ആലപ്പുഴ: നോട്ട് നിരോധനത്തെ തുടർന്ന് സംസ്ഥാനത്ത് മദ്യ വില്പനയില് 30 ശതമാനത്തോളം ഇടിവ്. ഒരു മാസം 220-235 പെര്‍മിറ്റുകള്‍ അനുവദിച്ചു വന്നിടത്ത് മിക്ക വെയര്‍ഹൗസുകളിലും 180-185 പെര്‍മിറ്റുകളാണ് നവംബര്‍ എട്ടിന് ശേഷം നല്‍കിയിട്ടുള്ളത്.
പരമാവധി 720 കേയ്സ് മദ്യമാകും ഒരു പെര്‍മിറ്റില്‍ ഉണ്ടാകുക. ഒരു ദിവസം മദ്യവില്പനയിലൂടെ 24-25 കോടി രൂപ വരുമാനം ലഭിച്ചിരുന്ന സ്ഥാനത്ത് ഇപ്പോഴത് എട്ട്-ഒമ്പത് കോടി രൂപയായി ചുരുങ്ങി. 1036.59 കോടി രൂപയുടെ മദ്യമാണ് ഒക്ടോബര്‍ മാസത്തില്‍ സംസ്ഥാനത്ത് വിറ്റഴിഞ്ഞത്. കെ.എസ്.ബി.സി ചില്ലറവില്പനശാലകള് വഴി 854.57 കോടി രൂപയുടേയും വെയര്‍ ഹൗസ്, ബാറുകള്‍, ബിയര്‍-വൈന്‍ പാര്‍ലറുകള്‍, കണ്‍സ്യൂമര്‍ ഫെഡ് ഷോപ്പുകള്‍ എന്നിവയിലൂടെ 382.02 കോടി രൂപയുടെയും വില്പനയാണ് നടന്നത്.
എന്നാല്‍ കഴിഞ്ഞ മാസം ഈ കണക്കില്‍ വന്‍ കുറവ് സംഭവിച്ചിട്ടുള്ളതായാണ് എക്സൈസ് അധികൃതര്‍ വിലയിരുത്തുന്നത്. അതേസമയം കഴിഞ്ഞാഴ്ച വില്‍പ്പനയില്‍ 10-15 ശതമാനത്തോളം വര്‍ധനയുണ്ടായിട്ടുണ്ട്. മിക്കയിടങ്ങളിലും 25 ശതമാനം മുതല്‍ 30 ശതമാനത്തിനടുത്ത് വരെ നവംബറില്‍ മാസത്തിൽ വില്പന ഇടിഞ്ഞു. വിദേശ മദ്യവില്പനശാലകളില് പഴയ നോട്ടുകള്‍ സ്വീകരിക്കാത്തതാണ് കച്ചവടം കുറയാന്‍ കാരണമായത്. മദ്യവില്പനയില് നിന്നുള്ള വരുമാനം കുറഞ്ഞത് സര്‍ക്കാരിനെയും പ്രതിസന്ധിയിലാക്കി.
Post Your Comments