Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Life StyleHealth & Fitness

കൈ ഉയര്‍ത്താം എച്ച്.ഐ.വി പ്രതിരോധത്തിനായി

കെ.കെ.ശൈലജ (ആരോഗ്യമന്ത്രി)

ഇന്ന് ഡിസംബര്‍1, ലോക എയ്ഡ്‌സ് ദിനം. എച്ച്.ഐ.വി അണുബാധ ഇന്നും നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്നുവെന്നും എച്ച്.ഐ.വി പ്രതിരോധിക്കുന്നതിനും അണുബാധിതരെ സംരക്ഷിക്കുന്നതിനും ഇനിയും ഒരുപാടു കാര്യങ്ങള്‍ നമുക്ക് ചെയ്യുവാനുണ്ടെന്നും ഓര്‍മ്മപ്പെടുത്തിക്കൊണ്ട് വീണ്ടും ഒരു ലോക എയ്ഡ്‌സ് ദിനം കൂടി നാം ആചരിക്കുന്നു.

‘കൈ ഉയര്‍ത്താം എച്ച്.ഐ.വി പ്രതിരോധത്തിനായി’ എന്നതാണ് ഈ വര്‍ഷത്തെ എയ്ഡസ് ദിന സന്ദേശം.

എച്ച്.ഐ.വി അണുബാധ കണ്ടുപിടിച്ചിട്ട് 35 വര്‍ഷമേ ആയിട്ടുള്ളൂവെങ്കിലും ലോകത്ത് ഇത്രയേറെ ചര്‍ച്ചചെയ്ത ഒരു രോഗാവസ്ഥ വേറെ ഉണ്ടായിട്ടില്ല പ്രാരംഭകാലഘട്ടങ്ങളില്‍ എച്ച്.ഐ.വി അണുബാധ കേവലം ഒരു ആരോഗ്യപ്രശ്‌നമായി മാത്രമാണ് കണ്ടുവന്നത്. എന്നാല്‍ ദാരിദ്ര്യം, മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗം, നിരക്ഷരത, തൊഴിലില്ലായ്മ തുടങ്ങീ ഒട്ടേറെ സാമൂഹ്യപ്രശ്‌നങ്ങള്‍ എച്ച്.ഐ.വി അണുബാധയുടെ വ്യാപനത്തിന് നിദാനമായിട്ടുണ്ട്.

എച്ച്.ഐ.വി അണുബാധയും അനന്തര ഫലങ്ങള്‍ ഉണ്ടാക്കുന്ന സാമൂഹിക പ്രത്യാഘാതങ്ങളും വളരെ വലുതാണ്. ദാരിദ്ര്യം, ഉത്പാദനക്ഷമതക്കുറവ്, സൃഷ്ടിക്കപ്പെടുന്ന അനാഥബാല്യങ്ങള്‍, സാമൂഹ്യ ഒറ്റപ്പെടുത്തലുകള്‍, വര്‍ദ്ധിച്ചു വരുന്ന വിധവകളുടെ എണ്ണം എല്ലാം തന്നെ ഇന്നും ലോകത്തെമ്പാടും ദൃശ്യമാണ്. ഈ പശ്ചാത്തിത്തില്‍ എച്ച്.ഐ.വിയെ കേവലം ഒരു ആരോഗ്യ പ്രശ്‌നം എന്നതിലുപരി സാമൂഹിക, സാമ്പത്തിക മേഖലകളില്‍ തിരിച്ചടികള്‍ ഉണ്ടാക്കുന്ന ഒരു പ്രശ്‌നമായി നാം ഓരോരാത്തരും കാണേണ്ടതാണ്.

ലഭ്യമായ സ്ഥിതിവിവരക്കണക്കുകള്‍ അനുസരിച്ച് അണുബാധിതരിലെ 83% വും 15 നും 49 നും മദ്ധ്യേ പ്രായമുള്ളവരാണ്. നമ്മുടെ കാര്‍ഷിക, വിദ്യാഭ്യാസ, ആരോഗ്യ, വ്യവസായ മേഖലകളിലൊക്കെ സജീവമായി ഇടപെടേണ്ട യുവത്വം അണുബാധിതരാകുന്ന സാഹചര്യം ഏതൊരു രാജ്യത്തിന്റെയും വികസന സങ്കല്‍പ്പങ്ങള്‍ക്ക് തിരിച്ചടിയാണ്.

നാം വിചാരിച്ചാല്‍ സ്വയം പ്രതിരോധിക്കാന്‍ കഴിയുന്നതാണ് എച്ച്.ഐ.വി അണുബാധ വ്യാപനം എന്നത് ഏറ്റവും ശ്രദ്ധേയമായ വസ്തുതയാണ്. വിശ്വാസപൂര്‍ണ്ണമായ ജീവിതവും, സുരക്ഷിതമായ ജീവിതശൈലിയും കൊണ്ട് നമുക്ക് ഇതിനെ പ്രതിരോധിക്കാം. അതുകൊണ്ടുതന്നെ നമ്മുടെ കുട്ടികളും യുവജനങ്ങളും എച്ച്.ഐ.വി അണുബാധയെപ്പറ്റി ശാസ്ത്രീയ അറിവ് നേടേണ്ടതും സ്വയം പ്രതിരോധത്തിനായി ആ അറിവുകള്‍ പ്രാവര്‍ത്തികമാക്കേണ്ടതുമാണ്. ഒരു പുതിയ എച്ച്.ഐ.വി അണുബാധിതന്‍പോലും നമ്മുടെ സമൂഹത്തില്‍ ഉണ്ടാകരുത് എന്ന ലക്ഷ്യം നേടിയെടുക്കുവാന്‍ ഈ തിരിച്ചറിവുകൊണ്ടു കഴിയും.

ആരോഗ്യ, വിദ്യാഭ്യാസ, സാംസ്‌ക്കാരിക മേഖലകളിലൊക്കെ മുന്നിട്ടു നില്‍ക്കുന്നവരാണ് നാമെന്ന് സ്വയം അഭിമാനിക്കുമ്പോഴും ഒരു സംസ്‌കാരിക സമൂഹത്തിന് ചേരാത്ത സമീപനമാണ് എച്ച്.ഐ.വി അണുബാധിതരായ നമ്മുടെ സഹോദരി സഹോദരന്‍മാരോടും കുട്ടികളോടും നാം അനുവര്‍ത്തിക്കുന്നത്. ഈ ദുരവസ്ഥ അവസാനിപ്പിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. എച്ച്.ഐ.വി അണുബാധിതരെയും നമ്മുടെ സഹജീവികളായി കണ്ടുകൊണ്ട് അവരെ സമൂഹത്തിലെ മുഖ്യധാരയിലേക്ക് കൊണ്ടുവരേണ്ടത് ഈ കാലഘട്ടത്തിന്റെ അനിവാര്യതയാണ്. കാരണം സാമൂഹ്യമായ ഒറ്റപ്പെടുത്തലുകളും വിവേചനവും ഭയന്ന് എച്ച്.ഐ.വി അണുബാധ പിടിപെടാന്‍ സാധ്യതയുള്ള സാഹചര്യങ്ങളില്‍ക്കൂടി കടന്നുപോയിട്ടുള്ള ആളുകള്‍പോലും പരിശോധനയ്ക്ക് വിധേയരാകുന്നില്ല. ഇത് സ്വാഭാവികമായും അണുബാധയുടെ തോത് ഉയര്‍ത്തുവാന്‍ മാത്രമേ സഹായിക്കുകയുള്ളൂ.

എയ്ഡ്‌സ് നിയന്ത്രണം, എച്ച്.ഐ.വി അണുബാധിതരുടെ പരിചരണം, ചികിത്സ തുടങ്ങിയ മേഖലകളില്‍ സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ സംസ്ഥാന എയ്ഡ്‌സ് നിയന്ത്രണ സൊസൈറ്റി ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു.

സംസ്ഥാനത്തെ എല്ലാ എച്ച്.ഐ.വി ബാധിതരെയും ബി.പി.എല്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുകയും സൗജന്യ ചികിത്സയും, പരിശോധനയ്ക്കുമുള്ള സൗകര്യവും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. എ.ആര്‍.ടി. ചികിത്സ എടുക്കുന്ന കുട്ടികളെ സര്‍ക്കാരിന്റെ സ്‌നേഹപൂര്‍വ്വം പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്‌കോളര്‍ഷിപ്പ് നല്‍കുന്നുണ്ട്.

കേരളത്തില്‍ പുതുതായി ഉണ്ടാകുന്ന എച്ച്.ഐ.വി അണുബാധയുടെ വ്യാപനം ഫലപ്രദമായി കുറയ്ക്കുവാന്‍ കഴിഞ്ഞു. 2007 -ല്‍ പുതിയതായി എച്ച്.ഐ.വി അണുബാധിതരുടെ എണ്ണം 3972 ആയിരുന്നെങ്കില്‍ അത് 2016 ആയപ്പോള്‍ 1199 ആയി കുറയ്ക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ 7 വര്‍ഷത്തിനുള്ളില്‍ പുതിയ എച്ച്.ഐ.വി ബാധിതരുടെ തോത് 60% ലധികം കുറയ്ക്കാന്‍ കഴിഞ്ഞത് സംസ്ഥാന ആരോഗ്യ വകുപ്പിന്റേയും, കേരള സംസ്ഥാന എയ്ഡ്‌സ് നിയന്ത്രണ സൊസൈറ്റിയുടേയും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സംഘടനകളുടേയും കൂട്ടായ പ്രവര്‍ത്തന ഫലമായാണ്. ഈ സന്ദര്‍ഭത്തില്‍ എച്ച്.ഐ.വി അണുബാധിതര്‍ക്കെതിരെയുള്ള വിവേചനം അവസാനിപ്പിക്കുന്നതിനും അവര്‍ക്ക് ശരിയായ ചികിത്സ ലഭ്യമാക്കുന്നതിലൂടെ എയ്ഡ്‌സ് മരണങ്ങള്‍ ഇല്ലാതാക്കുന്നതിനും വേണ്ടി നമുക്ക് ഒരുമിച്ച് അണിചേരാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button