ദുബായ്: അബുദാബിയില്‍ സ്വദേശി വ്യവസായി അറസ്റ്റിൽ. കോടികള്‍ മുടക്കി ഫാന്‍സി നമ്പര്‍ വാങ്ങിയ സ്വദേശിയാണ് പിടിയിലായത്. ഫാന്‍സി നമ്പര്‍ ലേലത്തില്‍ പിടിച്ചതിന് ശേഷം ബാങ്കില്‍ മതിയായ തുക ഇല്ലാതെ ഇയാള്‍ ചെക്ക് നല്‍കുകയായിരുന്നു. വ്യവസായിയെ സാമ്പത്തിക തട്ടിപ്പിനാണ് അറസ്റ്റ് ചെയ്തത്.
എമിറേറ്റസ് ഓക്ഷന്‍ നടത്തിയ ലേലത്തില്‍ അബുദാബി 1 എന്ന നമ്പര്‍ കോടികള്‍ക്ക് ലേലത്തില്‍ പോയത് ഒരാഴ്ച്ച മുന്‍പാണ്. ഒരു സ്വദേശി വ്യവസായിയാണ് മുപ്പത്തിയൊന്ന് ദശലക്ഷം ദിര്‍ഹത്തിന് നമ്പര്‍ വാങ്ങിയത്. ഈ നമ്പര്‍ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായി ഭരണാധികാരിയും ആയ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന് സമ്മാനമായി നല്‍കും എന്നും ഈ വ്യവസായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ നമ്പര്‍ ലേലത്തില്‍ പിടിച്ച വ്യവസായിയുടെ പക്കല്‍ അതിനുള്ള പണം ഇല്ലായിരുന്നു എന്നതാണ് വസ്തുത.
എമിറേറ്റ്‌സ് ഓക്ഷന് മുപ്പത്തിയൊന്ന് മില്യണ്‍ ദിര്‍ഹത്തിന്റെ ചെക്ക് നല്‍കിയത് ബാങ്കില്‍ ആവശ്യത്തിന് പണമില്ലാതെയാണ്.തുടര്‍ന്ന് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലില്‍ നമ്പര്‍ വാങ്ങാന്‍ ആവശ്യമായ പണം തന്റെ കയ്യില്‍ ഇല്ലായിരുന്നു എന്ന് ഇയാള്‍ സമ്മതിച്ചു. നമ്പര്‍ ലേലത്തില്‍ പിടിച്ച ശേഷം ഉയര്‍ന്ന വിലക്ക് മറ്റാര്‍ക്കെങ്കിലും വില്‍ക്കാനായിരുന്നു പദ്ധതി എന്നും യുവവ്യവസായി വ്യക്തമാക്കി. എന്നാല്‍ എമിറേറ്റസ് ഓക്ഷന്റെ നിബന്ധന പ്രകാരം മുഴുവന്‍ തുകയും അടക്കാതെ നമ്പര്‍ മറ്റാര്‍ക്കും കൈമാറാന്‍ കഴിയില്ല. എമിറേറ്റ്‌സ് ഓക്ഷനെ വഞ്ചിച്ച കുറ്റത്തിനാണ് യുവാവിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. അബുദാബി പബ്ലിക് പ്രേസിക്യൂഷന്‍ ഇയാളെ ഏഴുദിവസത്തെക്ക് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ് ഇപ്പോള്‍.
Post Your Comments