Kerala

രാഷ്ട്രപതി സമ്മാനിച്ച ഒരു ലക്ഷം രൂപ അവാര്‍ഡ് തുകയും സാമൂഹിക സേവനത്തിന് നല്‍കി കെ.ആര്‍ രവിയെന്ന മാതൃകാ പുരുഷന്‍ : ഇത് നാല് പതിറ്റാണ്ടിന്റെ സേവനചരിത്രം

മലപ്പുറം ● 2016 നവംബര്‍ 14 ശിശുദിനത്തില്‍ ദേശീയ ശിശുക്ഷേമ അവാര്‍ഡ് രാഷ്ട്രപതി പണബ് മുഖര്‍ജിയില്‍ നിന്ന് കെ.ആര്‍ രവിയെന്ന അറുപത്തി നാലുകാരന്‍ ഏറ്റു വാങ്ങുമ്പോള്‍ ഒരു നാട് മുഴുവന്‍ ഉത്സവ ലഹരിയിലായിരുന്നു. കാരണം, കഴിഞ്ഞ 40 വര്‍ഷമായി സാമൂഹിക സേവനം ജീവിത തപസ്യയാക്കി മാറ്റിയ ആ മനുഷ്യനെ രാജ്യം തന്നെ തിരിച്ചറിയുകയായിരുന്നു. ഒരു സാധാരണ സര്‍ക്കാര്‍ ഉദ്യോഗസ്ഥന് എന്തൊക്കെ ചെയ്യാം എന്നതിന്റെ ഉദാത്ത മാതൃകയാണ് അദ്ദേഹത്തിന്റെ ജീവിതമത്രയും.

രാവും പകലും എന്ന വ്യത്യാസമില്ലാതെ ആരുടേയും എന്താവശ്യത്തിനും ഓടിയെത്തുന്ന രവി നാട്ടുകാര്‍ക്ക് രവിയേട്ടനായത് പ്രതിഫലേച്ഛയില്ലാത്ത പ്രവര്‍ത്തനങ്ങള്‍ കൊണ്ടാണ്. ചോരത്തിളപ്പുള്ള യൗവ്വന പ്രായത്തിലാണ് കോട്ടയത്തുകാരനായ രവി ആരോഗ്യ വകുപ്പ് ജീവനക്കാരനായി മലപ്പുറത്ത് എത്തുന്നത്. പ്രവര്‍ത്തന മേഖലയാകട്ടേ, കുഷ്ഠരോഗികള്‍ക്കിടയിലും. കുഷ്ഠരോഗം ദൈവകോപത്തിന്റെ ഫലമാണെന്നും രോഗം ബാധിച്ചവരെ ഒറ്റപ്പെടുത്തണമെന്നും സമൂഹം വിശ്വസിച്ചിരുന്ന കാലം. അതുകൊണ്ട് തന്നെ പ്രതിസന്ധികള്‍ മാത്രമായിരുന്നു ആ കാലത്ത് കൂട്ടിനും. എന്ത് സംഭവിച്ചാലും രോഗം ബാധിച്ചവര്‍ക്ക് ചികിത്സ നല്കാന്‍ ബന്ധുക്കള്‍ തയ്യാറായിരുന്നില്ല. മാത്രമല്ല, ശുശ്രൂഷിക്കാന്‍ കടന്നുവരുന്നവരെ ഭയത്തോടെ മാത്രമായിരുന്നു രോഗികളും കണ്ടിരുന്നത്. തങ്ങളെ കൊല്ലാന്‍ വരുന്നവരാണ് ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥരെന്ന് അവര്‍ ഭയന്നു.

ഇത്തരം അന്ധവിശ്വാസങ്ങളും തെറ്റിദ്ധാരണകളും സേവന-പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വിഘാതം സൃഷ്ടിച്ചെങ്കിലും തളറ്ന്ന് പിന്മാറാന്‍ രവിയെന്ന ആ യുവാവ് തയ്യാറായില്ല. തന്നെ കണ്ട് ഓടി മാറുന്ന രോഗികളെയും ആട്ടിയോടിക്കുന്ന ബന്ധുക്കളെയും മാസങ്ങള്‍ക്കുള്ളില്‍ തന്റെ കരവലയത്തില്‍ ചേര്‍ത്ത് പിടിച്ച് വിസ്മയം സൃഷ്ടിക്കുകയായിരുന്നു രവിയെന്ന ആ യുവ ഉദ്യോഗസ്ഥന്‍. അതിന് അദ്ദേഹം സ്വീകരിച്ച ത്യാഗോജ്ജ്വല മാര്‍ഗങ്ങള്‍ കേട്ടാല്‍ ഇന്നത്തെ തലമുറ വിശ്വസിച്ചെന്ന് വരില്ല. തന്റെ ശമ്പളത്തിന്റെ നല്ലൊരു വിഹിതം രോഗികള്‍ക്ക് വേണ്ടി അദ്ദേഹം മാറ്റിവച്ചു. ചികിത്സ തേടിയെത്തുന്നവര്‍ക്ക് ചെറിയ തുകകള് അടങ്ങിയ കിഴിയും വാങ്ങി പോകാം. ചിലപ്പോഴൊക്കെ വീട്ടില്‍ നിന്ന് പാകപ്പെടുത്തി കൊണ്ടുവന്ന ഭക്ഷണവും നല്‍കി ആ ബന്ധം ഊട്ടി ഉറപ്പിച്ചു.

പുലഭ്യം പറഞ്ഞവരൊക്കെ ”രവി സാറ്” എന്നു വിളിച്ച് അടുത്തു കൂടി. തങ്ങളുടെ രോഗം മാറ്റുന്നതിന് വേണ്ടി സ്വന്തം ശമ്പളമാണ് ആ ഉദ്യോഗസ്ഥന് കിഴിയായി നല്‍കിയിരുന്നതെന്ന് അറിഞ്ഞ് ഗ്രാമവാസികളുടെയും കണ്ണ് നിറഞ്ഞു. ക്രമേണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍
കെ.ആര്‍ രവി തുടര്‍ന്ന്‍ കൊണ്ടിരുന്ന പ്രശംസനീയമായ പ്രവര്‍ത്തനങ്ങള്‍ മാറി മാറി വന്ന സര്‍ക്കാരുകള്‍ക്കും അദ്ദേഹത്തെ പ്രിയങ്കരനാക്കി. പ്രവര്‍ത്തനത്തില്‍ പിന്നോക്കം നിന്ന പല പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും മേലുദ്യോഗസ്ഥര്‍ രവിയുടെ സേവനം പ്രയോജനപ്പെടുത്തി. കൂടുതലും ആദിവാസി മേഖലകളിലാണ് രവിയെ സര്‍ക്കാര്‍ ഉപയോഗിച്ചത്. അതൊരു നിമിത്തമായിരുന്നു എന്ന് വിശ്വസിക്കാനാണ് നാട്ടുകാര്‍ക്ക് ഇഷ്ടം. കാരണം, ആദിവാസി മേഖലയിലെ ഏറ്റവും വലിയ സാമൂഹിക പ്രവര്‍ത്തകനാണ് ഇന്ന് കെ.ആര്‍ രവി. ആദിവാസി കുട്ടികളുടെ ഉന്നമനത്തിന് വേണ്ടി മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണയില്‍ സ്ഥാപിതമായ ”സായി സ്നേഹതീരം” എന്ന സംരഭം മുന്നില്‍ നിന്ന് നയിക്കുന്നത് കെ.ആര്‍ രവിയാണ്.

Sevanam2

പ്രതിമാസം ഒന്നരലക്ഷത്തിലധികം രൂപ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് ചെലവ് വരുന്ന ഈ സ്ഥാപനം മുന്നോട്ട് പോകുന്നത് തന്നെ രവിയെന്ന സാമൂഹിക പ്രവര്‍ത്തകന്റെ അശ്രാന്ത പരിശ്രമം കൊണ്ടാണ്. അഭ്യുദയകാംക്ഷികളുടെ സഹകരണം മാത്രമാണ് ഈ സ്ഥാപനത്തിന്റെ മുതല്‍ക്കൂട്ട്. ഒന്ന് മുതല്‍ പ്ളസ്ടു വരെ ക്ലാസുകളില്‍ പഠിക്കുന്ന 53 ആദിവാസി കുട്ടികള്‍ക്കും ഇവിടം സ്വര്‍ഗം തന്നെയാണ്. 27 ആണ്‍കുട്ടികളും 23 പെണ്‍കുട്ടികളുമുള്ള സ്നേഹതീരത്ത് പ്രത്യേകം ഹോസ്റ്റല്‍ സൗകര്യവും പഠനമുറികളും എന്തിനേറെ കളിസ്ഥലം വരെ ഉണ്ട്. കെ.ആര്‍ രവിയുടെയും ഈ സ്ഥാപനത്തിന്റെയും പ്രവര്‍ത്തനങ്ങള്‍ കേട്ടറിഞ്ഞ സുപ്രസിദ്ധ സാമൂഹിക പ്രവര്‍ത്തക ദയാഭായ് കഴിഞ്ഞ മാര്‍ച്ചില്‍ സായി സ്നേഹതീരം സന്ദര്‍ശിച്ചിരുന്നു.
പെരിന്തല്‍മണ്ണ നഗരസഭയുടെ സ്വാന്തനം പുനരധിവാസ പദ്ധതിയുടെയും ഡയബറ്റിക് ക്ളബ്ബിന്റെയും സജീവ പ്രവര്‍ത്തകനാണ് കെ.ആര്‍ രവി. ഭിന്നശേഷിയുള്ളവര്‍ക്ക് വേണ്ടി ‘ധാരണ’ എന്ന പേരില്‍ രവി മുന്‍കൈയെടുത്ത് സംഘടിപ്പിച്ച ദേശീയ സെമിനാര്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. കേരളത്തില്‍ ആദ്യമായി മൊബൈല് പോളിയോ ക്ലിനിക് എന്ന ആശയം നടപ്പാക്കിയതും
ഇദ്ദേഹമാണ്. സി.പി.എമ്മിന്റെ സജീവ പ്രവര്‍ത്തകനായ രവി പക്ഷേ രാഷ്ട്രീയ ഭേദമെന്യേ വലിയൊരു സൗഹൃദ വലയത്തിനും ഉടമയാണ്. ജില്ലാ അസിസ്റ്റന്റ് ലെപ്രസി ഓഫീസറായി വിരമിച്ചു. ഭാര്യ തങ്കമണിയും മകള്‍ ആരതിയും എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും കൈത്താങ്ങായി കൂടെയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button