കോഴിക്കോട്: മാന്‍ഹോളില്‍ കുടുങ്ങിപ്പോയ അന്യസംസ്ഥാനതൊഴിലാളികളെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ ജീവന്‍ നഷ്ടമായ ഓട്ടോഡ്രൈവര്‍ നൗഷാദിന്റെ ഭാര്യയ്ക്ക് ഒടുവില്‍ സര്‍ക്കാര്‍ ജോലി ലഭിച്ചു. നൗഷാദ് മരിച്ച് ഒരു വര്‍ഷത്തിന് ശേഷമാണ് നൗഷാദിന്റെ ഭാര്യ സഫ്രീനയ്ക്ക് റവന്യൂ വകുപ്പില്‍ ക്ലര്‍ക്കായി നിയമനം ലഭിച്ചിരിക്കുന്നത്.
മന്ത്രിസഭയുടെ സവിശേഷാധികാരം ഉപയോഗിച്ചാണ് സഫ്രീനയെ ക്ലര്‍ക്കായി നിയമിച്ചിരിക്കുന്നത്. നവംബര്‍ 25ന്റെ മുന്‍കാല പ്രാബല്യത്തോടെയാണ് നിയമനം. വെള്ളിയാഴ്ച്ചയാണ് ഇതുസംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് പുറത്തു വന്നത്.
ക്ലര്‍ക്ക് പോസ്റ്റില്‍ ഇനി വരുന്ന ഒഴിവില്‍ നൗഷാദിന്റെ ഭാര്യയ്ക്ക് നിയമനം നല്‍കണമെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇതില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കേണ്ട ചുമതല കോഴിക്കോട് ജില്ലാ കളക്ടര്‍ക്കാണ്
2015 നവംബര്‍ 26നാണ് കോഴിക്കോട് കണ്ടംകുളത്തിനടുത്ത് മാന്‍ഹോളില്‍ കുടുങ്ങിപ്പോയ തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് മാളിക്കടവ് സ്വദേശി നൗഷാദ് (33) മരിച്ചത്. മാന്‍ഹാളില്‍ അറ്റകുറ്റപ്പണിക്കിറങ്ങിയ തൊഴിലാളികള്‍ കുടുങ്ങിയപ്പോള്‍ അവരുടെ നിലവിളി കേട്ട് മാന്‍ഹോളിലിറങ്ങിയ നൗഷാദും അപകടത്തില്‍പ്പെടുകയായിരുന്നു..
സമാനതകളില്ലാത്ത ഈ മനുഷ്യസ്‌നേഹം വലിയ വാര്‍ത്തയായതിനെ തുടര്‍ന്ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നൗഷാദിന്റെ വീട്ടിലെത്തിയാണ്, നൗഷാദിന്റെ ഭാര്യക്ക് ജോലി നല്‍കുമെന്നും കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുമെന്നും പ്രഖ്യാപിച്ചത്.
Post Your Comments