Gulf

ശമ്പളം കിട്ടാതെ ദുരിതത്തിലായ മലയാളി യുവതി, സാമൂഹ്യപ്രവർത്തകരുടെ സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി

ദമ്മാം● സ്പോൺസർ ശമ്പളം നൽകാത്തതിനാൽ ദുരിതത്തിലായ മലയാളി വീട്ടുജോലിക്കാരി, നവയുഗം സാംസ്കാരിക വേദിയുടെയും, സാമൂഹ്യപ്രവർത്തകരുടെയും സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി.

കൊല്ലം കൊട്ടാരക്കര സ്വദേശിനിയായ മഞ്ജു ഉണ്ണി എട്ടു മാസങ്ങൾക്കു മുൻപാണ് ദമാമിൽ ഒരു സൗദി പൗരന്റെ വീട്ടിൽ ജോലിയ്ക്ക് എത്തിയത്. അവരെ ആറു മാസക്കാലം ആ വീട്ടിൽ അതികഠിനമായി ജോലി ചെയ്യിച്ചുവെങ്കിലും, ശമ്പളം ഒന്നും കൊടുത്തില്ല. അതോടെ ആകെ ദുരിതാവസ്ഥയിലായ മഞ്ജു ഉണ്ണി, കരഞ്ഞു പറഞ്ഞെങ്കിലും, സ്പോൺസർ പല ന്യായങ്ങൾ പറഞ്ഞ്, ശമ്പളം കൊടുക്കാതെ ഒഴിഞ്ഞു മാറുകയാണ് ഉണ്ടായത്. സഹികെട്ടപ്പോൾ, ആരുമറിയാതെ ആ വീട്ടിൽ നിന്നും പുറത്തു കടന്ന മഞ്ജു ഉണ്ണി, അടുത്തുള്ള പോലീസ് സ്റ്റേഷനിൽ പോയി പരാതി പറഞ്ഞു. നല്ലവരായ പോലീസുകാർ അവരെ ദമ്മാമിലെ വനിതാ അഭയകേന്ദ്രത്തിൽ കൊണ്ടാക്കി.

അഭയകേന്ദ്രത്തിൽ എത്തിയ നവയുഗം ജീവകാരുണ്യപ്രവർത്തക മഞ്ജു മണിക്കുട്ടനോട് സ്വന്തം അവസ്ഥ പറഞ്ഞ മഞ്ജു ഉണ്ണി, സഹായിയ്ക്കണമെന്ന് അഭ്യർത്ഥിച്ചു. മഞ്ജു മണിക്കുട്ടൻ നവയുഗം ജീവകാരുണ്യ പ്രവർത്തകരായ ഉണ്ണി പൂച്ചെടിയൽ, പദ്മനാഭൻ മണിക്കുട്ടൻ എന്നിവർക്കൊപ്പം നടത്തിയ അന്വേഷണത്തിൽ, മഞ്ജു ഉണ്ണിയെ സ്പോൺസർ ഹുറൂബിൽ ആക്കിയതായി മനസ്സിലാക്കി. തുടർന്ന് അവർ സ്‌പോൺസറെ നേരിട്ട് ബന്ധപ്പെടുകയും,പല പ്രാവശ്യം അനുരഞ്ജനചർച്ചകൾ നടത്തുകയും ചെയ്തു. മനുഷ്യത്വത്തിന്റെ പേരിൽ സഹായിയ്ക്കണമെന്ന നവയുഗം ജീവകാരുണ്യപ്രവർത്തകരുടെ നിരന്തരമായ അഭ്യർത്ഥനയെത്തുടർന്ന് സ്‌പോൺസറുടെ മനസ്സലിയുകയും, മഞ്ജു ഉണ്ണിയ്ക്ക് കൊടുക്കാനുള്ള കുടിശ്ശിക ശമ്പളവും, പാസ്‌പോർട്ടും നൽകാം എന്ന് സമ്മതിയ്ക്കുകയും ചെയ്തു.

സ്പോൺസർ പറഞ്ഞ വാക്കു പാലിച്ചപ്പോൾ, മഞ്ജു മണിക്കുട്ടൻ വനിതാ അഭയകേന്ദ്രം വഴി മഞ്ജു ഉണ്ണിയ്ക്ക് എക്സിറ്റ് അടിച്ചു നൽകി. നവയുഗത്തിന്റെ അഭ്യർത്ഥന മാനിച്ച്, അഞ്ചുമാൻ എഞ്ചിനീറിങ് കോളേജ് പൂർവ്വ വിദ്യാർത്ഥികളുടെ സംഘടനയുടെ സൗദി ഘടകം മഞ്ജു ഉണ്ണിയ്ക്ക് വിമാനടിക്കറ്റ് നൽകി.

എല്ലാ നിയമനടപടികളും പൂർത്തിയാക്കി, രണ്ടു മാസത്തെ വനിതാ അഭയകേന്ദ്രവാസം അവസാനിപ്പിച്ച്, എല്ലാവർക്കും നന്ദി പറഞ്ഞ് മഞ്ജു ഉണ്ണി നാട്ടിലേയ്ക്ക് മടങ്ങി.

shortlink

Related Articles

Post Your Comments

Related Articles


Back to top button