തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ഇന്നു മുതല്‍ സ്‌ത്രീകള്‍ക്ക് ചുരിദാര്‍ ധരിച്ച് കയറാമെന്ന ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസറുടെ ഉത്തരവ് നടപ്പായില്ല. പത്മനാഭസ്വാമിക്ഷേത്ര പ്രവേശനത്തിനെത്തിയ സ്ത്രീകളെ തടഞ്ഞു. ചുരിദാര്‍ ധരിച്ചെത്തുന്നത് അംഗീകരിക്കാനാവില്ലെന്ന് കാണിച്ചാണ് ഹൈന്ദവസംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.
ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ഇനിമുതല്‍ സ്ത്രീകള്‍ക്ക് ചുരിദാര്‍ ധരിച്ച് കയറാന്‍ അനുമതി നല്‍കികൊണ്ട് ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസര്‍ ഇന്നലെ തീരുമാനം അറിയിച്ചിരുന്നു. എന്നാല്‍ ഈ തീരുമാനത്തിനെതിരെയാണ് ഹൈന്ദവ സംഘടനകളുടെ പ്രതിഷേധം. ചുരിദാറിന് മുകളില്‍ മുണ്ട് ചുറ്റി മാത്രമേ ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് പ്രവേശനാനുമതി ഉണ്ടായിരുന്നുള്ളൂ. ഇതിനെതിരെ റിയാ രാജിയെന്ന അഭിഭാഷകയാണ് ഹൈക്കോടതിയെ സമീപിച്ചത്. റിയയുടെ റിട്ട് ഹര്‍ജി സെപ്റ്റംബര്‍ 29ന് പരിഗണിച്ച കേരള ഹൈക്കോടതി, ഇക്കാര്യത്തില്‍ ഭക്തരുടെ അഭിപ്രായമാരാഞ്ഞ ശേഷം തീരുമാനമെടുക്കാന്‍ ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസറെ ചുമതലപ്പെടുത്തിയിരുന്നു. തുടര്‍ന്നാണ് ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസര്‍ അനുകൂല തീരുമാനം കൈക്കൊണ്ടത്.
കേരള ബ്രാഹ്മണസഭ, ശ്രീപത്മനാഭസ്വാമി ക്ഷേത്ര ഭക്തജന സേവാസമിതി, ശ്രീപത്മനാഭസ്വാമിക്ഷേത്ര ഭക്തജനസഭ എന്നീ സംഘടനകള്‍ നേരത്തെ തന്നെ ചുരിദാറിനെ എതിര്‍ത്ത് രംഗത്തുവന്നിരുന്നു. ചുരിദാര്‍ ഹൈന്ദവമായ വസ്ത്രം അല്ലാത്തതിനാല്‍ അത് അംഗീകരിക്കാനാവില്ലെന്ന നിലപാടായിരുന്നു ഇവരുടേത്. സ്ത്രീകള്‍ ചുരിദാര്‍ ധരിച്ച് പ്രവേശിക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധവുമായി ഇവര്‍ രംഗത്തെത്തിയിട്ടുണ്ട്.
Post Your Comments