NewsInternational

സൗദിയില്‍ സംഗീതനിശയ്ക്കിടെ മദ്യസത്ക്കാരം : നാല് പേര്‍ അറസ്റ്റില്‍

റിയാദ്: സംഗീത നിശയോടൊപ്പം മദ്യസത്കാരം നടത്തിയ സംഘത്തെ റിയാദ് പൊലീസ് അറസ്റ്റു ചെയ്തു. അറബ് വംശജരായ നാലു വിദേശികളാണ് അറസ്റ്റിലായത്. വിവിധ അറബ് നാടുകളിലെ കലാകരന്മാരെ പങ്കെടുപ്പിച്ചു സംഘടിപ്പിച്ച പരിപാടിയില്‍ പൊലീസ് റെയ്ഡ് നടത്തുകയായിരുന്നു. ദക്ഷിണ റിയാദിലെ റസിഡന്‍ഷ്യല്‍ കോംപ്ലക്സിലാണ് അറബ് വംശജരുടെ നേതൃത്വത്തില്‍ സ്റ്റേജ് പ്രോഗ്രാം അരങ്ങേറിയത്.സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേക ഇരിപ്പിടമില്ലാതെ പാര്‍ട്ടി നടക്കുന്നുണ്ടെന്ന് പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് മതകാര്യ വകുപ്പും പൊലീസും പാര്‍ട്ടി നടക്കുന്ന വേദിയിലെത്തി പരിശോധന നടത്തി. ടിക്കറ്റ് വില്‍പന നടത്തിയാണ് പരിപാടിയിലേക്ക് ആളെ ക്ഷണിച്ചത്. പരിപാടി ആസ്വദിക്കാനെത്തിയവര്‍ ലബനണ്‍ പൗരന്മാരാണ്. സംഗീത പരിപാടി തുടങ്ങിയതോടെ മതകാര്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പൊലീസിന്റെ സാന്നിധ്യത്തില്‍ റെയ്ഡ് തുടങ്ങി. പരിപാടിയുടെ സംഘാടകരായ നാലു ലബനണ്‍ പൗരന്മാരെ പൊലീസ് അറസ്റ്റു ചെയ്തു. ഇവിടെ വിതരണത്തിനെത്തിച്ച വൈന്‍ ശേഖരവും പൊലീസ് പിടിച്ചെടുത്തു. സിറിയ, ലബനണ്‍, പലസ്തീന്‍ എന്നിവിടങ്ങളില്‍ നിന്നുളള മൂന്നു കലാകാരന്മാര്‍ അവതരിപ്പിക്കുന്ന പ്രത്യേക പരിപാടിയും സംഗീത വിരുന്നിനൊപ്പം ഒരുക്കിയിരുന്നു. കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി കസ്റ്റഡിയിലെടുത്തവരെ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ ആന്റ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button