ന്യൂഡല്‍ഹി: നോട്ട് നിരോധനത്തിനിടെ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ മകളുടെ കല്ല്യാണം ആര്‍ഭാടമായി നടത്തിയ സംഭവത്തിനെതിരെ വിമര്‍ശനങ്ങള്‍ അവസാനിച്ചിട്ടില്ല. കല്ല്യാണത്തിന് 50 ചാര്‍ട്ടര്‍ വിമാനമെത്തിയെന്ന ആരോപണവും ഉയര്‍ന്നിരുന്നു. അതേസമയം ഇതിനു വിശദീകരണവുമായി നിതിന്‍ ഗഡ്കരി രംഗത്തെത്തി.
കല്ല്യാണ ചടങ്ങില്‍ വിഐപികള്‍ക്ക് പങ്കെടുക്കുന്നതിനായി 50 ചാര്‍ട്ടര്‍ വിമാനങ്ങള്‍ ഏര്‍പ്പെടുത്തിയെന്ന പ്രചരണം തെറ്റാണെന്ന് ഗഡ്കരി പറയുന്നു. ഇത്തരം ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നും അദ്ദേഹം പറയുന്നു. പത്ത് നോണ്‍ ഷെഡ്യൂള്‍ഡ് വിമാനങ്ങള്‍ മാത്രമാണ് നാഗ്പൂര്‍ വിമാനത്താവളത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ ഇറങ്ങിയതെന്ന്് എയര്‍ ട്രാഫിക്ക് കണ്‍ട്രോള്‍ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി ഗഡ്കരിയുടെ ഓഫീസ് വ്യക്തമാക്കി.
ഇറങ്ങിയ പത്ത് വിമാനങ്ങളില്‍, കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിന്റെയും, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെയും, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ് രാജ് സിങ്ങ് ചൗഹാന്റെയും സര്‍ക്കാര്‍ വിമാനങ്ങളാണെന്നും വ്യക്തമാക്കുന്നു. കൂടാതെ, യോഗാ ഗുരു ബാബാ രാംദേവ്, ശിവസേന തലവന്‍ ഉദ്ധവ് താക്കറെ, പ്രശസ്ത മാധ്യമ മുതലാളിയും സിനിമാ നിര്‍മ്മാതാവുമായ റാമോജി റാവു, രാജ്യസഭാംഗവും സീടിവിയുടെ മുന്‍ എക്സിക്യൂട്ടീവ് ചെയര്‍മാനുമായ സുഭാഷ് ചന്ദ്ര എന്നിവരും വിമാനങ്ങളിലാണ് എത്തിയതെന്ന് നിതിന്‍ ഗഡ്കരിയുടെ ഓഫീസ് വ്യക്തമാക്കുന്നു.
Post Your Comments