ന്യൂഡല്‍ഹി : നിയന്ത്രണരേഖയിലും രാജ്യാന്തര അതിര്‍ത്തിയിലുമായി പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ലംഘിച്ചത് 437 തവണയെന്ന് കേന്ദ്രസര്‍ക്കാര്‍. ഈ വര്‍ഷം നവംബര്‍ വരെയുള്ള കണക്കാണിത്. പാക്ക് വെടിവയ്പ്പില്‍ 37 പേര്‍ക്ക് ജീവന്‍ നഷ്ടമാവുകയും 179 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തുവെന്നും കേന്ദ്രം ലോക്‌സഭയില്‍ അറിയിച്ചു.
27, 449 ആളുകളാണ് ജമ്മു കശ്മീരിലെ അതിര്‍ത്തിയോടു ചേര്‍ന്നു ജീവിക്കുന്നത്. ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിനു ശേഷം പാക്കിസ്ഥാന്‍ തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നതിനാല്‍ പ്രദേശവാസികളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിരുന്നു. ഇതില്‍ 6000 ത്തോളം പേരെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റി.
മറ്റുള്ളവര്‍ ബന്ധുവീടുകളിലേക്ക് മാറി. ഇപ്പോള്‍ ബഹുഭൂരിപക്ഷം പേരും വീടുകളിലേക്ക് മടങ്ങിയെന്നും 700 പേര്‍ മാത്രമാണ് ക്യാംപുകളില്‍ കഴിയുന്നതെന്നും സര്‍ക്കാര്‍ അറിയിച്ചു.
നിയന്ത്രണരേഖയില്‍ 216 തവണയും രാജ്യാന്തര അതിര്‍ത്തിയില്‍ 221 തവണയുമാണ് വെടിനിര്‍ത്തല്‍ കരാര്‍ലംഘനമുണ്ടായത്. പാക്ക് വെടിവയ്പ്പില്‍ ജീവന്‍ നഷ്ടമായവരില്‍ 12 പേര്‍ സാധാരണ ജനങ്ങളാണ്. എട്ടു പേര്‍ സൈനികരും അഞ്ചു പേര്‍ ബിഎസ്എഫ് ജവാന്‍മാരും.
2015ല്‍ 405 തവണയാണ് പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം നടത്തിയത്. 26 പേര്‍ക്ക് ജീവന്‍ നഷ്ടമാവുകയും 97 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
Post Your Comments