NewsIndia

മോദി സര്‍ക്കാരിന്റെ കള്ളപ്പണ വേട്ട ഫലം കണ്ടു : അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ ആദായനികുതി അടവ് കേന്ദ്രം വേണ്ടെന്നുവെച്ചേക്കും

ന്യൂഡല്‍ഹി : നോട്ട് നിരോധനത്തിന്റെ ഭാഗമായി കള്ളപ്പണ വേട്ടയിലൂടെയും ബാങ്കുകളില്‍ പുതിയതായി എത്തിയ നിക്ഷേപങ്ങളില്‍ നികുതി ചുമത്തിയും കോടികളുടെ അധിക വരുമാനമാണ് കേന്ദ്രസര്‍ക്കാര്‍ അടുത്ത വര്‍ഷം ലക്ഷ്യമിടുന്നത്. ഇതോടെ ആദായ നികുതിയിലൂടെ കിട്ടുന്ന വരുമാനം കേന്ദ്രം വേണ്ടെന്നുവെയ്ക്കുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധരുടെ അഭിപ്രായം.

നോട്ട് നിരോധനത്തെ തുടര്‍ന്ന് ബാങ്കുകളില്‍ എത്തിയ 12 ലക്ഷം കോടി രൂപയില്‍ നിന്ന് ഏറ്റവും കുറഞ്ഞത് 3 ലക്ഷം കോടിയെങ്കിലും നികുതിയായി വരുമെന്നാണ് കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ കണക്ക്.

ബാങ്ക് ട്രാന്‍സാക്ഷന്‍ ടാക്‌സ് നടപ്പാക്കിയാല്‍ ഓരോ ഓണ്‍ലൈന്‍ ഇടപാടില്‍ നിന്നും നികുതി പിടിക്കുകയാണ് അടുത്ത പടി. ഓരോ ഇടപാടിനും രണ്ട് ശതമാനം നികുതിയായിരിയ്ക്കും ഇങ്ങനെ ഈടാക്കുന്നത്.

ശമ്പളക്കാരുടെ ആദായ നികുതി നിരക്ക് കൂടി വെട്ടിക്കുറച്ചായിരിയ്ക്കും ബി.ടി.ടി നടപ്പാക്കുകയെന്ന് സൂചന. അങ്ങനെ വന്നാല്‍ ശമ്പളക്കാര്‍ ആദായനികുതിയുടെ പകുതി പോലും കൊടുക്കേണ്ടി വരില്ല. ഓരോ ബാങ്കിടപാടിനും നികുതിയുള്ളതിനാല്‍ ബി.ടി.ടി വഴി കേന്ദ്രസര്‍ക്കാരിന്റെ വരുമാനം ഇരട്ടിയാകും.

2.86 ലക്ഷം കോടിയാണ് 2015-2016 ല്‍ ആദായ നികുതിയിനത്തില്‍ കേന്ദ്രസര്‍ക്കാരിന് ലഭിച്ചത്. എന്നാല്‍ ബി.ടി.ടി നടപ്പിലായാല്‍ ഇതിന്റെ എത്രയോ ഇരട്ടി പണമാണ് കേന്ദ്രത്തിന് ലഭിയ്ക്കുക.

നാഗ്പൂര്‍ ആസ്ഥാനമായ അര്‍ത്ഥക്രാന്തി എന്ന സംഘടനയുടെ ശുപാര്‍ശ പ്രകാരമാണ് കേന്ദ്രസര്‍ക്കാര്‍ ബി.ടി.ടിയിലേയ്ക്ക് നീങ്ങുന്നതെന്നാണ് സൂചന. നോട്ട് നിരോധനവും, പ്ലാസ്റ്റിക് മണിയുടെ വ്യാപകമാക്കണമെന്നതടക്കമുള്ള കാര്യങ്ങളില്‍ അര്‍ത്ഥക്രാന്തിയുടെ നിര്‍ദേശം സ്വീകരിച്ചാണ് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് നീങ്ങിയത്.

shortlink

Post Your Comments


Back to top button