ചെന്നൈ : തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് രാജ്യം വിട നല്‍കി. മറീനാ ബീച്ചില്‍ എംജിആറിന്റെ സ്മാരകത്തോടു ചേര്‍ന്ന സ്ഥലത്താണ് ജയലളിതയുടെ മൃതദേഹം സംസ്‌കരിച്ചത്. നാടിന്റെ തലൈവിയ്ക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി തമിഴ്മക്കള്‍ നല്‍കി.
ജയലളിതയുടെ നിര്യാണത്തില്‍ അനുശോചിച്ചു കേന്ദ്രസര്‍ക്കാര്‍ രാജ്യത്ത് ഒരു ദിവസത്തെ ദു:ഖാചരണം പ്രഖ്യാപിച്ചിരുന്നു. ദേശീയ പതാകകള്‍ പകുതി താഴ്ത്തിക്കെട്ടി. ജയയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ചശേഷം രാജ്യസഭ ഇന്നത്തേക്കു പിരിഞ്ഞു. ഉത്തരാഖണ്ഡ്, കര്‍ണാടക, ബിഹാര്‍ സംസ്ഥാനങ്ങളും ഒരു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. ശ്രീലങ്കയിലെ കച്ചിത്തീവിലുള്ള സെന്റ് ആന്റണീസ് പള്ളിയില്‍ നാളെ നടക്കാനിരുന്ന പെരുന്നാള്‍ ജയയോടുള്ള ആദരസൂചകമായി പിന്‍വലിച്ചു.
തമിഴ്‌നാട്ടില്‍ ഏഴു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു മൂന്നു ദിവസം അവധിയാണ്. തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു പാര്‍ട്ടി പ്രവര്‍ത്തകരും ആരാധകരും ചെന്നൈയിലേക്കെത്തുന്നുണ്ട്. ഇതുമൂലം സുരക്ഷാപ്രശ്‌നമുണ്ടാകാതിരിക്കാന്‍ പൊലീസ് അതീവ ജാഗ്രതയിലാണ്. തമിഴ്‌നാട്ടില്‍ പലയിടത്തും ബന്ദിന്റെ പ്രതീതിയാണ്. തമിഴ്‌നാട്ടിലെ പ്രധാന സ്ഥലങ്ങളിലെല്ലാം പൊലീസ് സാന്നിധ്യം ശക്തമാണ്. പൊലീസിനൊപ്പം കേന്ദ്രസേനയും രംഗത്തുണ്ട്. കേരള, കര്‍ണാടക, തെലങ്കാന അതിര്‍ത്തികളില്‍ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Post Your Comments