Gulf

തകർന്ന സ്വപ്നങ്ങളുടെ വേദനയും പേറി ലക്ഷ്മിദേവി നാട്ടിലേയ്ക്ക് മടങ്ങി

ദമ്മാം● രണ്ടുമാസക്കാലത്തെ വനിതാ അഭയകേന്ദ്രത്തിലെ ജീവിതം മതിയാക്കി, നവയുഗം സാംസ്കാരികവേദിയുടെ സഹായത്തോടെ നിയമനടപടികൾ പൂർത്തിയാക്കി ആന്ധ്രാസ്വദേശിനിയായ വീട്ടുജോലിക്കാരി നാട്ടിലേയ്ക്ക് മടങ്ങി.

ആന്ധ്രാപ്രദേശ് ബയമഗരിപ്പള്ളി സ്വദേശിനിയായ ലക്ഷ്മിദേവി റെപ്പന്ന, എട്ടു മാസങ്ങൾക്കു മുൻപാണ്, ദമ്മാമിലെ ഒരു സൗദി കുടുംബത്തിൽ വീട്ടുജോലിക്കാരിയായി എത്തിയത്. തന്റെ പാവപ്പെട്ട കുടുംബത്തിന്റെ കഷ്ടപ്പാടുകൾ ഇല്ലാതാക്കി, സാമ്പത്തികഭദ്രത കൈവരിയ്ക്കാൻ ഈ ജോലി കൊണ്ട് കഴിയുമെന്ന് കരുതിയാണ് ലക്ഷ്മിദേവി പ്രവാസിയായി സൗദിയിൽ എത്തിയത്.

എന്നാൽ പ്രതീക്ഷകൾ തകർന്നത് വളരെ പെട്ടെന്നായിരുന്നു. രാപകലോളം വിശ്രമമില്ലാതെ ജോലി ചെയ്യിപ്പിച്ചതല്ലാതെ, ശമ്പളമായി ഒരു റിയാൽ പോലും സ്പോൺസർ നൽകിയില്ല. ആറുമാസക്കാലം ഇത് തുടർന്നു. ഒടുവിൽ ശമ്പളം തരാതെ ഇനി ജോലി ചെയ്യില്ല എന്ന് ലക്ഷ്മിദേവി തറപ്പിച്ചു പറഞ്ഞപ്പോൾ, ഭീക്ഷണിയും മാനസികപീഡനവുമായിരുന്നു വീട്ടുകാരിൽ നിന്നും കിട്ടിയത്.

ഒരു ദിവസം, വീട്ടുകാർ അടുത്തില്ലാത്ത സമയത്ത്, ആ വീട്ടിൽ നിന്നും പുറത്തുകടന്ന ലക്ഷ്മീദേവി, ദമ്മാമിലെ ഇന്ത്യൻ എംബസ്സി സേവനകേന്ദ്രത്തിൽ എത്തി എംബസ്സി ഹെൽപ്ഡെസ്കിൽ പരാതി പറഞ്ഞു. വിവരമറിഞ്ഞ് അവിടെയെത്തിയ നവയുഗം ജീവകാരുണ്യപ്രവർത്തകരായ ഉണ്ണി പൂച്ചെടിയലും, പദ്മനാഭൻ മണിക്കുട്ടനും കൂടി, പോലീസിന്റെ സഹായത്തോടെ അവരെ ദമ്മാം വനിതാ അഭയകേന്ദ്രത്തിൽ എത്തിച്ചു.

വനിതാ അഭയകേന്ദ്രത്തിൽ എത്തിയ നവയുഗം ജീവകാരുണ്യപ്രവർത്തകയായ മഞ്ജു മണിക്കുട്ടൻ, ലക്ഷ്മീദേവിയുടെ കേസ് ഏറ്റെടുക്കുകയും, വിവരം ഇന്ത്യൻ എംബസ്സിയിൽ റിപ്പോർട്ട് ചെയ്യുകയും ചെയ്തു. മഞ്ജുവും നവയുഗം ജീവകാരുണ്യപ്രവർത്തകരും ലക്ഷ്മീദേവിയുടെ സ്‌പോൺസറെ ബന്ധപ്പെട്ട്, സമവായചർച്ചകൾ നടത്തി. എന്നാൽ ലക്ഷ്മീദേവി തിരികെ വന്ന് ജോലി തുടർന്നാൽ മാത്രമേ, കുടിശ്ശിക ശമ്പളം തരികയുള്ളൂ എന്ന നിലപാടിൽ സ്പോൺസർ ഉറച്ചു നിന്നു. ആ വീട്ടിൽ ആവശ്യത്തിലധികം ദുരിതം അനുഭവിച്ചെന്നും, അതിനാൽ ശമ്പളം കിട്ടിയില്ലെങ്കിലും വേണ്ട, എങ്ങനെയും നാട്ടിൽ എത്തിയാൽ മതിയെന്ന നിലപാടാണ് ലക്ഷ്മീദേവി എടുത്തത്.

തുടർന്ന് സ്പോൺസറുമായി നവയുഗം ജീവകാരുണ്യപ്രവർത്തകർ പലപ്രാവശ്യം ചർച്ച നടത്തുകയും, ഒടുവിൽ ഫൈനൽ എക്സിറ്റ് നൽകാം എന്ന് സ്പോൺസർ സമ്മതിയ്ക്കുകയും ചെയ്തു. ലക്ഷ്മിദേവിയ്ക്കുള്ള വിമാനടിക്കറ്റ് നവയുഗം മദിനത്തുൽ അമാൽ യൂണിറ്റ് പ്രവർത്തകർ പിരിച്ചു നൽകി.

നിയമനടപടികൾ പൂർത്തിയായപ്പോൾ, തന്നെ സഹായിച്ച എല്ലാവർക്കും നന്ദിയും പറഞ്ഞ് ലക്ഷ്മീദേവി നാട്ടിലേയ്ക്ക് മടങ്ങി.

shortlink

Related Articles

Post Your Comments

Related Articles


Back to top button