്രകൾ തുടങ്ങിയ ബോണസുകൾ വേറെ.
ഇത്തരം ബുദ്ധിജീവികളുടെ ജീനുകൾ പരിശോധിച്ചാൽ ഒരല്പം മതം, പരിസ്ഥിതി, മനുഷ്യാവകാശം, ലേശം എൻ.ജി.ഒ ഒക്കെ ഇങ്ങനെ ചുറ്റുപ്പിണഞ്ഞു കിടക്കുന്നതു കാണാം. മതം എന്നു പറയുമ്പോൾ അതിൽ ഹിന്ദുമതം പെടില്ല. അത് എതിർക്കാനുള്ളതാണ്. എന്നാൽ ഇസ്ലാം-ക്രിസ്തുമതങ്ങളെ വിമർശിക്കാനും പാടില്ല.
കാട്ടുകടന്നൽ മാതിരി സ്വൈര്യം കെടുത്തി പറന്നു നടക്കുമ്പോഴാണ് അല്ലറ, ചില്ലറ തട്ടുംമുട്ടുമൊക്കെ കിട്ടാൻ തുടങ്ങിയത്. വീട്ടിൽ ചെയ്യേണ്ടത് നിരത്തിൽ ചെയ്യരുതെന്നു പറഞ്ഞ മുഖ്യമന്ത്രിയുടെ കാലമാണെന്നു ഓർത്തുകാണില്ല. ആ കാലത്ത്, വിവാദം ഉണ്ടാക്കാം. പക്ഷെ അതിന്റെ റിസ്കു കൂടി എടുക്കാൻ തയ്യാറാകണം. അതിനു വയ്യെങ്കിൽ ഇത്രയും കാലം സമ്പാദിച്ചതുകൊണ്ട് എവിടേലും ചുരുണ്ടുകൂടണം. അല്ലെങ്കിൽ ബുജികളുടെ ഈ ജനുസും കുറ്റിയറ്റുപോകത്തേയുള്ളു.
Post Your Comments