ന്യൂഡല്‍ഹി● റിസര്‍വ് ബാങ്ക് പുതിയതായി പുറത്തിറക്കിയ 500, 2000 രൂപ നോട്ടുകളുടെ വ്യാജന്‍ എളുപ്പത്തില്‍ നിര്‍മ്മിക്കാന്‍ കഴിയില്ലെന്ന് കേന്ദ്ര ധനകാര്യ സെക്രട്ടറി ശക്തികാന്ത ദാസ്. അവയുടെ സുരക്ഷാ ക്രമീകരണങ്ങള്‍ അനുകരിക്കാന്‍ ബുദ്ധിമുട്ടാണ്. സുരക്ഷാ ക്രമീകരണങ്ങളോടെ പൂര്‍ണ്ണമായും തദ്ദേശീയമായി നോട്ടുകള്‍ രൂപകല്‍പന ചെയ്യുന്നത് ആദ്യമായിട്ടാണെന്നും അദ്ദേഹം പറഞ്ഞു.
കൂടുതല്‍ 500 രൂപ നോട്ടുകള്‍ അച്ചടിക്കുന്നതിനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത്. നോട്ടു പിന്‍വലിക്കല്‍ മൂലം ജനങ്ങളുടെ കൈയ്യിലുള്ള അസാധുവായ പണത്തിന് തുല്യമായ തുക പെട്ടെന്ന് ലഭ്യമാക്കുന്നതിനാണ് 2000 രൂപ നോട്ടുകള്‍ പുറത്തിറക്കിയത്. ഇപ്പോള്‍ 500 രൂപ നോട്ടുകള്‍ അച്ചടിക്കുന്നതിനാണ് കൂടുതല്‍ ശ്രദ്ധ നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. ചില ബാങ്കുകള്‍ എ.ടി.എമ്മുകളില്‍ പണം നിറയ്ക്കാത്തത് സംബന്ധിച്ച് അന്വേഷണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments