Technology

ഡ്യൂപ്ലിക്കേറ്റ് ഐഫോണ്‍ ചാര്‍ജറുകളെക്കുറിച്ച് പുതിയ പഠന റിപ്പോര്‍ട്ട്

ഡ്യൂപ്ലിക്കേറ്റ് ഐഫോണ്‍ ചാര്‍ജറുകളെക്കുറിച്ച് പുതിയ പഠന റിപ്പോര്‍ട്ട്. ഡ്യൂപ്ലിക്കേറ്റ് ഐഫോണ്‍ ചാര്‍ജറുകളില്‍ 99 % ലധികവും അടിസ്ഥാന സുരക്ഷാപരിശോധനകളില്‍ പോലും പരാജയപ്പെടുന്നതായി റിപ്പോര്‍ട്ട്. കനേഡിയന്‍ ഗവേഷകര്‍ മൊബൈല്‍ ചാര്‍ജറുകളെക്കുറിച്ച് നടത്തിയ പഠനമാണ് ഇക്കാര്യം വ്യക്തമാക്കിയത്. പവര്‍ സേഫ്റ്റി കമ്പനിയായ യുഎല്ലിന്റെ (ഡഘ) കനേഡിയന്‍ ഡിവിഷനാണ് പഠനം നടത്തിയത്.

യുഎസ്, ക്യാനഡ, കൊളംബിയ, ചൈന, തയ്‌ലന്‍ഡ്, ഓസ്‌ട്രോലിയ ഉള്‍പ്പടെ എട്ട് രാജ്യങ്ങളില്‍ നിന്ന് വാങ്ങിയ 400 ഡ്യൂപ്ലിക്കേറ്റ് ഐഫോണ്‍ ചാര്‍ജറുകളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. അടിസ്ഥാന സുരക്ഷാടെസ്റ്റുകള്‍ പോലും അവയില്‍ 99 ശതമാനവും മറികടന്നില്ലെന്ന് കണ്ടു. തകരാറുള്ള മൊബൈല്‍ ബാറ്ററികള്‍ പോലെ തന്നെ ഗുരുതരമായ മറ്റൊരു പ്രശ്‌നമാണ് ഡ്യൂപ്ലിക്കേറ്റ് ചാര്‍ജറുകള്‍ ഉയര്‍ത്തുന്നതെന്ന് ഗവേഷകര്‍ പറയുന്നു. പവര്‍ സ്വിച്ചുകളില്‍ ശരിക്കുള്ള ഐഫോണ്‍ ചാര്‍ജറുകള്‍ ഘടിപ്പിക്കുമ്പോള്‍ അവ സുരക്ഷിതമായ ഒരു ഇന്‍പുട്ട് വോള്‍ട്ടേജ് (100 240 വോള്‍ട്ട് എസി) സ്വീകരിച്ച് അതിനെ 5 വോള്‍ട്ട് ഡിസിയായി മാറ്റുകയാണ് ചെയ്യുന്നത്. ഇതിനാവശ്യമായ ആന്തരിക ഘടകങ്ങളാണ് ചാര്‍ജറുകളില്‍ ഉണ്ടാവുക. ഡ്യൂപ്ലിക്കേറ്റ് ചാര്‍ജറുകളില്‍ ഇത്തരം ആന്തരിക ഘടകങ്ങള്‍ വളരെ വ്യത്യസ്തമായിരിക്കും. അതാണ് അപകടം വരുത്തുന്നത്.

ചാര്‍ജറുകള്‍ക്ക് എത്ര കറണ്ട് കടത്തിവിടാന്‍ ശേഷിയുണ്ടെന്ന് മനസിലാക്കാന്‍ ‘ഇലക്ട്രിക് സ്‌ട്രെങ്ത് ടെസ്റ്റ്’ ( electric strength test ) ആണ് നടത്തിയത്. 400 ചാര്‍ജറുകള്‍ ടെസ്റ്റ് ചെയ്തതില്‍ വെറും മൂന്നെണ്ണം മാത്രമാണ് പരിശോധനയെ അതിജീവിച്ചത്. ടെസ്റ്റിന് വിധേയമാക്കിയതില്‍ 22 ചാര്‍ജറുകള്‍ പരിശോധനയുടെ ആദ്യഘട്ടത്തില്‍ തന്നെ നശിച്ചു. 12 എണ്ണം വളരെ ഉയര്‍ന്ന വോള്‍ട്ടേജ് കടത്തിവിടുന്നതായി കണ്ടു. ഇത്തരം ചാര്‍ജറുകളില്‍ നിന്ന് ഷോക്കടിച്ചാല്‍ അത് മാരകമാകാമെന്ന് ഗവേഷകര്‍ പറയുന്നു. ഡ്യൂപ്ലിക്കേറ്റ് മൊബൈല്‍ ചാര്‍ജറുകളില്‍ നിന്ന് ഷോക്കടിച്ചുള്ള ഒട്ടേറെ മരണങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് സമീപകാലത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആമസോണ്‍ വഴി ‘ശരിക്കുള്ള’ ഐഫോണ്‍ ചാര്‍ജറുകളെന്നു പറഞ്ഞ് വില്‍ക്കുന്നവയില്‍ 90 ശതമാനവും ഡ്യൂപ്ലിക്കേറ്റുകളാണെന്ന് കഴിഞ്ഞ ഒക്ടോബറില്‍ ആപ്പിള്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button