Uncategorized

ഡീ മോണിറ്റൈസേഷൻ എന്തുകൊണ്ട് വിജയിക്കണം?

അഡ്വ. അനില്‍ ഐക്കര

‘ഡീ മോണിട്ടൈസേഷൻ’ വിരുദ്ധ ബഹുമാനപ്പെട്ടവർക്ക് ഒരു ശ്രദ്ധക്ഷണിക്കൽ. ഈയുള്ളവൻ പഠിച്ചു വന്ന വഴികളിൽ നിയമബിരുദത്തിനു മുൻപ് സാമ്പത്തികശാസ്ത്രമായിരുന്നു ബിരുദം. ഇക്കണോമിക്സിൽ ഉയർന്ന ശതമാനം മാർക്ക് നേടുവാൻ സഹായിച്ചത് അതിലുള്ള താല്പര്യമായിരുന്നു. തുടർന്ന് അമർത്യസെൻ ഉൾപ്പെടെയുള്ളവരുടെ വീക്ഷണങ്ങൾ താല്പര്യത്തോടെ വായിച്ചിട്ടുണ്ട്, മാർക്സിന്റെ മൂലധനവും, ചാണക്യന്റെ അർത്ഥ ശാസ്ത്രവും, മാക്യവെല്ലിയുടെ പ്രിൻസും, ബംഗ്ലാദേശിലെ ഗ്രാമീൺ ബാങ്കിംഗും എല്ലാം താല്പര്യം കൊണ്ട് പഠിച്ച് നോക്കിയിട്ടുണ്ട്. ദീനദയാൽജിയുടെ ഏകാത്മ മാനവ ദർശനവും, ഇസ്ലാമിക് ബാങ്കിംഗ് സംവിധാനങ്ങളും, ക്യാപിറ്റലിസ്റ്റ് സിദ്ധാന്തങ്ങളും വായിച്ചിട്ടുണ്ട്. രാഷ്ട്രീയത്തിൽ തല്പരനായിരുന്നതിനാൽ പഠിച്ച വിഷയത്തിൽ അല്പം ഗഹനമായി കടന്നു എന്നു മാത്രം, എന്നു വച്ച് സ; തോമസ് ഐസക്കിനോളം ഡോക്ടറേറ്റ് ഒന്നും കിട്ടിയിട്ടില്ല…

പക്ഷേ കള്ളപ്പണം ഒപ്പം കള്ളനോട്ട് എന്ന അഴിമതിയുടെ മൂത്ത പുത്രനെ, എല്ലാവരെയും നശിപ്പിക്കുവാൻ വഴിയൊരുക്കുന്ന ആ അത്യാഹിതത്തെ എങ്ങനെ ചെറുക്കാമെന്നായിരുന്നു പലനാൾ ചിന്തകൾ. അതിനിടയിലാണ്, ആം ആദ്മി രൂപീകരിക്കുകയും അത് കേരളത്തിൽ കോട്ടയത്ത് ആദ്യമായി സംഘടിപ്പിച്ചതിനാൽ സംസ്ഥാന സെക്രട്ടറിയെന്ന ചുമതല കൈവരികയും ചെയ്തത്. നൂറുശതമാനം സമർപ്പണ ബുദ്ധിയോടെ അതിൽ പ്രവർത്തിച്ചു പോന്ന കാലത്ത് വന്ന പരിചയപ്പെടൽ ആണ് അർത്ഥക്രാന്തിയുടെ സദ്ഭാവന എനിക്ക് മനസ്സിലാക്കിത്തന്നത്.

അക്കാലത്താണ്, ‘അർത്ഥക്രാന്തി’ എന്നൊരു സാമൂഹിക പരിവർത്തന സന്ദേശവും പേറി ചിലർ, ചാർട്ടേർഡ് അക്കൗണ്ടന്റ് മാരുണ്ടായിരുന്നു, അഡ്വ. ജോൺ ജോസഫ് സർ അയച്ചവരുണ്ടായിരുന്നു, ഒരു കുര്യൻ ഉണ്ടായിരുന്നു, അങ്ങനെ ചിലർ.. എന്റെയടുത്ത് വന്നത്. ആം ആദ്മിയുടെ സാമ്പത്തിക നയങ്ങൾ ഇങ്ങനെയുള്ള ലക്ഷ്യം പേറണം എന്നതായിരുന്നു അവരുടെ ആവശ്യം. അവർ പറഞ്ഞു തന്ന പാഠങ്ങൾ അത്ഭുതപ്പെടുത്തുന്നതായിരുന്നു, പലപ്പോഴും അസ്വീകാര്യമെന്നും കരുതി. മഹാരാഷ്ട്ര കേന്ദ്രമാക്കിയാണ് അർത്ഥക്രാന്തി സംസ്ഥാൻ എന്ന സംഘടന പ്രവർത്തിച്ചു വരുന്നതെന്നാണ് അവർ പറഞ്ഞതെന്നാണോർമ്മ.

ചാർട്ടേർഡ് അക്കൗണ്ടന്റുമാരും എഞ്ജിനീയർ മാരും ചേർന്ന് സാമ്പത്തികരംഗത്തെ എങ്ങനെ രക്ഷിക്കാമെന്ന പഠന ഗവേഷണം നടത്തിയാണവർ അർത്ഥക്രാന്തി വികസിപ്പിച്ചത്. വെറുതെ കേട്ട് സമയം കളയുകയായിരുന്നില്ല അന്ന് ഞാൻ, പഠിച്ച് നോക്കാം എന്നവർക്ക് വാക്കു നൽകിയാണു പറഞ്ഞയച്ചത്.

‘അർത്ഥക്രാന്തി’ അന്ന് പറഞ്ഞ അഞ്ചു പ്രധാന ആശയങ്ങൾ ഇവയായിരുന്നു, 1. സർക്കാർ പിരിക്കുന്ന വിവിധ തരം നികുതികൾ ഒഴിവാക്കുക, ഇറക്കുമതിച്ചുങ്കം ഒഴികെ. 2. ഹൈ ഡിനോമിനേഷൻ നോട്ടുകളായ 1000,500,100 എന്നിവ തിരികെ വിളിച്ച് ഒഴിവാക്കുക! 3. എല്ലാ ഹൈ വാല്യു ട്രാസ്ൻസാക്ഷനുകളും ബാങ്ക് മുഖേനമാത്രമാക്കുക, ഉദാ: ചെക്ക്, ഡിഡി, ഓൺ ലൈൻ, ഇലക്ട്രോണീക് എന്നിങ്ങനെയുള്ള മാർഗ്ഗങ്ങളിലൂടെ. 4. കാഷ് കൈമാറ്റത്തിനുതകുന്ന തുകയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തുക, നികുതി ഒഴിവാക്കുക. 5. സർക്കാർ വരുമാനത്തിനു സിംഗിൾ പോയിന്റ് ടാക്സ് ഏർപ്പെടുത്തുക, എന്നിവയായിരുന്നു അവ.

ഇതിന്റെ ഗുണമായി അവർ പറഞ്ഞു തന്ന ചില കാര്യങ്ങൾ, 1. രാഷ്ട്രീയ പാർട്ടികളുടെ അനധികൃത അക്കൗണ്ടിംഗ് നിലയ്ക്കും, 2. സ്ത്രീധനം എന്ന ദുരാചാരം നിലയ്ക്കും, 3. തലവരിപ്പണം എന്ന സംവിധാനം നിലയ്ക്കും, 4. പണം നൽകി അനധികൃത സ്ഥാനമാനങ്ങൾ നൽകുന്നതും വാങ്ങുന്നതും നിലയ്ക്കും, 5. ഭീകര പ്രവർത്തനങ്ങളുടെയും ഗുണ്ടാ പ്രവർത്തനങ്ങളുടെയും ഫണ്ടിംഗ് നിലയ്ക്കും എന്നതൊക്കെയായിരുന്നു. തീർച്ചയായും ഇതിനുള്ള സാധ്യതകൾ ഇവയെക്കാളൊക്കെ വലുതാണ്. ആദ്യമൊക്കെ കാഷ് ലെസ്സ് ഇക്കോണമി എന്നത് അപ്രായോഗികമെന്നു വാദിച്ച ഞാൻ, കാഷ് ലെസ്സ് എന്നാൽ സമ്പൂർണ്ണമായ കറൻസി രാഹിത്യം അല്ല എന്നു പഠിക്കുന്നത് ഇവരിൽ നിന്നാണ്. `.

അപ്രായോഗികമെന്ന് ഒറ്റനോട്ടത്തിൽ തള്ളിക്കളയത്തക്ക രാഷ്ട്രീയത്തിളപ്പായിരുന്നു അന്നൊക്കെ നയിച്ചിരുന്നത്. എന്നാൽ കള്ളപ്പണം ഒഴിവാക്കുകയും വേണം. കള്ളപ്പണവും അഴിമതിയും എതിർക്കുക എന്ന വാശി അന്ന് ഉറച്ചിരുന്നു, അതാണ് ഇവരുടെ ‘അർത്ഥക്രാന്തി’ കൂട്ടായ്മയിൽ സജീവമാകുവാൻ പ്രേരിപ്പിച്ച ഒരു ഘടകം.

മേൽപ്പറഞ്ഞ നിർദ്ദേശങ്ങൾ ചേർത്ത് രാഷ്ട്രീയ പരിഗണന കൂടാതെ ഈ സംഘടന പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും മുൻ വർഷത്തിൽ നിവേദനം നൽകിയിരുന്നു. ധനമന്തിയെയും ഇവർ കണ്ടു. ഒരിക്കൽ ജൈറ്റ്ലിയും ഇതേപ്പറ്റി എവിടെയോ കമന്റ് പറഞ്ഞിരുന്നു. അതൊക്കെ ഈ കൂട്ടായ്മ വളരെ ആഘോഷമാക്കി. അർത്ഥക്രാന്തി നടപ്പാകുമെന്നവർ വിശ്വസിച്ചു. ഈയുള്ളവൻ ഉള്ളിൽ ചിരിച്ചു, എത്ര രാഷ്ട്രീയക്കാർ, അങ്ങനെ എന്തൊക്കെ വാഗ്ദാനങ്ങൾ നൽകുന്നു!.

ഒരു ശുഭ സന്ധ്യയിൽ, അർത്ഥക്രാന്തിയുടെ നിർദ്ദേശങ്ങളിൽ പ്രധാനപ്പെട്ട കാര്യങ്ങൾ ഒരു പ്രധാനമന്ത്രി പ്രഖ്യാപിച്ചപ്പോൾ അക്ഷരാർത്ഥത്തിൽ അർത്ഥക്രാന്തി പ്രവർത്തകർ കോരിത്തരിച്ചു. അത്രയേറെ കൂടിയാലോചനകൾ നടത്തി, അങ്ങനെ ഒരു വിവരം ഒരാളെയും അറിയിക്കാതെ, നടപ്പിലാക്കുമെന്ന് സ്വപ്നം പോലും കാണാൻ കഴിയാത്തത്ര ശക്തമായിരുന്നു ഇന്ത്യയിൽ കള്ളപ്പണത്തിന്റെ സ്വാധീനം. അത് ശരിവയ്ക്കുന്ന വിധത്തിലാണിന്നും കാര്യങ്ങൾ നീങ്ങുന്നത്. കള്ളപ്പണത്തിന്റെ മേലായിരുന്നു വികസനത്തിന്റെ അളവുകൾ എന്നതാണല്ലോ, ഒരു വർഷമെങ്കിലും വികസനം മുരടിക്കുമെന്ന കാഴ്ചപ്പാടിന്റെ രഹസ്യം.

എന്തുവന്നാലും, ഈ ലോകത്തിലെ ഏറ്റവും വലിയ ‘ഫാസിസ്റ്റ് ഹിറ്റ്ലർ’ ആണു ഇതെഴുതുന്നയാളെന്നു വന്നാലും ശരി, ഇന്ത്യ സാമ്പത്തിക രംഗത്തു നടത്തിയ ഏറ്റവും വിപ്ലവകരമായ നീക്കവും ഇന്ത്യയെ മാറ്റത്തിലേക്ക് നയിക്കുവാനുതകുന്ന ഒരു നീക്കവുമാണിതെന്നു പറയുവാൻ, എനിക്ക് സ; തോമസ് ഐസക്കിന്റെ ഡോക്ടറേറ്റ് വേണ്ട.

അർത്ഥക്രാന്തിയുടെ ആശയങ്ങൾ ഇനിയും ഇന്ത്യക്ക് ലോകരാജ്യങ്ങൾക്കു തന്നെ മാതൃകയാക്കാവുന്ന വിധത്തിൽ പ്രചരിപ്പിക്കുവാൻ കഴിയും എന്നു ഞാൻ വിശസിക്കുന്നു. അത് പരാജയപ്പെടരുതെന്ന് ആത്മാർത്ഥമായും ആഗ്രഹിക്കുന്നു.
പരാജയപ്പെട്ടാൽ, തീർച്ചയായും അത് കള്ളപ്പണത്തിന്റെയും അഴിമതിയുടെയും മേൽക്കോയ്മ മാത്രമാണ്. പിന്നെ ഒന്നും നോക്കാനില്ല, ഒന്നുകിൽ ഏറ്റവും വലിയ കള്ളപ്പണക്കാരനും അഴിമതിക്കാരനും കൊള്ളക്കാരനുമാവുക. അല്ലെങ്കിൽ ഇത്തരക്കാർക്കൊക്കെ നല്ലൊരു ഇരയായി ജീവിച്ചു മരിക്കുക. കാരണം ഇന്ത്യ പിന്നീടൊരിക്കലും സത്യസന്ധമായ സമ്പദ് വ്യവസ്ഥ കാംക്ഷിച്ചിട്ടു കാര്യമില്ല തന്നെ.

ചില രാഷ്ട്രീയക്കാർ അതിനെ എതിർക്കുന്നത് അവരുടെ യാഥാർത്ഥ്യബോധമില്ലായ്മയും, നരേന്ദ്ര മോദി അങ്ങനെ ആളാവണ്ട എന്ന നിലപാടും മൂലം മാത്രമാണ്. ഈ നയം പരാജയപ്പടരുതെന്ന് അവരെല്ലാം ഉള്ളു കൊണ്ട് ആഗ്രഹിക്കുന്നുമുണ്ടാവും. പക്ഷെ പരസ്യമായി പറയുവാനാവില്ലല്ലോ..അതൊക്കെ കണ്ടിട്ട് അണികൾ ആവശ്യമില്ലാത്ത വാചകക്കസർത്തുകൾ നടത്തുന്നു എന്നല്ലാതെ ഇതു വല്ലതും അവർ പഠിക്കുന്നുണ്ടോ?അഴിമതിയും കള്ളപ്പണവും ഉന്മൂലനം ചെയ്യുന്നതിനു രുപീകൃതമായ ആം ആദ്മി പ്രസ്ഥാനം അഴിമതിയുടെ മൂർത്തിമദ്ഭാവങ്ങളായ ലല്ലു പ്രസാദിനും മമത ബാനർജിയ്ക്കും ഒപ്പം അർത്ഥക്രാന്തിയെ എതിർക്കുന്ന വിരോധാഭാസവും നമ്മൾ കാണുന്നു.

അതുകൊണ്ട് മാത്രമാണ്, അല്ലാതെ രാഷ്ട്രീയ ലക്ഷ്യങ്ങൾ മുൻ നിർത്തിയോ, നരേന്ദ്ര മോദിയോടുള്ള അദമ്യമായ ഭക്തിയോ കൊണ്ടല്ല, അർത്ഥക്രാന്തി വ്യവസ്ഥിതിയെ പിന്തുണയ്ക്കുന്നത്. ഇതൊരു നൂതന പരീക്ഷണമാണ്. ഒരു പക്ഷെ ലോകരാജ്യങ്ങളെല്ലാം മാതൃകയാക്കിയേക്കാവുന്ന പരീക്ഷണം.

ഇന്ത്യ പോലെ വൈവിധ്യ പൂർണ്ണവും സാധാരണക്കാരിൽ സാധാരണക്കാർ വസിക്കുന്ന ഒരു വലിയ പ്രദേശത്ത് ഇത് നടപ്പാക്കുവാൻ ശ്രമിച്ചതിന്റെ വൈഷമ്യം, അഥവാ റിസ്ക്, പ്രധാനമന്ത്രിയ്ക്ക് കൊടുത്തേക്കുക. ജനദുരിതമാണെന്നാൽ അടുത്ത തെരഞ്ഞെടുപ്പിൽ അവർ അതി ദയനീയ മായി നിലം പതിക്കുവാനിടവരട്ടെ..

ഒന്നു പരിശ്രമിച്ചു കൂടെ …. കേരളത്തെ ആദ്യത്തെ അഴിമതിരഹിത, കള്ളപ്പണ രഹിത, കറൻസി ലഘൂകൃത സംസ്ഥാനമാക്കി മാറ്റുവാൻ..? അതിലൂടെ യഥാർത്ഥ വിപ്ലവം കൈവരിക്കുവാൻ..? മറ്റൊരു സംസ്ഥാനത്തിനുമില്ലാത്തത്ര അനുകൂല സാഹചര്യങ്ങൾ നമുക്ക് ഉണ്ട് എന്നത് എല്ലാവർക്കും ബോധ്യമുള്ളതാണല്ലോ…
സ്നേഹപൂർവ്വം, നന്ദിയോടെ…
അഡ്വ. അനിൽ ഐക്കര.

shortlink

Related Articles

Post Your Comments

Related Articles


Back to top button