ദമ്മാം•വിസാനിയമക്കുരുക്കുകളിൽ കുടുങ്ങി ദീർഘകാലമായി നാട്ടിൽ പോകാനാകാതെ കഴിയേണ്ടി വന്ന വീട്ടുജോലിക്കാരി, നവയുഗം സാംസ്കാരികവേദിയുടെയും, ഇന്ത്യൻ എംബസ്സിയുടെയും സഹായത്തോടെ നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി.
തമിഴ്‌നാട് ചെന്നൈ സ്വദേശിനിയായ ജൻബീബെ മൂന്നു വർഷത്തോളമായി സൗദി അറേബ്യയിൽ ജോലിയ്‌ക്കെത്തിയിട്ട്. തമിഴ്നാട്ടുകാരനായ ഒരു വിസ ഏജന്റ് വൻതുക സർവ്വീസ് ചാർജ്ജും വാങ്ങി, ഹൗസ്‌മൈഡ് വിസ എന്ന് പറഞ്ഞ് , അവർക്ക് നൽകിയത് വിസിറ്റിങ് വിസ ആയിരുന്നു. സൗദിയിൽ എത്തി സ്‌പോൺസറുടെ വീട്ടിൽ ജോലി തുടങ്ങി രണ്ടു മാസം കഴിഞ്ഞാണ് ജൻബീബെ ഇത് മനസ്സിലാക്കുന്നത്. അപ്പോഴേയ്ക്കും സമയപരിധിയ്ക്കുള്ളിൽ പുതുക്കാത്തതിനാൽ വിസിറ്റിങ് വിസയുടെ കാലാവധി കഴിഞ്ഞ് പോയിരുന്നു. അതോടെ ഫൈനും ബാനും കിട്ടാതെ തിരികെ പോകാനാകാതെയും, നിയമപ്രകാരം തങ്ങാനുമാകാതെയുള്ള അവസ്ഥയിലായി അവർ. സ്പോൺസർ ഇതൊന്നും കാര്യമായി എടുത്തില്ലെന്ന് മാത്രമല്ല, അവരെക്കൊണ്ട് രാപകൽ ജോലി ചെയ്യിയ്ക്കുകയും, ശമ്പളം നൽകാതിരിയ്ക്കുകയും ചെയ്തു.
സ്വന്തം കുടുംബത്തിന്റെ ദയനീയമായ സാമ്പത്തികഅവസ്ഥയോർത്തും, വിസയ്ക്കായി പലരിൽ നിന്നും കടം വാങ്ങിയ പണം തിരികെ നൽകാതെ നാട്ടിലെയ്ക്ക് മടങ്ങിയാലുള്ള അവസ്ഥയുമോർത്ത്, സൗദിയിൽ എങ്ങനെയും പിടിച്ചു നിൽക്കാനായിരുന്നു ജൻബീബെയുടെ ശ്രമം. എന്നാൽ നിലവിലെ സ്‌പോൺസറുടെ വീട്ടിലെ ജോലി ദുരിതമയമായതോടെ, അവർ ചില സുഹൃത്തുക്കളുടെ സഹായത്തോടെ അവിടെ നിന്ന് പുറത്തു കടക്കുകയും, മറ്റൊരു സൗദി പൗരന്റെ വീട്ടിൽ ജോലിയ്ക്ക് ചേരുകയും ചെയ്തു. ജോലി വലിയ കുഴപ്പമില്ലാത്തതിനാലും, ശമ്പളം കൃത്യമായി കിട്ടിയതിനാലും ആ വീട്ടിൽ രണ്ടു വർഷത്തോളം ജോലി ചെയ്തു.
ജൻബീബെയുടെ സ്‌പോൺസർഷിപ്പ് നിയമപ്രകാരം തന്റെ പേരിലേയ്ക്ക് മാറ്റാൻ പുതിയ സ്പോൺസർ ആഗ്രഹിച്ചെങ്കിലും, വിസിറ്റിങ് വിസ ആയതിനാൽ അതിന് കഴിഞ്ഞില്ല. നിതാഖത്തിന്റെ നിയമങ്ങൾ കുടുക്ക് മുറുക്കി വരുന്ന സാഹചര്യത്തിൽ, പുതിയ സ്പോൺസർ ജൻബീബെയോട് നാട്ടിലേയ്ക്ക് തിരികെ പോകാൻ പറഞ്ഞു. അയാൾ തന്നെ അവരെ ദമ്മാമിലെ വനിത അഭയകേന്ദ്രത്തിൽ കൊണ്ടു ചെന്നാക്കി. നിയമക്കുരുക്കുകൾ മൂലം നാല് മാസത്തോളം നാട്ടിൽ പോകാനാകാതെ ജൻബീബെ അവിടെ കഴിഞ്ഞു.
വനിതാ അഭയകേന്ദ്രത്തിൽ എത്തിയ നവയുഗം സാംസ്കാരികവേദി ജീവകാരുണ്യപ്രവർത്തക മഞ്ജു മണിക്കുട്ടനെ നേരിട്ട് കണ്ട ജൻബീബെ, നാട്ടിലേയ്ക്ക് മടങ്ങാൻ സഹായിയ്ക്കണമെന്ന് അഭ്യർത്ഥിച്ചു. മഞ്ജു മണിക്കുട്ടൻ ഇന്ത്യൻ എംബസ്സിയുടെയും, സൗദി അധികൃതരുടെയും സഹായത്തോടെ നിയമനടപടികൾ പൂർത്തിയാക്കി ജൻബീബെയുടെ യാത്രാരേഖകൾ ശരിയാക്കി കൊടുത്തു.
നവയുഗത്തിന്റെ അഭ്യർത്ഥന മാനിച്ച്, ദമ്മാം ഇന്ത്യൻ എംബസ്സി ഹെൽപ്പ്ഡെസ്ക്ക് വോളന്റീർവിഭാഗം കൺവീനറും, ഹൈദ്രാബാദ് അസോഷിയേഷൻ ഭാരവാഹിയുമായ മിർസ ബൈഗ്, ജൻബീബെയ്ക്ക് വിമാനടിക്കറ്റ് നൽകി. തന്നെ സഹായിച്ച എല്ലാവർക്കും നന്ദി പറഞ്ഞ് ജൻബീബെ നാട്ടിലേയ്ക്ക് മടങ്ങി.
Post Your Comments