Gulf

ജോലിസ്ഥലത്തെ പീഡനപർവ്വത്തിൽ നിന്നും രക്ഷപ്പെട്ട് രമണമ്മ നാട്ടിലേയ്ക്ക് മടങ്ങി

ദമ്മാം● ജോലിസ്ഥലത്തെ പീഡനം സഹിയ്ക്കാനാകാതെ രക്ഷപ്പെട്ടോടി വനിത അഭയകേന്ദ്രത്തിൽ എത്തിയ ആന്ധ്രസ്വദേശിനിയായ വീട്ടുജോലിക്കാരി, നവയുഗം സാംസ്കാരികവേദിയുടെയും, ഇന്ത്യൻ എംബസ്സിയുടെയും സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി.

ആന്ധ്രപ്രദേശ് കടപ്പ സ്വദേശിനിയായ രമണമ്മ കുംബ, ഏഴു മാസങ്ങൾക്ക് മുൻപാണ് സൗദി അറേബ്യയിലെ ഖഫ്ജിയിൽ ഒരു സൗദിയുടെ വീട്ടിൽ ജോലിക്കാരിയായി നാട്ടിൽ നിന്നും എത്തിയത്. എന്നാൽ ജോലിസ്ഥലത്ത് വളരെ മോശം സാഹചര്യങ്ങളാണ് രമണമ്മയ്ക്കു നേരിടേണ്ടി വന്നത്. പാതിരാവോളം നീളുന്ന ജോലി, ആവശ്യത്തിന് വിശ്രമമോ, ആഹാരമോ കിട്ടാത്ത അവസ്ഥ, എപ്പോഴും കുറ്റപ്പെടുത്തലുകളും ശകാരവും, ഒക്കെച്ചേർന്ന് രമണമ്മയുടെ ജീവിതം ദുരിതമയമായി.

നാലുമാസം ജോലി ചെയ്‌തെങ്കിലും ഒരു റിയാൽ പോലും ശമ്പളമായി സ്പോൺസർ കൊടുത്തില്ല. ശമ്പളം ചോദിച്ചു പ്രതിഷേധിയ്ക്കാൻ തുടങ്ങിയപ്പോൾ, ശാരീരികപീഢനവും ഏൽപ്പിയ്ക്കാൻ തുടങ്ങിയെന്ന് രമണമ്മ പറഞ്ഞു. ഒടുവിൽ സഹികെട്ടപ്പോൾ, ആരുംകാണാതെ ആ വീട്ടിൽ നിന്നും ഒളിച്ചോടി, അടുത്തുള്ള പോലീസ് സ്റ്റേഷനിൽ അഭയം തേടി. പോലീസുകാർ അവരെ ദമ്മാമിലെ വനിതാ അഭയകേന്ദ്രത്തിൽ കൊണ്ടു ചെന്നാക്കി.

വനിതാ അഭയകേന്ദ്രത്തിൽ എത്തിയ നവയുഗം ജീവകാരുണ്യപ്രവർത്തകയും, ഇന്ത്യൻ എംബസ്സി വോളന്ററുമായ മഞ്ജു മണിക്കുട്ടനോട്, സ്വന്തം അനുഭവം വിവരിച്ച രാമണമ്മ, നാട്ടിലേയ്ക്ക് മടങ്ങാൻ സഹായിയ്ക്കണമെന്ന് അഭ്യർത്ഥിച്ചു. മഞ്ജു ഈ കേസിന്റെ വിവരങ്ങൾ ഇന്ത്യൻ എംബസ്സിയ്ക്കു കൈമാറി. നവയുഗം ജീവകാരുണ്യപ്രവർത്തകർ രമണമ്മയുടെ സ്‌പോൺസറെ ബന്ധപ്പെട്ട് സംസാരിയ്ക്കാൻ ശ്രമിച്ചെങ്കിലും, യാതൊരു വിധത്തിലുള്ള ചർച്ചയ്ക്കും അയാൾ തയ്യാറായില്ല. രമണമ്മയുമായി ഒരു ബന്ധവുമില്ല എന്ന നിലപാടിലായിരുന്നു അയാൾ.

തുടർന്ന് സൗദി അധികൃതരെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കിയ മഞ്ജു, വനിതാ തർഹീൽ വഴി രമണമ്മയ്ക്കു എക്സിറ്റ് അടിച്ചു വാങ്ങി നൽകുകയും, ഇന്ത്യൻ എംബസ്സി വഴി ഔട്ട്പാസ്സ് എടുത്തു നൽകുകയും, ചെയ്തു.

നവയുഗം കൊദറിയ ഈസ്റ്റ് യൂണിറ്റ് രമണമ്മയ്ക്ക് നാട്ടിലേക്കുള്ള വിമാനടിക്കറ്റും, വസ്ത്രങ്ങളും നൽകാൻ തയ്യാറായി. നവയുഗം കൊദറിയ ഈസ്റ്റ് യൂണിറ്റ് ഭാരവാഹികളായ അഷറഫ് തലശ്ശേരി, ബിജു നല്ലില, ബിനേഷ് എന്നിവർ ചേർന്ന്, രമണമ്മയ്ക്കു വിമാനടിക്കറ്റ് കൈമാറി.

നിയമനടപടികൾ പൂർത്തിയായപ്പോൾ തന്നെ സഹായിച്ച നവയുഗത്തിനും, ഇന്ത്യൻ എംബസിയ്ക്കും, സൗദി അധികൃതർക്കും നന്ദി പറഞ്ഞ്, രമണമ്മ നാട്ടിലേയ്ക്ക് മടങ്ങി.

shortlink

Related Articles

Post Your Comments

Related Articles


Back to top button