ന്യൂഡല്‍ഹി: വി.വി.ഐ.പി വിവാഹമാണെങ്കിലും ആര്‍ഭാടങ്ങളില്ലാതെയാണ് ബിജെപി മുന്‍ അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ നിതിന്‍ ഗഡ്കരിയുടെ മകളുടെ വിവാഹം നടക്കുന്നത്. നോട്ട് റദ്ദാക്കലിനെ തുടര്‍ന്നുള്ള രാഷ്ട്രീയ സാഹചര്യങ്ങളെ വിലയിരുത്തിയാണ് വിവാഹം ലളിതമാക്കാന്‍ തീരുമാനിച്ചത്. മാത്രമല്ല ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് കര്‍ണാടകത്തില്‍ ബിജെപി നേതാവ് ജനാര്‍ദ്ദനറെഡ്ഡിയുടെ മകളുടെ ആര്‍ഭാട വിവാഹം ദേശീയതലത്തില്‍ തന്നെ ഏറെ ചര്‍ച്ചകള്‍ക്ക് വഴിവച്ചതിനാലാണ് മകളുടെ വിവാഹം ലളിതമാക്കാന്‍ ഗഡ്കരി തീരുമാനിച്ചത്
അതേസമയം വിവാഹം ലളിതമാണെങ്കിലും വിവാഹത്തില്‍ സംബന്ധിക്കാന്‍ വിഐപികളും മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളും കേന്ദ്രമന്ത്രിമാരും ഉള്‍പ്പെടെയുള്ളവരെത്തും. കേന്ദ്രമന്ത്രി രാജ്‌നാഥ്‌സിങ്, ബിജെപി അധ്യക്ഷന്‍ അമിത് ഷാ, വ്യവസായികളായ മുകേഷ് അംബാനി, രത്തന്‍ ടാറ്റ, ശിവസേനാ മേധാവി ഉദ്ധവ് താക്കറെ എന്നിവരും നിരവധി കേന്ദ്ര മന്ത്രിമാരും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ഉള്‍പ്പെടെയുള്ള വിഐപികളും വിവിഐപികളുമാണ് അമ്പത് ചാര്‍ട്ടേഡ് വിമാനങ്ങളില്‍ നാഗ്പൂരിലെത്തുന്നത്.
മുന്‍ ഉപപ്രധാനമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ എല്‍കെ അദ്വാനി, മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന മേധാവി രാജ് താക്കറെ തുടങ്ങിയവരും എത്തും. രാജ്യത്തെ പ്രധാന കേന്ദ്രങ്ങളില്‍ നിന്ന് നാഗ്പൂരിലേക്കുള്ള വിമാനങ്ങളില്‍ ഇന്നലെയും ഇന്നും ടിക്കറ്റുകള്‍ കിട്ടാത്ത സ്ഥിതിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത്, കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, സിനിമാതാരങ്ങളായ അമിതാഭ് ബച്ചന്‍, ഹേമമാലിനി, എന്‍സിപി നേതാവ് ശരത് പവാര്‍, വ്യവസായി കുമാരമംഗലം ബിര്‍ള തുടങ്ങിയവരാണ് മറ്റുചില വിവിഐപി അതിഥികള്‍.
നാഗ്പൂരില്‍ വാര്‍ധാ റോഡിലെ റാണി കോഠിയിലാണ് വിവാഹച്ചടങ്ങുകള്‍.
മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസും മന്ത്രിമാരുമെല്ലാം വിവാഹത്തില്‍ സംബന്ധിക്കും. നിരവധി ബിജെപി എംപിമാരും മറ്റു സംസ്ഥാനങ്ങളിലെ ബിജെപി നേതാക്കളും ഗഡ്കരിയുടെ ഇളയ മകളായ കേതകിയുടെ വിവാഹത്തിന് എത്തുന്നുണ്ട്.
ഇതിന് പുറമെ ഡല്‍ഹിയില്‍ എട്ടാംതീയതി മറ്റൊരു സല്‍ക്കാരവും ഗഡ്കരി രാജ്യതലസ്ഥാനത്തെ സുഹൃത്തുക്കള്‍ക്കായി നടത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൂടി പങ്കെടുപ്പിക്കാന്‍ ഉദ്ദേശിച്ചാണിത്. അദ്ദേഹമുള്‍പ്പെടെ മറ്റു സഹപ്രവര്‍ത്തകര്‍, മുന്‍നിര രാഷ്ട്രീയ നേതാക്കള്‍, സുഹൃത്തുക്കള്‍ എന്നിങ്ങനെ എണ്ണൂറോളം വിശിഷ്ടാതിഥികള്‍ക്കായാണ് ഡല്‍ഹിയിലെ സല്‍ക്കാരം.
Post Your Comments