മംഗളൂരു/മുംബൈ● ഹിന്ദു ദേവതയെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടയാളുടെ പ്രൊഫൈല്‍ വിവരങ്ങള്‍ തേടി ഫേസ്ബുക്കിന്റെ മുംബൈ ഓഫീസില്‍ പോലീസ് പരിശോധന നടത്തി. പ്രതിയുടെ വിവരങ്ങള്‍ നല്‍കാന്‍ തയ്യാറാകാതിരുന്നതിനെത്തുടര്‍ന്നാണ് ഫേസ്ബുക്കിന്റെ ബാന്ദ്ര കുര്‍ള കോംപ്ലക്സിലെ ഓഫീസില്‍ മംഗലാപുരം പോലീസ് തെരച്ചില്‍ നടത്തിയത്. മംഗലാപുരം കോടതിയില്‍ നിന്നുള്ള സേര്‍ച്ച് വാറന്റിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധനയെന്ന് പോലീസ് പറഞ്ഞു.
മംഗലാപുരം സ്വദേശിയായ ജബ്ബാര്‍ എന്ന കുദ്രോളിയാണ് ഹിന്ദു ദേവതയെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടത്. ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെങ്കിലും പോലീസിന് ഇതുവരെ പിടികൂടാനായിട്ടില്ല. നിസഹകരണത്തിന് ഫേസ്ബുക്കിനെതിരേയും കേസെടുത്തിട്ടുണ്ട്.
ഹിന്ദു ദേവതയെ അധിക്ഷേപിച്ച് ജബ്ബാര്‍ ഫേസ്ബുക്കിലിട്ട പോസ്റ്റ് സമൂഹ മാധ്യമങ്ങളിലും വാട്സ്ആപ്പിളും വ്യാപകമായി പ്രചരിച്ചിരുന്നു. ഇത് മംഗളൂരുവില്‍ വര്‍ഗീയ സംഘര്‍ഷത്തിനും ഇടയാക്കിയിരുന്നു.
പ്രതിക്കെതിരെ ഇരു മത വിഭാഗങ്ങള്‍ തമ്മില്‍ ശത്രുതയുണ്ടാക്കുന്ന തരത്തില്‍ പ്രവര്‍ത്തിച്ചതിന് ഐ.പി.സി 153 എ വകുപ്പ് പ്രകാരവും മനപ്പൂര്‍വം മതവികാരം വൃണപ്പെടുത്തിയതിന് ഐ.പി.സി 259 എ വകുപ്പ് പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്. പ്രതിയായ വ്യക്തിയുടെ വിവരങ്ങള്‍ നല്‍കാതിരുന്നതിന് ഐ.പി.സി 176 വകുപ്പ് പ്രകാരമാണ് ഫേസ്ബുക്കിനെതിരെ കേസെടുത്തിരിക്കുന്നത്.
Post Your Comments