കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജിക്ക് ഇന്ത്യന്‍ പ്രധാനമന്ത്രിയാകുന്നതിനുവേണ്ട എല്ലാ യോഗ്യതകളുമുണ്ടെന്ന് വിവാദ യോഗാഗുരു ബാബാ രാംദേവ്. കൊല്‍ക്കത്തയില്‍ നടക്കുന്ന ഇന്‍ഫോകോം സമ്മേളനത്തില്‍ സംസാരിക്കവെയാണ് രാംദേവ് മമതയെ പ്രശംസകൊണ്ടു മൂടിയത്.
രാഷ്ട്രീയത്തില്‍ മമതയുടെ വിശ്വാസ്യതയെ സംബന്ധിച്ച് ചോദ്യങ്ങള്‍ ഉദിക്കുന്നില്ല. നോട്ട് പിന്‍വലിക്കലിനെ തുടര്‍ന്നുണ്ടായ നടപടിക്രമങ്ങളെയാണ് മമത എതിര്‍ക്കുന്നത്. എന്നാല്‍ മനസുകൊണ്ട് അവര്‍ കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തെ പിന്തുണയ്ക്കുന്നുണ്ടെന്ന് എനിക്കു തോന്നുന്നു. 2009 2014 സമയത്ത് ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ പിന്‍വലിക്കണമെന്ന് ഞാന്‍ ആവശ്യമുന്നയിച്ചിരുന്നു.
എന്നാല്‍ അന്നതുണ്ടായില്ല. ഇപ്പോഴത്തെ തീരുമാനത്തിനുശേഷം നക്സലുകള്‍ക്കും ഭീകരര്‍ക്കും പണം ലഭിക്കുന്നത് അവസാനിച്ചിട്ടുണ്ട് രാംദേവ് പറഞ്ഞു. മമത ബാനര്‍ജിയുടെ ലളിത ജീവിതത്തെ രാംദേവ് പ്രശംസിക്കുകയും ചെയ്തു.
2012ല്‍ താന്‍ കള്ളപ്പണത്തിനെതിരേ പ്രക്ഷോഭം നടത്തിയ കാലത്ത് രാഷ്ട്രപതി പ്രണാബ് മുഖര്‍ജി, പ്രധാനമന്ത്രി മന്മോഹന് സിംഗ്, കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എന്നിവര്‍ ഈ നീക്കത്തിനു പിന്തുണ അറിയിച്ചിരുന്നതായും രാംദേവ് അവകാശപ്പെട്ടു.
Post Your Comments