ബംഗളൂരു: വിവാഹാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് മലയാളി യുവാവിനെ തീകൊളുത്തി കൊലപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് മൈസൂരു സ്വദേശിയായ യുവതിയെ അറസ്റ്റ് ചെയ്തു. മലയാളിയായ മന്‍സൂറിനെ കൊലപ്പെടുത്തിയ കേസില്‍ മൈസൂരു സ്വദേശി ശ്രുതിയെയാണ് കോട്ടണ്‍പേട്ട് പൊലീസ് അറസ്റ്റുചെയ്തത്. കേസിനാസ്പദമായ സംഭവം നടന്നത് കഴിഞ്ഞമാസം 28നാണ്.
മൂന്നു വർഷമായി ബംഗളൂരുവിലെ സ്വകാര്യ പാരാമെഡിക്കല്‍ കോളേജ് വിദ്യാര്‍ഥിനിയായ ശ്രുതിയും മന്‍സൂറും തമ്മിൽ പ്രണയത്തിലായിരുന്നു. വിവാഹം കഴിക്കാന്‍ സമ്മതമല്ലെന്ന് മന്‍സൂര്‍ അറിയിച്ചതോടെയാണ് ശ്രുതി യുവാവിനെ കൊല്ലാന്‍ തീരുമാനിച്ചത്. തുടര്‍ന്ന് കഴിഞ്ഞമാസം 28ന് കോട്ടണ്‍പേട്ട് ശാന്തല സര്‍ക്കിളിലെ ഒരു ലോഡ്ജില്‍ മുറിയെടുത്ത് ശ്രുതി മന്‍സൂറിനെ വിളിച്ചുവരുത്തി.
ഇവിടെ വച്ചും തന്നെ വിവാഹം കഴിക്കണമെന്ന് ശ്രുതി അഭ്യര്‍ഥിച്ചെങ്കിലും മന്‍സൂര്‍ സമ്മതിച്ചില്ല. തുടര്‍ന്ന് ജ്യൂസില്‍ ഉറക്കഗുളിക കലക്കി മയക്കിക്കിടത്തിയശേഷം മന്‍സൂറിനെ പെട്രോള്‍ ഒഴിച്ചു തീകൊളുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. തുടര്‍ന്ന് ശ്രുതിയും ഉറക്കഗുളിക കഴിച്ച് ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചു. എന്നാല്‍ മുറിയില്‍ തീപടരാന് തുടങ്ങിയപ്പോള്‍ ശ്രുതി പുറത്തേക്കുവന്നു. തുടര്‍ന്ന് ശ്രുതിയെ അവശനിലയില്‍ കണ്ടവര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തങ്ങള്‍ ഒന്നിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതാണെന്നായിരുന്നു ശ്രുതി ആദ്യം പൊലീസിനോട് പറഞ്ഞത്. എന്നാല്‍ മൊഴിയില്‍ സംശയം തോന്നിയ പൊലീസ് വിശദമായി ചോദ്യംചെയ്തപ്പോഴാണ് മന്‍സൂറിനെ തീകൊളുത്തി കൊന്നതാണെന്ന് ശ്രുതി സമ്മതിച്ചത്. മെജസ്റ്റിക്കില്‍ ചായക്കട നടത്തിവരികയായിരുന്നു മന്‍സൂര്‍. ജാലഹള്ളിയിലാണ് ശ്രുതി താമസിക്കുന്നത്.
Post Your Comments